Wednesday, November 27, 2013

ബാക്ക് റ്റു GEC!!!

റോയൽ മെക്ക് 2006 ബാച്ച്. ഒരൊന്നന്നര ബാച്ച് (സ്വയം പുകഴ്ത്തലിൽ തീരെ താല്പ്പര്യമില്ലാത്തവർ എന്നു  പ്രത്യേകിച്ച് പറയേണ്ടല്ലോ!!) കോഴ്സ് കഴിഞ്ഞ് ഏകദേശം എട്ടു വർഷത്തോളമായി. അടുത്ത സുഹൃത്തുക്കൾ തമ്മിൽ കാണാറുണ്ടെങ്കിലും ഒരു ബാച്ച് reunion നടന്നിട്ടില്ല എന്ന് തന്നെ പറയാം. ഒരു ഒത്തുചേരൽ ആവുന്നതിൽ തരക്കേടില്ല എന്നാദ്യം തോന്നിയത് "ഭായി" യുടെ മനസ്സിലാണ്. ഭായി- അനീസ്‌ ഭായി. താൻ B.Tech പാസ്സായത്‌ ഓസ്സിനല്ല എന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി കച്ച കെട്ടി M.Tech പഠിക്കാനിറങ്ങിയ മഹാൻ. പതിവ് പോലെ ക്ലാസ്സിൽ പഠിപ്പിക്കുന്നത്‌ എന്താണെന്നറിയാതെ പകൽക്കിനാവ് കണ്ടിരിക്കുന്ന വേളയിലാണ് ഇദ്ദേഹത്തിന് ഒരാശയം ഉദിച്ചത്. ലോകത്തിന്റെ പല കോണുകളിലായി ചിന്നിച്ചിതറി കിടക്കുന്ന മെക്കന്മാരെ ഒരു കുടക്കീഴിൽ കൊണ്ടു വരിക. അതിനായി ഏറ്റവും നൂതനമായ മാർഗ്ഗം തന്നെയാണ് അദ്ദേഹം അവലംബിച്ചത്‌.സ്മാർട്ട്ഫോണ്‍ ഉപയോഗിച്ച് എല്ലാവരും ചാറ്റ് ചെയ്യുന്ന എന്തോ ഒരു ആപ്പുണ്ടല്ലോ.. എന്താണാ ആപ്പ്.. ആ എന്തോ ഒരാപ്പ്.. ഒരു എന്തൂട്ടാപ്പ്. ആ ആപ്പിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. എന്നിട്ട് സകലമാന മെക്കന്മാരെയും ക്ഷണിച്ചു. ഞൊടിയിടയിൽ സംഭവം ഹിറ്റ്‌. എല്ലാവരും join ചെയ്യുന്നു. സന്ദേശങ്ങൾ അയക്കുന്നു.. തമാശകൾ.. കളിയാക്കലുകൾ.. ചിരി.. ബഹളം.. അങ്ങനെ ആകെ മൊത്തം ഒരു festival മൂഡ്‌. ഗ്രൂപിന്റെ പരമാവധി ലിമിറ്റ് തികഞ്ഞതിനാൽ കുറെ ഹതഭാഗ്യർക്ക്‌ ഇതിൽ ചേരാൻ പോലും സാധിച്ചില്ല. ആരെങ്കിലും ഗ്രൂപ്പ് വിട്ടു പോകുന്നത് കാത്ത് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണവർ. ആദ്യമേ തന്നെ ചേരാൻ കഴിഞ്ഞവർ മുജ്ജന്മ സുകൃതം ചെയ്തവരാണ്. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും മെക്കന്മാർ ഉള്ളത് കൊണ്ട് ഈ ഗ്രൂപ്പ് 24 മണിക്കൂറും active ആണ്. ഇങ്ങനെയൊരു ആശയത്തിന് തിരി കൊളുത്തിയ ഭായിക്ക് എല്ലാവരും സ്തുതി പാടി. തുടർന്നുള്ള ചാറ്റിങ്ങിൽ ഒരു reunion നടത്തണമെന്ന ശക്തമായ നിർദ്ദേശം ഉയർന്നു വന്നു. വരുന്ന പുതുവർഷത്തിൽ കോളേജിൽ തന്നെ ഒത്തു ചേരാം എന്ന് തത്വത്തിൽ ധാരണയുമായി. ഗ്രൂപ്പിൽ ചേരാൻ കഴിയാത്ത ഹതഭാഗ്യരെയും വിവരം ധരിപ്പിച്ചു. അങ്ങനെ പുതുവർഷത്തിന്റെ അന്ന് റോയൽ മെക്ക് 06 ബാച്ച് വീണ്ടും ഒന്നിക്കുകയാണ്. ഏവരും ആകാംക്ഷയോടെ കാത്തിരുന്നു. 

