Thursday, November 8, 2012

സ്ടുടെന്റ്റ്‌ ഓഫ് ദി ഇയര്‍ !!!

 ഇത് കരന്‍ ജോഹറിന്റെ SOTY  അല്ല. വിശ്വപ്രസിദ്ധമായ GEC യിലെ പേരു കേട്ട 2006 ബാച്ചിലെ  SOTY competition- നെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കാന്‍ പോകുന്നത്. കരന്‍  ജോഹറിന്റെ ക്യാമ്പുസുകളെ വെല്ലുന്ന ക്യാമ്പസ്‌ ആണ് GEC യുടേത് . എപ്പോഴും സന്തോഷം . കളി.. ചിരി.. ആട്ടം.. പാട്ട്.. അങ്ങനെ ആഹ്ലാദത്തിന്റെ അലയടികള്‍ ആണ് GEC യുടെ ഏതു മുക്കിലും മൂലയിലും.  അങ്ങനെയുള്ള ക്യാമ്പസില്‍ ഒരു SOTY competition കൂടി നടത്തിയാല്‍ എന്താകും അവസ്ഥ എന്ന് ഊഹിക്കാമല്ലോ. ഏതായാലും 2006 ബാച്ചിലെ നാടകീയമായ SOTY competition ലൂടെയും  അതിന്റെ  പിന്നാമ്പുറ കഥകളിലൂടെയും നമുക്കൊരു യാത്ര പോവാം. (മെക്കികളെ കുറിച്ച് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ.. ബാക്കിയുള്ളവരോട്‌ സാദരം ക്ഷമ ചോദിക്കുന്നു!!)

ഫൈനല്‍ ഇയര്‍ തുടങ്ങുന്ന സമയത്താണ് SOTY നു വേണ്ടിയുള്ള വിളംബരം കോളേജ് അധികൃതര്‍  പുറപ്പെടുവിക്കുന്നത്. 20 നും 25 നും മദ്ധ്യേ പ്രായം ഉള്ളവര്‍ 3 കളര്‍ ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റയോട് കൂടി അപേക്ഷിക്കാന്‍ ആയിരുന്നു അറിയിപ്പ്. ഉയര്‍ന്ന പ്രായ പരിധി 25 ആക്കിയത് കൊണ്ട് sure  shots ആയിരുന്ന റോഹന്‍, മാക്സി മുതലായവരുടെ അപേക്ഷകള്‍ തള്ളി പോവും എന്നുറപ്പായിരുന്നു. പ്രായ പരിധി ഉയര്‍ത്തണം എന്നും കോളേജിന്റെ അന്യായമായ നടപടിക്കെതിരെ പോരാടണമെന്നും പ്രഖ്യാപിച്ചു കൊണ്ട് റോഹനും മാക്സിയും പിന്നെ മറ്റു ചില മുതിര്‍ന്ന candidates ഉം സമരം ആരംഭിച്ചു.പക്ഷെ സമരം ആരും മുഖവിലയ്ക്കെടുത്തു പോലുമില്ല.ഒരു തികഞ്ഞ SOTY പ്രതീക്ഷയായിരുന്ന "ഓളന്‍""'' ഏതായാലും കഷ്ടിച്ച് രക്ഷപെട്ടു. കാരണം വിളംബരം പുറപ്പെടുവിക്കുന്ന സമയത്ത് അദ്ദേഹത്തിന് വെറും 24 വയസ്സും 11 മാസവുമേ പ്രായം ആയിട്ടുണ്ടായിരുന്നുള്ളൂ.പ്രായ പരിധിക്കു പുറമേ മറ്റു ചില നിബന്ധനകള്‍ കൂടി ഉണ്ടായിരുന്നു. അപേക്ഷകര്‍ക്ക്‌ മിനിമം 5 അടി പൊക്കം, 25 കിലോ തൂക്കം എന്നിങ്ങനെ ചില അടിസ്ഥാന യോഗ്യതകള്‍.:;. 25 കിലോ എന്ന നിബന്ധന വെച്ചത് , വന്‍ പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു താരത്തെ പിടിച്ചുലച്ചു- "സുജിമോന്‍!!"!!!''. ഒരാഴ്ച നിരന്തരമായി പോഷകാഹാരങ്ങളും പാലും മുട്ടയും ഒക്കെ കഴിച്ചു നോക്കിയിട്ടും സുജിമോന് 24.5 കിലോയില്‍ കൂടാന്‍ സാധിച്ചില്ല. മത്സരത്തില്‍ നിന്നും പുറത്താകാതിരിക്കുന്നതിനായി ഒരു ദിവസം സുജിമോന്‍ രഹസ്യമായി പ്രിന്‍സിയെ സമീപിച്ചു: "സാറേ.. ഒരു അര കിലോ കുറയ്ക്കാമോ?? ഞാന്‍ 24.5 യുണ്ട് !!". പക്ഷെ ആദര്‍ശവാനായിരുന്ന പ്രിന്‍സി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തന്റെ പ്രൊഫഷണല്‍ എത്തിക്സിനു നിരക്കാത്തതൊന്നും തന്നെ ചെയ്യാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. അങ്ങനെ മറ്റൊരു sure shot കൂടി പുറത്ത് . മത്സരത്തില്‍ നിന്ന്  പുറത്തായതില്‍ വിഷമം തോന്നിയെങ്കിലും താനൊരു "crowd puller " ആണെന്ന്  വ്യക്തമായി അറിയാമായിരുന്ന സുജിമോന്‍ തന്റെ സ്ഥിരം "one -liner " ഇറക്കി ക്യാമ്പസിലൂടെ വിലസി നടന്നു: " Girls.. They are just crazy about me ...."