ആപ്പ് ഗ്രൂപ്പിന് നേതൃത്വം നൽകിയതു പോലെ ഈ ഒത്തുചേരലിനും  മുന്പന്തിയിലുണ്ടായിരുന്നത് ഭായി ആണ്. അദ്ദേഹം ജനുവരി ഒന്നിന് ഭാര്യയോടു പോലും പറയാതെ അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. ഒരെട്ടു മണിയോടെ തന്നെ കോളേജിലെത്തി. മെക്കുകാരുടെ തറവാട്ടു സ്വത്തായ മെക്ക് ട്രീ ലക്ഷ്യമാക്കി നടന്നു.  അദ്ദേഹം ആസനസ്ഥനായി. നൊസ്റ്റ് അഥവാ നൊസ്റ്റാൽജിയ. കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ. അങ്ങനെ ഗതകാലസ്മരണകൾ  അയവിറക്കി ഇരിക്കുമ്പോഴാണ് പാലായുടെ അഭിമാനമായ മാക്സി എത്തുന്നത്. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കൻ എന്നൊക്കെ ശത്രുക്കൾ പണ്ട് അപവാദം പറഞ്ഞിരുന്നു ഇദ്ദേഹത്തെക്കുറിച്ച്. പക്ഷെ ഇന്നദ്ദേഹം സൗദിയിലെ business magnet ആണ് business magnet. ഫോണിൽ തിരക്കിട്ട് ആരോടോ അറബിയിൽ സംസാരിച്ചു കൊണ്ടാണ് അദ്ദേഹം വരുന്നത് തന്നെ. "അദാനി.. കുല്ലു തമാം.." എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം കോൾ അവസാനിപ്പിച്ചു. അനന്തരം ഭായിയെ ആലിംഗനം ചെയ്തു. "ആരും എത്തിയില്ലേ??" മാക്സി ചോദിച്ചു. "വരുമായിരിക്കും" ഭായിയുടെ മറുപടി. അപ്പോഴാണ്‌ "പുഷ്പക്" ൽ ക്യാമറാമാൻ രാജുമോൻ എത്തുന്നത്‌. കൂടെ "72" "FS" ഉം ഉണ്ട്. Reunion ന്റെ Photo/ video പകർത്താനുള്ള ഏക അവകാശം തനിക്കു മാത്രമായിരിക്കും എന്ന ഉറപ്പിന്മേലാണ് രാജുമോൻ എത്തിയിരിക്കുന്നത്. മാത്രമല്ല, ചുളുവിനു ആരുടെയെങ്കിലും "കുളിസീൻ" കിട്ടുകയാണെങ്കിൽ അത് ഷൂട്ട്‌ ചെയ്ത് youtube-ൽ ഇടാനും അദ്ദേഹത്തിനു ഒരു പദ്ധതിയുണ്ടായിരുന്നു. വന്ന പാടേ തന്നെ Camera യും Tripod ഉം Hockey Ground-ൽ സെറ്റ് ചെയ്ത് visuals and angles ഡിസ്കസ്സ് ചെയ്യാനാരംഭിച്ചു രാജുമോനും FS ഉം.

ആ വേളയിലാണ് ഒരു മൂളിപ്പാട്ടും പാടി കൈയ്യിൽ ഒരു ഫോണുമായി വേണു അളിയൻ രംഗപ്രവേശം ചെയ്തത്. പണ്ടത്തെപ്പോലെ ഇപ്പോഴും ആർക്കോ SMS അയച്ചു കൊണ്ടാണ് അദ്ദേഹം വരുന്നത്. എന്നാൽ മെക്ക് ട്രീ ശ്രദ്ധിക്കാതെ അദ്ദേഹം നേരെ നടന്നു കേറിയത് സിവിൽ dept.ലേക്കാണ്. ശീലിച്ചതല്ലേ പാലിക്കൂ!! താൻ ഇപ്പോൾ വിവാഹിതനാണെന്നും അതും ഇതേ സിവിലിലെ ഒരു പെണ്‍കുട്ടിയാണ് തന്റെ ഭാര്യയുമെന്ന തിരിച്ചറിവുണ്ടായ നിമിഷം അദ്ദേഹം ആ ബ്ലോക്ക്‌ വിട്ടിറങ്ങി. തന്റെ സ്വതസിദ്ധമായ "അളിയാ" വിളിയുമായി അദ്ദേഹം മെക്ക് ട്രീ ലക്ഷ്യമാക്കി നടന്നു. അപ്പോഴാണ്‌ ത്രിമൂർത്തികളായ റോഹനും സുജിത്തും യതിയും വരുന്നത്. കോളേജിൽ പഠിച്ചിരുന്ന കാലത്ത് താത്ത്വികമായ അവലോകനം നടത്തുന്ന പാർടിയുടെ ശക്തരായ സാരഥികളായിരുന്നു റോഹനും സുജിത്തും. ഇപ്പോഴും അവർ പതിവ് തെറ്റിച്ചിട്ടില്ല. രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടാണ് വരവ്. എന്നാൽ നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയാലേ ഇന്ത്യ വികസിക്കൂ എന്ന് സുജിത്തും, അത് വെറും വിഡ്ഢിത്തമാണെന്നും, മാണി സാറ് പ്രധാനമന്ത്രി ആയാലേ പാലാ ഒന്നുകൂടി വികസിക്കൂ എന്ന് റോഹനും അവകാശപ്പെടുന്നുണ്ടായിരുന്നു. മാണി സാറിനെ support ചെയ്ത് മാക്സിയും രംഗത്ത് വന്നു. യതിയുടെ കാര്യമാണ് കഷ്ടം. അദ്ധേഹത്തിന്റെ വിവാഹമാണ് രണ്ടാഴ്ചക്കുള്ളിൽ. കല്യാണത്തിന് ആരെയും ക്ഷണിക്കേണ്ട എന്ന് കരുതിയിരുന്നതാണ്. അപ്പോഴാണ്‌ ഒടുക്കത്തെ ഒരു reunion. ഇനിയിപ്പോ ആരോടും പറയാതിരിക്കാനും കഴിയില്ല. എവിടെയാണ് ചെണ്ടപ്പുറത്ത് കോല് കേറുന്നത് എന്ന് നോക്കി നടക്കുന്ന അലവലാതികലാണ് എല്ലാം. എല്ലാം കൂടെ കല്യാണത്തിന് കെട്ടിയെടുത്താൽ .. എന്റെ ഭഗവാനേ.. മദ്യപ്പുഴ തന്നെ ഒഴുക്കേണ്ടി വരും. ഇത്തരം കലാപകലുഷിതമായ ചിന്തകൾ മനസ്സിലുണ്ടായിരുന്നെങ്കിലും അതൊന്നും ആരെയും അറിയിക്കാതെ പ്രസന്നവദനനായി യതി എല്ലാവരോടും ഇടപഴകി.

കടുത്ത ഫുട്ബോൾ ആരാധകരായ ഡെസ്പനും ജയരാജും തരിപ്പനുമാണ് പിന്നീട് എത്തിച്ചേർന്നത്. എല്ലാവരെയും ഒന്ന് കണ്ടു എന്ന് വരുത്തി മൂവരും അതിതീവ്രമായ ചർച്ചകളിലേക്ക് കടന്നു. റയൽ മാഡ്രിഡ് നൂറു മില്ല്യൻ ചിലവാക്കി ബെയിലിനെ വാങ്ങിയത് തെറ്റായിപ്പോയെന്നും   മെസ്യുട്ട് ഓസിലിനെ വിറ്റത്‌ ചരിത്രപരമായ മണ്ടത്തരമാണെന്നും ക്ലബ്‌ വക്താവ് ജയരാജിന് സമ്മതിക്കേണ്ടി വന്നു. റയലിന്റെ മണ്ടത്തരം തങ്ങൾക്കു അനുഗ്രഹമായി എന്ന് ആഴ്സനൽ വക്താവ് ഡെസ്പൻ അഭിപ്രായപ്പെട്ടു. "എല്ലാ തവണത്തെയും പോലെ ഇത്തവണയും Title ആഴ്സനൽ തന്നെ അടിക്കും" എന്നവകാശപ്പെട്ടു കൊണ്ട് സുജിമോനും ചർച്ചയിൽ പങ്കുചേർന്നു. "മാഞ്ചസ്റ്റർ യുണൈറ്റടിന്റെ കൊണാണ്ടർ തടിയൻ വന്നില്ലേ?" സുജിമോൻ ചോദിച്ചു. "Old Trafford അടിച്ചു വാരാൻ പോയതായിരിക്കും.." തടിയനോടും യുണൈറ്റടിനോടുമുള്ള   തന്റെ നീരസം ഡെസ്പൻ ഒട്ടും മറച്ചുവെച്ചില്ല. സ്ലാട്ടാൻ ഇബ്രാഹിമോവിച് ലോകകപ്പിന് ഇല്ലാത്തത് കനത്ത നഷ്ടമായിരിക്കും എന്നും ഡെസ്പൻ ചൂണ്ടിക്കാട്ടി. ജയരാജിനും സുജിമോനും അത് അംഗീകരിക്കാതെ നിവൃത്തിയില്ലായിരുന്നു. എന്നാൽ ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ മെസ്സിയിൽ ആണെന്നും അർജന്റീനയും ബാഴ്സയും ആണ് ലോകത്തെ മികച്ച ടീമുകളെന്നും തരിപ്പൻ അവകാശപ്പെട്ടു. "ഈ മെസ്സി ഏതു ബേക്കറിയിൽ കിട്ടും??" ഹാറൂക്കായുടെ വകയായിരുന്നു ആ ചോദ്യം. "ഐ എം വിജയൻ ഇപ്പോഴും ക്രിക്കറ്റ് കളിക്കാറുണ്ടോ.." മുതലായ തന്റെ സ്ഥിരം ചോദ്യങ്ങളുമായി ഹാറൂക്ക ഫുട്ബോൾ ആരാധകരെ ചൊറിയാനെത്തി. "എന്താ ഹാറൂക്കാ ഇത്ര വൈകിയത്??" ഭായി ചോദിച്ചു. "കോയമ്പത്തൂര് നിന്ന് അര മണിക്കൂറു മുൻപേ പുറപ്പെട്ടതാണ്.. കേരളത്തിലെ റോഡ്‌ മോശമായത് കൊണ്ട് 140 ലെ വണ്ടി ഓടിക്കാൻ പറ്റിയുള്ളൂ. ഇല്ലെങ്കിൽ നേരത്തെ എത്തിയേനെ!!" ഹാറൂക്കാ മറുപടി പറഞ്ഞു. കേരളത്തിലെ റോടുകളോട് അപ്പോഴാണ്‌ എല്ലാവർക്കും ഒരു ബഹുമാനമൊക്കെ തോന്നിയത്.