 ഒരു വശത്ത് കൂടി sure shots ഇങ്ങനെ കൊഴിയുമ്പോഴും മറു വശത്ത് അപേക്ഷകള്‍ കുമിഞ്ഞു കൂടുകയായിരുന്നു. പ്രധാനമായും മൂന്നു മേഖലകളിലെ പ്രകടനം കണക്കിലെടുത്താണ് SOTY  നെ തിരഞ്ഞെടുക്കുന്നത്. Academics , Arts , Sports. ഈ മൂന്നു മേഖലകളിലും പ്രാവീണ്യം തെളിയിക്കുന്നവനായിരിക്കും വിജയി. "Glamour " മാത്രം ആയിരുന്നു criterion എങ്കിലേ താന്‍ മത്സരത്തിനുള്ളൂ  എന്ന് പ്രഖ്യാപിച്ചു കൊണ്ട് മൃദു പിന്മാറി. അങ്ങനെ "Competition of Life" ആരംഭിച്ചു. നേരത്തെ സൂചിപ്പിച്ച പോലെ GEC യില്‍ എപ്പോഴും  ഉത്സവാന്തരീക്ഷം ആയതു കാരണം വിദ്യാര്‍ത്ഥികള്‍ക്ക്  കഴിവ് തെളിയിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. തീക്ഷ്ണമായ മത്സരത്തിന്റെ കാഠിന്യം സഹിക്ക വയ്യാതെ ഒട്ടേറെ പേര്‍ പാതി വഴിക്ക് മടങ്ങി. അങ്ങനെ ഒരു വര്‍ഷം അഥവാ 2 സെമെസ്റ്റെര്‍ നീണ്ടു നിന്ന വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ അവശേഷിച്ചത് അഞ്ചേ അഞ്ചു പേരാണ്. 1) കോളേജ് കുമാരികളുടെ heartthrob  നിക്കി. 2) ഏവരുടെയും സുഹൃത്തും പെണ്‍കുട്ടികളുടെ സഹോദരനുമായ മാമു. 3) എന്തും ചെയ്യാന്‍ ചങ്കൂറ്റമുള്ള അപ്പക്കാള  അഥവാ അപ്പു. 4) ഒരുപാട് പരാതികള്‍ പറയുമെങ്കിലും സ്നേഹസമ്പന്നനായ ഓളന്‍., 5) സര്‍വ്വജനസമ്മതനായ യതി.