അടുത്ത ഊഴം പ്രസുവിന്റെയും Psycho യുടെയും ആയിരുന്നു. പ്രസു ആഫ്രിക്കൻ വനാന്തരങ്ങളിലെ ഭ്രമിപ്പിക്കുന്ന കാഴ്ചകളെക്കുറിച്ച് വാതോരാതെ വർണ്ണിച്ചുകൊണ്ടിരുന്നു. Psycho യ്ക്ക് നല്ല മാറ്റം സംഭവിച്ചിരിക്കുന്നു. പണ്ട് Animal Planet കണ്ട് അട്ടഹസിച്ചിരുന്ന അദ്ദേഹം ഇപ്പോൾ മനുഷ്യരെ കാണുമ്പോൾ പോലും ചിരിക്കുന്നില്ല. Psycho യെ ചിരിപ്പിക്കാൻ പ്രസു ആഫ്രിക്കൻ മൃഗങ്ങളുടെ കഥകൾ അനേകം പറഞ്ഞുവെങ്കിലും യാതൊരു രക്ഷയുമില്ല. അപ്പോഴാണ്‌ എവിടെ നിന്നോ തവളയുടെ കരച്ചിൽ പോലെ വൃത്തികെട്ട ഒരു ശബ്ദം ഉയർന്നു വന്നത്. നോക്കുമ്പോൾ നമ്മുടെ മാമുവാണ്. അദ്ദേഹം എല്ലാവരെയും "ബ്രോ.. ബ്രോ.." എന്ന് അഭിസംബോധന ചെയ്യുന്നതാണ്‌ സംഭവം. (ബ്രോ.. ബ്രോ.. ബ്രോയിലറിന്റെ ബ്രോ). "എല്ലാ ബ്ലടി മല്ലൂസും എത്തിയിട്ടുണ്ടല്ലോ.." മാമു പറഞ്ഞു. മാമുവിന്റെ ഈ അൽപ്പത്തരവും  തവളക്കരചിലും കൂടെ ആയപ്പോൾ Psycho യുടെ നിയന്ത്രണം നഷ്ടപ്പെട്ടു. അദ്ദേഹം അട്ടഹസിക്കാൻ തുടങ്ങി. Psycho യുടെ ചിരി കണ്ടു ബാക്കിയുള്ളവരും ചിരിക്കാൻ തുടങ്ങി. അപ്രതീക്ഷിതമായി എല്ലാവരും തന്നെ നോക്കി കളിയാക്കി ചിരിക്കുന്നതിൽ മാമുവിനു ചെറിയൊരു ജാള്യത തോന്നി. മാമുവിന്റെ ആ ചളിപ്പു കണ്ട് മനസ്സലിഞ്ഞിട്ടാണോ എന്തോ, പ്രസു കഷ്ടപ്പെട്ടു Psycho യെ ആ സീനിൽ നിന്ന് മാറ്റി ദൂരെ കൊണ്ടു പോയി. ആ ചിരിയുടെ അലകൾ അടങ്ങുന്നതിനു മുൻപ് ഓളനും അൽ കൊച്ചുവും അജുവും ബിഷ്ണുവും എത്തി. ഇടയ്ക്ക് വെച്ച് വഴി തെറ്റിയെന്നും അത് കൊണ്ടാണ് വൈകിയതെന്നും ബിഷ്ണു അറിയിച്ചു. "ഉയ്യോ.. അതൊന്നും അല്ലെടാ. ഈ ബിഷ്ണു കാലത്ത് മുതലേ തന്നെ പെണ്ണുങ്ങളുമായി ചാറ്റിംഗ് തുടങ്ങിയതാ. അതാ ലേറ്റ് ആയെ. അല്ലെങ്കിലും പണ്ട് മുതലേ ഇവന്റെ സ്വഭാവം ഇത് തന്നെയാ. മാത്രവുമല്ല വരുന്ന വഴിക്ക് ഇവന്മാര് കുടിച്ച നാരങ്ങാവെള്ളത്തിന്റെ കാശും ഞാനാടാ കൊടുത്തെ.." ഓളൻ തന്റെ പരിഭവം മറച്ചുവെച്ചില്ല. "ഓളാ നിന്റെ പരാതിപ്പെട്ടി ഇത് വരെ അടക്കാറായില്ലേ?" യതിയുടെ കുറിക്കു കൊള്ളുന്ന കമന്റ്. തനിക്കു പറ്റിയ അമളി ഓളനു അപ്പോഴാണ്‌ മനസ്സിലായത്‌. ചമ്മൽ മാറ്റാൻ വേണ്ടി അദ്ദേഹം ഉടൻ തന്നെ തന്റെ sailing നെ കുറിച്ച് പറയാൻ തുടങ്ങി. Spain-ലെ കാലാവസ്ഥ തന്നെ വല്ലാതെ സ്വാധീനിച്ചെന്നും അടുത്ത sail നും Spain ലേക്ക് തന്നെ പോവുംമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. അത്രയും നേരം മാണി സാറിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്ന റോഹൻ "sailing" എന്ന് കേട്ടതും സടകുടഞ്ഞെഴുന്നേറ്റു ഓടി ഓളന്റെ അടുത്തെത്തി.തന്നെപ്പോലെ മറ്റൊരു കപ്പലു മുതലാളിയെ കണ്ട സന്തോഷം ഓളനും അടക്കാനായില്ല. "കോമോ എസ്താ അമീഗോ?" ഓളൻ ചോദിച്ചു. "എസ്തോയ് ബിയെൻ." റോഹന്റെ മറുപടി. "ഹോ!! എത്ര നാളായെടാ  ഒന്നു സ്പാനിഷ് സംസാരിച്ചിട്ട്. ഇപ്പോഴാ എനിക്കൊരു Homely Feeling ആയതു." റോഹന്റെ വക പൊളി. എന്നാൽ ഈ സ്പാനിഷ് അധീശത്വം അൽ കൊച്ചുവിന് അത്ര ഇഷ്ടപ്പെട്ടില്ല. ഇത്രയും ഗൾഫ് മലയാളികളുള്ളപ്പോ  സ്പാനിഷോ? "അൽ അന്നമിനാനഹ അൽ ഒട്ടഹ!!" കൊച്ചുവിന്റെ രക്തം തിളച്ചു. "കിമോത്തി അൽബാനി.. ഒന്നിനെയും വെറുതേ വെച്ചേക്കരുത്." ബിഷ്ണുവും അജുവും കൊച്ചുവിന്റെ പക്ഷം ചേർന്നു. എന്നാൽ വെള്ളരിപ്രാവിന്റെ ചങ്ങാതിയായ മാക്സി ഇടപെട്ട് രംഗം ശാന്തമാക്കി. "സഞ്ച്ദ അൽബാ.. വെറുതെ അലംബാക്കണ്ട. അച്യുത് മാമാ സബതി ബലെഷു.. എല്ലാം ഞാൻ പറഞ്ഞു ശരിയാക്കികൊള്ലാം." അങ്ങനെ മാക്സിയുടെ   സന്ദർഭോചിതമായ ഇടപെടൽ മൂലം ഒരു സ്പാനിഷ്‌-അറബ് യുദ്ധം ഒഴിവാക്കപ്പെട്ടു.

ഈ കോലാഹലങ്ങൾക്കിടയിലും ധാരാളം ആളുകൾ എത്തിച്ചേർന്നു. നേരത്തെ വന്നവർ പിന്നീട് വരുന്നവരെ സ്വീകരിച്ചു കൊണ്ടിരുന്നു. പരിചയം പുതുക്കലുകൾ.. സൊറ പറച്ചിൽ.. ജോലിയെയും ബിസിനസ്സിനെയും കുറിച്ചുള്ള പൊളികൾ.. അങ്ങനെയങ്ങനെ. ആ വേളയിലാണ് വളരെ പോപ്പുലർ ആയിരുന്ന (ഇപ്പോഴും പോപ്പുലാരിറ്റി തെല്ലും ഇടിഞ്ഞിട്ടില്ല) രണ്ടു വ്യക്തികൾ വന്നു ചേരുന്നത്. ശ്രീമാൻ റെമോയും  ശ്രീമതി നരുടുവും. റെമോ തടിയൊക്കെ വെച്ച് കൂടുതൽ സുന്ദരനായിരിക്കുന്നു. റെമോ തടി വെച്ചതിൽ യതിക്കു വല്ലാത്ത അസൂയ തോന്നി. റെമോയുടെ മുഖത്ത് സ്ഥായിയായുള്ള ആ രണ്ടു കാര്യങ്ങൾ ഇപ്പോഴുമുണ്ട്.. "കൂളിംഗ്‌ ഗ്ലാസ്സും പുച്ഛവും !!" പുച്ഛം അങ്ങ് പരകോടിയിൽ എത്തി നിൽക്കുകയാണ്. "Reunion ആണ് പോലും. എന്തോന്ന് Reunion. ഹും!!" ആരോടും സംസാരിക്കാൻ തന്നെ തോന്നുന്നില്ല. എന്നാലും ആരോടെങ്കിലും മിണ്ടിയും പറഞ്ഞും സമയം കളയണമല്ലോ എന്നോർത്തു ചുറ്റും കണ്ണോടിച്ചപ്പോഴാണ്  സഹ-കപ്പലന്മാർ ഓളനെയും റോഹനെയും കണ്ടത്. "കപ്പൽ" എന്ന് കേൾക്കുന്നത് തന്നെ പുച്ഛമായിരുന്നെങ്കിലും കുറച്ചു പൊങ്ങച്ചം പറയാനുള്ള അവസരം പാഴാക്കേണ്ട എന്ന് കരുതി റെമോയും അവരോടൊപ്പം ചേർന്നു. നരുടുവിന്റെ മാറ്റമാണ് മാറ്റം. പണ്ട് കോളേജിൽ അഴിഞ്ഞാടി നടന്നിരുന്ന നരുവല്ല ഇന്നത്തെ നരു. ഇന്നദ്ദേഹം Dr.നരുവാണ്. "നരുടൂ..." എന്ന് നീട്ടി വിളിച്ചു കൊണ്ട് യതി ഓടി വന്നു. " Hey Mister. I'm not your Narudu. I'm നഴേഷ് നഴെണ്‍!!" നരുവിന്റെ ദൃഡമായ മറുപടി. യതി ഇഞ്ചി കടിച്ച കുരങ്ങനെ പോലെയായി. (അതായത് വലിയ ഭാവമാറ്റം സംഭവിച്ചില്ല) തന്റെ കയ്യിലിരിക്കുന്ന എമണ്ടൻ പുസ്തകവും മുഖത്തെ സ്റ്റൈലൻ കണ്ണടയും "Adjust" ചെയ്തു കൊണ്ട് നരു എല്ലാവരെയും ഒന്നു നോക്കി. M.Tech നു പഠിക്കുന്ന ഭായിക്ക് Ph.D ക്കാരൻ നരുവിനോട് വല്ലാത്ത ആരാധന തോന്നി. "നഴേഷ്, ഏതു ബുക്കാണ്  കയ്യിലിരിക്കുന്നത്‌?" ഭായി വിനീതവിധേയനായി  ചോദിച്ചു. "Its Metallurgy man!" നരു മറുപടി നൽകി. "എന്തലർജി?" ഭായിക്ക് ഒരു പിടുത്തവും കിട്ടിയില്ല. നീയൊക്കെ എന്തിനാ M.Tech പഠിക്കുന്നെ എന്ന രീതിയിൽ നരു ഭായിയെ ഒന്നു നോക്കി. ഭായി ഇളിഭ്യനായി.