വര്‍ഷാവസാനം നടക്കുന്ന കോളേജ് ഡേയുടെ  അന്നാണ് SOTY നെ പ്രഖ്യാപിക്കുന്നത്. അതിനിനി ഏതാനും നാളുകള്‍ മാത്രം ബാക്കി. ഇനിയങ്ങോട്ട് അഗ്നിപരീക്ഷയാണ്, അഥവാ "Elimination Round." അവശേഷിക്കുന്ന അഞ്ചു മത്സരാര്തികളും കൈ മെയ്  മറന്നു പ്രയത്നിക്കണം, മാത്രവുമല്ല വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ ചെയ്തു കഴിവ് തെളിയിക്കുകയും വേണം. ബാസ്കെറ്റ്ബോള്‍ വിദഗ്ദ്ധനായിരുന്ന നിക്കി കളിച്ചു കളിച്ചു കോര്‍ട്ട് അടക്കം തകര്‍ത്തു തരിപ്പണമാക്കി. മാമുവാകട്ടെ മൈക്കേല്‍ ജാക്ക്സനെ വെല്ലുന്ന തന്റെ dance moves  മുഴുവന്‍ ഷൂട്ട്‌ ചെയ്തു മൂന്നു DVD കളിലാക്കി വിതരണം ചെയ്തു കയ്യടി നേടി. അപ്പു ബൈക്ക് Scramble ചെയ്തും Table Tennis ഒറ്റയ്ക്ക് കളിച്ചും ഏവരെയും അത്ഭുതപ്പെടുത്തി. യതിയും variety യുടെ പാതയില്‍ തന്നെയാണ് സഞ്ചരിച്ചത്. തോട്ടി കൊണ്ട് മാങ്ങ പറിച്ചു നല്ല ശീലമുള്ള യതി, ആ കല അല്പം പരിഷ്ക്കരിച്ച്  ജാവലിന്‍ ത്രോ ആക്കി മാറ്റി. എറിഞ്ഞെറിഞ്ഞു യതി university റെക്കോര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ വ്യത്യസ്തമായി ഒന്നും തന്നെ ചെയ്യാനില്ലാതിരുന്ന ഓളനാണ്  പെട്ടു പോയത്. Academics ലും Arts ലും Sports ലും ഒന്നും അല്ല കാര്യമെന്നും ഓളം വെക്കല്‍, തോട്ടിയിടല്‍ മുതലായവയില്‍ ആണ് യഥാര്‍ത്ഥ കഴിവ് തെളിയിക്കേണ്ടതെന്നും ഓളന്‍ പരാതി പറഞ്ഞു. Competition Rules നെതിരെ പരാതി പറഞ്ഞതിന് ഓളന്‍ "Disqualified " ആവുകയും ചെയ്തു. അങ്ങനെ ഒരാള്‍ Eliminated ആയി.

എന്താകും അടുത്തതായി സംഭവിക്കുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് GEC യിലെ അധ്യാപക-വിദ്യാര്‍ഥി സമൂഹം. നാല് പേരും അതി തീവ്രമായ planning ല്‍ ആണ്. ഒരുപാട് കണക്കു കൂട്ടലുകള്‍.  പ്രാക്ടീസ്. വര്‍ക്ക്‌ഔട്ട്‌ . ആരാകും അടുത്ത ചുവടു വെയ്ക്കുക?

പൊടുന്നനെ ഒരു ദിവസം, എന്നത്തേയും പോലെ ആഹ്ലാദവും ആഘോഷവും അലതല്ലി നിന്ന ആ GEC ക്യാമ്പസ്സിലേക്കു  ഒരു മിന്നല്‍പ്പിണരായി അപ്പു അഥവാ അപ്പക്കാള കടന്നു വന്നു. ഏവരും നോക്കി നില്‍ക്കെ അദ്ദേഹം അതിവേഗം അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും വട്ടം കറങ്ങുകയുമൊക്കെ ചെയ്തു. ആര്‍ക്കും ഒന്നും മനസ്സിലായില്ല.അല്‍പനേരം ആ കലാപരിപാടി തുടര്‍ന്നു. ചുറ്റും കൂടി നില്‍ക്കുന്നവരില്‍ നിന്നും യാതൊരു തരത്തിലുള്ള പ്രതികരണവും ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കിയ അപ്പു തന്റെ പ്രകടനം നിര്‍ത്തിയിട്ടു എല്ലാവരോടുമായി ചോദിച്ചു, "എങ്ങനെയുണ്ട് എന്റെ Moonwalk ??"
ഒരു നിമിഷ നേരത്തേക്ക് ആകെയൊരു ശ്മശാന മൂകത. അതിനു ശേഷം കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള കൂവല്‍....; ''ഐതിഹാസിക പരാജയം" അഥവാ #epic fail #. ആ ഒരു പേക്കൂത്ത് കൊണ്ട് Popularity നഷ്ടമായ അപ്പുവും അങ്ങനെ competitionല്‍  നിന്നും പുറത്തായി.