നരുവിന്റെ തകർപ്പൻ പ്രകടനത്താൽ അല്പം പകച്ചു പോയ മെക്കന്മാരുടെ ഇടയിലേക്ക് അതാ ഒരു കുതിരക്കുളമ്പടി. എല്ലാവരുടെയും ശ്രദ്ധ നരുവിൽ നിന്ന് മാറി കുതിരയിലെക്കായി. ഒരു വെളുത്ത കുതിര ചീറി പാഞ്ഞു വരുന്നു. അതിന്റെ പുറത്ത് വെളുത്ത വസ്ത്രം അണിഞ്ഞ് തലപ്പാവും വെച്ച് ഒരാൾ ഇരിപ്പുണ്ട്. തലപ്പാവിൽ നിന്ന് നൂല് കെട്ടി പൂക്കൾ കോർത്തിട്ടു മുഖം മറച്ചിരിക്കുന്നു. കുതിര വന്നു മെക്ക് ട്രീയുടെ അടുത്ത് സഡൻ ബ്രേയ്ക്കിട്ടു. "ഇതാരാണപ്പാ കുതിരപ്പുറത്തു വരാനായിട്ടു?" എല്ലാവർക്കും ആകാംക്ഷയായി. കുതിരപ്പുറത്തിരുന്നയാൽ  താഴെയിറങ്ങി. ഇരുകൈകളും കൊണ്ട് അദ്ദേഹം പൂക്കൾ ഇരുവശത്തേക്കും വകഞ്ഞു മാറ്റി. സജിത്ത് സീ പീ!! മറാട്ടി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനു ശേഷം ഇദ്ദേഹം ഇങ്ങനെയാണ്. എവിടെയും കുതിരപ്പുറത്തെ യാത്ര ചെയ്യൂ. ബെംഗളുരു മുതൽ തൃശ്ശൂർ വരെ കുതിരസവാരി ചെയ്ത അദ്ദേഹം അല്പം ക്ഷീണിതനായി കാണപ്പെട്ടു. എന്നിരുന്നാലും പഴയ സുഹൃത്തുക്കളെ കണ്ടപ്പോൾ ക്ഷീണമൊക്കെ പമ്പ കടന്നു. വീണ്ടും ആളുകൾ വന്നു ചേർന്നു കൊണ്ടിരുന്നു.

UK യിലുള്ള മെക്കന്മാർക്കു വേണ്ടി പ്രത്യേക വീഡിയോ കോണ്‍ഫറൻസ് തന്നെ അറേഞ്ച് ചെയ്തിരുന്നു. സാമും ബെബെയും നിക്കിയും Join ചെയ്തു. M.Tech ചെയ്യുന്ന ഭായിക്ക് സാം ചില ടെക്നിക്കൽ ഉപദേശങ്ങൾ നൽകി. ആ ഉപദേശങ്ങളെ നരു പാടെ പുച്ഛിചു തള്ളി. Reunionu തന്റെ പ്രൈവറ്റ് ജെറ്റിൽ വരാനിരുന്നതാനെന്നും എന്നാൽ അവസാന നിമിഷം പൈലറ്റിനു പനി പിടിച്ചതു കാരണം യാത്ര റദ്ധാക്കേണ്ടി  വന്നെന്നും നിക്കി അറിയിച്ചു. കല്യാണം കഴിഞ്ഞതിനു ശേഷം ചിലവുകൾ ഏറിയെന്നും അതിനാൽ ഉടൻ തന്നെ Royal Mech എന്തെങ്കിലും ഒരു Event പ്ലാൻ ചെയ്യണമെന്നും തന്നെ തന്നെ അതിന്റെ ഖജാൻജി ആക്കണമെന്നും ബെബെ അഭ്യർഥിച്ചു. പരസ്പരം സ്നേഹാദരങ്ങൾ കൈമാറി ആ വീഡിയോ കോണ്‍ഫറൻസ് അങ്ങനെ അവസാനിച്ചു. അപ്പോൾ ഭായിയുടെ മൊബൈലിൽ ഒരു സന്ദേശം ഒഴുകിയെത്തി. അമേരിക്കയിലുള്ള അപ്പക്കാളയുടെ വകയായിരുന്നു അത്. താനും വരാനിരുന്നതാനെന്നും എന്നാൽ അന്നേ ദിവസം ഒരു മാരത്തോണ്‍ ഓട്ടത്തിൽ പങ്കെടുക്കാനുള്ളത് കൊണ്ട് എത്താൻ കഴിയില്ലെന്നും അപ്പു അറിയിച്ചു. ആ സമയത്ത് ആരോ Facebook ഓപ്പണ്‍ ചെയ്തപ്പോഴാണ് അണ്ണന്റെ status  update കണ്ടത്. Reunionu വരാൻ രണ്ടു ദിവസം മുൻപേ ബെംഗളുരുവിൽ നിന്ന് പുറപ്പെട്ടതാണെന്നും  എന്നാൽ അതി ദാരുണമായ ട്രാഫിക് ബ്ലോക്ക്‌ മൂലം ഒരിഞ്ചു പോലും മുന്നോട്ടു നീങ്ങാനായിട്ടില്ലെന്നും അദ്ദേഹം update ചെയ്തു. "കുതിരപ്പുറത്തു വരാൻ തോന്നിയത് ഭാഗ്യം!!" സജിത്ത് ആത്മഗതം ചെയ്തു. ബംഗളുരുവിലെ ശോചനീയമായ ട്രാഫിക്കിനെ അപലപിച്ചു കൊണ്ട് മെക്ക് ശക്തമായ ഒരു പ്രമേയം പാസ്സാക്കി. അപ്പോഴേക്കും സമയം ഏതാണ്ട് ഉച്ചയായിരുന്നു.

MH-ൽ അന്ന് പ്രത്യേക Feast തന്നെ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. എല്ലാവരും ആഖോഷപൂർവ്വം A മെസ്സിലേക്ക്. വലിയ വട്ടപ്പാത്രത്തിൽ മെസ്സിലെ ചേട്ടന്മാർ വിളമ്പിത്തന്ന ഭക്ഷണവുമായി എല്ലാവരും കഴിക്കാനിരുന്നു. നൊസ്റ്റ്. എന്നാൽ തനി നാടൻ വിഭവങ്ങൾ കണ്ട മാമുവിനു ഒരു അതൃപ്തി. "കണ്ട്രി മല്ലൂസ്.. ഇപ്പോഴും ചോറു തന്നെ. ബ്രോ.. fish and chips, പാസ്താ, മാക്കറോണി അങ്ങനെ എന്തെങ്കിലും ഉണ്ടോ?" മാമു മെസ്സിലെ ചേട്ടനോട് ചോദിച്ചു. പാസ്തായിലും മാക്കറൊണിയിലും  ചില്ലറ ചില ഭേദഗതികൾ വരുത്തി ആ ചേട്ടൻ മാമുവിനു ഒരു മറുപടിയും നല്കി. " ഓക്കേ ചേട്ടാ.. ചോറും മോരും പിന്നെ ഉണ്ടെങ്കിൽ കുറച്ചു തോരനും. അത്രേം മതി. ഒന്നില്ലെങ്കിലും നമ്മളൊക്കെ മലയാളികളല്ലേ ചേട്ടാ!!" മാമു സന്തോഷത്തോടെ പറഞ്ഞു. ഭക്ഷണം എടുക്കാൻ പോവുന്ന വഴിക്ക് തന്റെ metallurgy പുസ്തകം മേശപ്പുറത്തു വെച്ചിട്ടാണ് നരു പോയത്. ആ ബുക്കിനോട് അടങ്ങാത്ത ഒരു അഭിനിവേശം തോന്നിയിരുന്ന ഭായി ആ അവസരം പാഴാക്കിയില്ല. അറിവു നേടാനുള്ള വെമ്പൽ കൊണ്ട് അദ്ദേഹം ആ പുസ്തകത്തിന്റെ താളുകൾ മറച്ചു നോക്കി. അപ്പോഴാണ്‌ ആ ഞെട്ടിക്കുന്ന സത്യം ഭായിക്ക് മനസ്സിലായത്‌. ആ പുസ്തകത്തിന്‌ metallurgy യുടെ പുറംചട്ട മാത്രമേ ഉള്ളൂ. അകത്തു നിറയെ ബംഗളുരുവിലെ തീയറ്ററുകളിൽ കളിക്കുന്ന സിനിമകളുടെ ലിസ്റ്റും മലയാള സിനിമയെ എങ്ങനെ പരിപോഷിപ്പിക്കം എന്നതിനെ കുറിച്ചുള്ള പ്രബന്ധങ്ങളുമായിരുന്നു. ആ വിവരം കാട്ടുതീ പോലെ പടർന്നു. തന്റെ കപട attitude പൊളിഞ്ഞതിൽ നരുവിനു ക്ഷീണം തോന്നിയെങ്കിലും ആ ക്ഷീണം മുഴുവൻ അദ്ദേഹം ഭക്ഷണം കഴിച്ചു മാറ്റിയെടുത്തു. ഊണ് കഴിഞ്ഞ് എല്ലാവരും MH ൽ അൽപനേരം വിശ്രമിക്കാനിരുന്നു. ചിലർക്ക് തങ്ങളുടെ പഴയ റൂം ഒന്ന് കൂടി കാണാനുള്ള ആഗ്രഹം ഉടലെടുത്തു. ഭായി തന്റെ സ്വന്തമായിരുന്ന C-21 കണ്ടു വിതുമ്പി. C-5 ൽ എത്തിയ അജുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. വേണുവും സജിത്തും C-17 ലക്ഷ്യമാക്കി നടന്നു. എന്നാൽ ആ മുറിയുടെ വാതിലിൽ "Permanently closed" എന്നെഴുതി വെച്ചിരിക്കുന്നു. അതിലെ വന്ന ഒരു പയ്യനോട് വേണു ചോദിച്ചു: "അനിയാ എന്താ ഈ മുറി അടച്ചിട്ടിരിക്കുന്നെ?" "ആ പണ്ടെങ്ങാണ്ടും രണ്ടു അലവലാതികൾ ഈ മുറീലിരുന്നു മൊബൈൽ ഉപയോഗിച്ചുപയോഗിച്ച് അതിനകത്ത് full radiation ആക്കി. ഈ മുറി വേറെ ആർക്കെങ്കിലും കൊടുത്താൽ അവര് തട്ടി പോവുമോ എന്ന് പേടിച്ചു വാർഡൻ ഇത് അടച്ചിട്ടു." ആ രണ്ടു അലവലാതികൾ ആണ് ആ പയ്യന്റെ മുന്നിൽ നില്ക്കുന്നത് എന്നു പറയാൻ രണ്ടു പേരുടെയും നാവു പൊങ്ങിയില്ല.