ഒന്നിനൊന്നു മിടുക്കരായ മൂന്നു പേരാണ് ഇനി അവശേഷിക്കുന്നത്. പഠിച്ചും,ബിറ്റ് വെച്ചും,കോപ്പിയടിച്ചും മാര്‍ക്ക്‌ നേടിയവര്‍..; Extra Curricular  Activitiesല്‍ അഗ്രഗണ്യര്‍; ഇവരില്‍ ആരാണ് കേമന്‍?? നേര്‍ക്കുനേര്‍ പോരാടിയാല്‍ ഗപ്പ് നിക്കി കൊണ്ട് പോയേക്കും എന്നൊരു ഭയം മാമുവില്‍ ഉടലെടുത്തു.അല്പം വളഞ്ഞ വഴി തന്നെ പ്രയോഗിക്കാന്‍ അതിനാല്‍ അദ്ദേഹം തീരുമാനിച്ചു. മാമു യതിയെ സമീപിച്ചു. കാര്യം അവതരിപ്പിച്ചു. എന്നാല്‍ തന്റെ കഴിവില്‍ തനിക്കു പൂര്‍ണ വിശ്വാസം ഉണ്ടെന്നും വളഞ്ഞ വഴിക്ക് കൂട്ട് നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നും പറയാന്‍ യതിയുടെ നാവു തരിച്ചെങ്കിലും, നിക്കിയെ പുറത്താക്കാന്‍ എന്തിനും അവനും തയ്യാറായിരുന്നു. രണ്ടു പേരും തല പുകഞ്ഞാലോചിച്ചു ചില ഗൂഡ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്തു.

അടുത്ത ദിവസം ക്യാമ്പസില്‍ ഒരു ഓപ്പണ്‍ ഫോറം മാതൃകയിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി മാമുവും യതിയും നിക്കിയെ ക്ഷണിച്ചു. നിക്കി ആ ക്ഷണം സസന്തോഷം സ്വീകരിക്കുകയും ചെയ്തു. യതി ആണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. തന്റെ സ്വദേശം കുമരകം ആണെന്നും അത് വളരെ പ്രസശ്തമായ ഒരു tourist centre ആണെന്നും യതി പറഞ്ഞു. അനന്തരം മൈക്ക് മാമുവിനു കൈമാറി. താന്‍ ഒരു തൃപ്പൂണിത്തുറക്കാരന്‍ ആണെന്നും പ്രസിദ്ധമായ അത്തച്ചമയത്തിന്റെ നാടാണ് തന്റെതെന്നും മാത്രം പറഞ്ഞു കൊണ്ട്  മാമു നിക്കിക്ക് അവസരം നല്‍കി.മറ്റൊന്നും ആലോചിക്കാതെ നിക്കി പ്രഭാഷണം ആരംഭിച്ചു."ഞാന്‍ അങ്കമാലിക്കരനാണ്.. എന്റെ വീടിന്റെ പിറകു വശത്താണ്  നെടുമ്പാശേരി എയര്‍പോര്‍ട്ട്... ഞങ്ങള്‍ കൊടുത്ത സ്ഥലം കൊണ്ടാണ് എയര്‍പോര്‍ട്ട് പണിതത്..." പൊളിയുടെ മാലപ്പടക്കത്തിനു അവിടെ തിരി കൊളുത്തപ്പെട്ടു . അത് തന്നെയായിരുന്നു മാമുവിനും യതിക്കും വേണ്ടിയിരുന്നത്. അങ്കമാലിയെ കുറിച്ച് പറഞ്ഞാല്‍ നിക്കിക്ക് സ്ഥലകാലബോധം നഷ്ട്ടപെടുമെന്നും അവന്‍ പൊളിയുടെ  ലോകത്തേക്ക് ആഴ്ന്നിറങ്ങി ചെല്ലുമെന്നും അവര്‍ക്ക് നന്നായി അറിയാമായിരുന്നു. ഇതൊന്നും മനസ്സിലാക്കാതെ നിക്കി പൊളി തുടര്‍ന്ന് കൊണ്ടിരുന്നു. ക്രമേണ സദസ്സില്‍ നിന്ന് കൂട്ടച്ചിരിയായി. സഹികെട്ട് കുറെ പേര്‍ എണീറ്റ്‌ പോയി. പക്ഷെ നിക്കി നിര്‍ത്തിയില്ല.ഒടുക്കം ഒരു മനുഷ്യായുസ്സിലെ മുഴുവന്‍ പൊളിയും അല്‍പ നിമിഷം കൊണ്ട് പൊളിച്ചു നാട്ടുകാരെ വെറുപ്പിച്ചു എന്ന കുറ്റത്തിന് നിക്കിയെ പുറത്താക്കാന്‍ വിധികര്‍ത്താക്കള്‍ നിര്‍ബന്ധിതരായി. ഒരേ സമയം നിഷ്കളങ്കതയുടെയും വഞ്ചനയുടെയും ഇരയായി മാറുകയായിരുന്നു നിക്കി അവിടെ. തങ്ങളുടെ കെണിയില്‍ നിക്കി വീണത്‌ കണ്ടു സന്തോഷിച്ചു മാമുവും യതിയും കൈ കൊടുത്തു പിരിഞ്ഞു.

അങ്ങനെ ഏവരും കാത്തിരുന്ന Final Day വന്നെത്തി. SOTY നെ പ്രഖ്യാപിക്കുന്ന ദിവസം. പതിവ് പ്രസംഗങ്ങള്‍,കലാപരിപാടികള്‍ എല്ലാം അരങ്ങേറി. ഒടുവില്‍ ആ മുഹൂര്‍ത്തം സമാഗമമായി.വിധികര്‍ത്താവ്‌ വേദിയില്‍ വന്നു. അദ്ദേഹം സദസ്സിനോടായി പറഞ്ഞു: " ഇത്രയ്ക്ക് വാശിയേറിയ ഒരു മത്സരം ഈ ക്യാമ്പസ്സിന്റെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടില്ല.രണ്ടു ഭാവി വാഗ്ദാനങ്ങള്‍., എല്ലാത്തിലും സമാസമം. ഇവരില്‍ ആരെ തിരഞ്ഞെടുക്കണം എന്ന് ഞങ്ങള്‍ക്ക് തീരുമാനിക്കാന്‍ സാധിച്ചില്ല!!" എന്നിട്ട് അദ്ദേഹം മാമുവിനോടും യതിയോടുമായി ചോദിച്ചു- "നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ??"
ആകാംക്ഷയും സന്തോഷവും സസ്പെന്‍സും എല്ലാം ചേര്‍ന്ന് വികാരാധീനനായി നില്‍ക്കുകയായിരുന്ന യതി പൊടുന്നനെ മാമുവിനെ നോക്കി പറഞ്ഞു: "മാമു, You deserve it.. നീ എടുത്തോ ഈ ട്രോഫി!!!"
മാമു ഗദ്ഗദകണ്ടനായി: "ഇല്ലെടാ യതി.. ഞാനിത് അര്‍ഹിക്കുന്നില്ല.. You are the man!!!"
"പറ്റില്ല മാമു.. സന്തോഷപൂര്‍വ്വം ഞാന്‍ ഈ ട്രോഫി നിനക്ക് നല്‍കുന്നു!!" യതി വീണ്ടും തന്റെ മഹത്വം തെളിയിച്ചു.
"പൂജാബിംബം മിഴി തുറന്നു... താനേ നട തുറന്നു.." എന്ന ഗാനം എവിടെ നിന്നോ ഒഴുകിയെത്തി. രണ്ടു പേരും കെട്ടിപ്പിടിക്കലായി.. പൊട്ടിക്കരച്ചിലായി. ഒടുവില്‍ കാര്യങ്ങള്‍ക്കു ഒരു തീരുമാനം ആവുന്നില്ലെന്നു കണ്ട് , സ്റ്റെയ്ജില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി വന്നു പറഞ്ഞു.
 "Listen  Guys.. എന്റെ മുത്തശ്ശി പഠിപ്പിച്ച ഒരു ടെക്നിക് ഉണ്ട്. രണ്ടു കളം വരയ്ക്കുക. ഓരോന്നിലും ഓരോ പേരെഴുതുക. എന്നിട്ട് കണ്ണടച്ച് നല്ലോണം പ്രാര്‍ഥിച്ചു ഒരു ഇല നിലത്തിടുക. ഇല ആരുടെ കളത്തില്‍ വീഴുന്നുവോ അയാള്‍ക്ക്‌ തീരുമാനിക്കാം വിജയി ആരാണെന്നു.. എന്താ, നമുക്ക് ആ ഐഡിയ ഒന്ന് use ചെയ്തു കൂടെ??"
ആ ഐഡിയ തത്ത്വത്തില്‍ അംഗീകരിക്കപ്പെട്ടു . അങ്ങനെ കളങ്ങള്‍ വരച്ചു. ഒന്നില്‍ യതിയുടെ പേര്. മറ്റതില്‍ മാമു.പെണ്‍കുട്ടി തന്നെ കണ്ണടച്ച് ഇലയിട്ടു. ഷാജി കൈലാസിന്റെ സിനിമയില്‍ കാണുന്ന പോലെ ഇല ഇങ്ങനെ സ്ലോ മോഷനില്‍ നിലത്തേക്ക് വീഴുകയാണ്.. എല്ലാവര്ക്കും ആകാംക്ഷ.. ആരെയാകും ഭാഗ്യം തുണയ്ക്കുക?? ഒടുവില്‍ സ്ലോ മോഷനിലൂടെ ഇല നിലത്തു വീഴാറായി. യതിയും മാമുവും കണ്ണടച്ചു.
"യതി!!!!!!". അതെ, യതിയുടെ കളത്തിലാണ് ഇല വീണത്‌....! .; യതിയും മാമുവും കെട്ടിപ്പിടിച്ചു.മാമുവിന്റെ കണ്ണുകളില്‍ നിന്ന് സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു വീണു. അവന്‍ സദസ്സിലെ എല്ലാരേയും നോക്കി കൈ വീശി. 2 സുന്ദരികളായ പെണ്‍കുട്ടികള്‍ ആ വിലമതിക്കാനാകാത്ത ട്രോഫിയുമായി വേദിയിലേക്ക് നടന്നു വന്നു. യതി അതെടുത്ത് മാമുവിനു നേരെ തിരിഞ്ഞു. മാമു ഇരു കൈകളും നീട്ടി. പക്ഷെ Twist. ട്രോഫി യതി കൊടുത്തില്ല.കൊടുത്തില്ല എന്ന് മാത്രമല്ല, യതി അതെടുത്തു വിജയശ്രീലാളിതനായി ഉയര്‍ത്തിക്കാണിച്ചു. എന്നിട്ട് മാമുവിനോടായി പറഞ്ഞു:
"സോറി അളിയാ.. ഇല വീണാല്‍ ട്രോഫി നിനക്ക് തരാമെന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ.. വേണെങ്കില്‍ ആദ്യമേ എടുത്തോളാന്‍ ഞാന്‍ പറഞ്ഞതല്ലേ.. അപ്പൊ നീ കേട്ടില്ല.. അനുഭവിച്ചോ. I am  the student of the year !! Yeehaaa !!!!"
എല്ലാം ഇളിഭ്യനായി കേട്ട് കൊണ്ട് നില്‍ക്കാനേ മാമുവിനു കഴിഞ്ഞുള്ളു.അപ്പോഴേക്കും യതിയെ വാരിപ്പുണരാന്‍ സുഹൃദ് വലയം സ്റ്റെയ്ജിലേക്ക് ഇടിച്ചു കയറി. എന്തോ പോയ അണ്ണാനെ പോലെ മാമു അവിടെ തന്നെ നിന്നു. SOTY ട്രോഫിയുമായി യതിയെ ചുമലിലേറ്റി ആരാധകര്‍ വേദിക്ക് താഴെയിറങ്ങി. മുദ്രാവാക്യങ്ങളും ആര്‍പ്പുവിളികളുമായി അവര്‍ തിമിര്‍ത്താടി.