എല്ലാവരും റൂം സന്ദർശനം ഒക്കെ കഴിഞ്ഞു വന്നപ്പോൾ അൽപനേരം ക്രിക്കറ്റ്‌ കളിക്കാമെന്നായി. രണ്ടു ഗ്രൂപ്പായി തിരിഞ്ഞ്, ഒരു ഗ്രൂപ്പ് D-Top ലും മറ്റേ ഗ്രൂപ്പ് C-front ലും one pitch കളിച്ചു. വീണ്ടും നൊസ്റ്റ്. ആ സമയത്ത് നരു പിള്ളേർക്ക് Metallurgy ക്ലാസ്സ്‌ എടുക്കാൻ പോയി എന്ന് തോന്നുന്നു, കുറച്ചു ന്യൂ ജെനറേഷൻ തെറികൾ പിള്ളേര് പറയുന്നതു കേട്ടു. ഒരു അഞ്ചു മണിയോടെ എല്ലാവരും കളിയൊക്കെ അവസാനിപ്പിച്ചു. അപ്പോഴേക്കും പല ചേട്ടന്മാർക്കും ഭാര്യമാരുടെ കോൾ വന്നു തുടങ്ങിയിരുന്നു. എല്ലാവരും ഒരിക്കൽ കൂടി മെക്ക് ട്രീ ലക്ഷ്യമാക്കി നീങ്ങി. പിരിയാനുള്ള സമയമായി. എല്ലാവരും പരസ്പരം യാത്ര പറയൽ ആരംഭിച്ചു. "ഇനി എന്നാ ഇത് പോലെ വീണ്ടും?" ഭായി ചോദിച്ചു. "യതിയുടെ കല്യാണം ഉണ്ടല്ലോ. കുമരകം നല്ല സ്ഥലമാണ്. തലേ ദിവസം ഹൗസ് ബോട്ടിൽ കൂടാം. ഫുൾ ചെലവ് യതിയുടെ വക." എല്ലാം നിശ്ചയിച്ചുറപ്പിച്ച പോലെ റോഹൻ പറഞ്ഞു. ആ ആശയം എല്ലാവർക്കും ഇഷ്ടപ്പെട്ടു. യതിയുടെ ചങ്കിടിച്ചു. "കല്യാണം ഒരു ബുധനാഴ്ചയാണ്. Working Day. എല്ലാവർക്കും എത്താൻ പറ്റില്ലായിരിക്കും ലേ!" യതി ഒന്നെറിഞ്ഞു നോക്കി. "ഇല്ലെടാ.. എത്ര തിരക്കുണ്ടെങ്കിലും ഞങ്ങൾ വരും. അതും നീ ഇത്രേം നല്ല ഓഫർ വെക്കുമ്പോ എങ്ങനെയാ വരാതിരിക്കുന്നേ!!" ഓളൻ കാര്യങ്ങൾ ഒന്നൂടെ ഉറപ്പാക്കി. യതി കഷ്ടപ്പെട്ട് മുഖത്തൊരു ചിരി വരുത്തി. അങ്ങനെ ഓരോരുത്തരായി വിട വാങ്ങി തുടങ്ങി. ബാച്ചിലർ മെക്കന്മാർ എല്ലാരും ചേർന്ന് ബിനിയിൽ റൂം എടുത്തു വെള്ളമടിക്കാം എന്ന് ധാരണയായി. ആ സ്കീമിനെ കുറിച്ചറിഞ്ഞപ്പോൾ   2-3 മാരീഡ് ചേട്ടന്മാർക്ക് Temptation തോന്നിയെങ്കിലും തിരിച്ചു വീട്ടിൽ ചെല്ലുംബോഴുണ്ടാകുന്ന പുകിലോർത്ത് അത് വേണ്ടെന്നു വെച്ചു. അവസാനം ഒരു ഫൈനൽ നൊസ്റ്റിനു വേണ്ടി എല്ലാവരും ചേർന്ന് ആ പഴയ "പിസ്താ പിസ്താ കുമിലടി പിസ്താ" യും "ആരാണ്ടാ ആനപ്പുറത്തും" "ഒന്നാമേ ഒന്നാമേ" യും ഒക്കെ പാടി സന്തോഷത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞു.. യതിയുടെ കല്യാണത്തിന് വീണ്ടും ഒത്തു ചേരാം എന്ന പ്രതീക്ഷയോടെ...

                                                        ശുഭം