സദസ്സിനു പുറത്തെ ആഘോഷങ്ങളും സദസ്സിനു പിന്നിലെ ചരടുവളികളും എല്ലാം കണ്ടും കേട്ടും ആസ്വദിച്ചും കൊണ്ട് ആ വേദിയുടെ അരികിലെവിടെയോ ആയി ഒരാള്‍ മാറി നില്‍പ്പുണ്ടായിരുന്നു. തന്റെ സുഹൃത്തുക്കള്‍ ജയിക്കുന്നതിനു വേണ്ടി മാത്രം SOTY competition ല്‍  പോലും പങ്കെടുക്കാതിരുന്ന ഒരാള്‍, സുഹൃത്തുക്കളുടെ സന്തോഷത്തിനു വേണ്ടി തനിക്കു കിട്ടുമായിരുന്ന എല്ലാ ബഹുമതികളെയും തെല്ലും ലാഭേച്ചയില്ലാതെ തട്ടി മാറ്റിയ ഒരു മഹദ് വ്യക്തി.. ക്ഷണികമായ ഈ ആഹ്ലാദപ്രകടനങ്ങള്‍ എല്ലാം സന്തോഷപൂര്‍വ്വം കണ്ടു കൊണ്ട് അയാള്‍ ആ വേദിയില്‍ നിന്നും ദൂരേക്ക്‌ നടന്നു നീങ്ങി.. ആരുടേയും ശ്രദ്ധയില്‍പ്പെടാതെ...

ആ ഒരാള്‍...,,,  REMO!!!! The Real Student Of The Year !!!!

                                             ശുഭം