Monday, August 22, 2011

ലങ്കാദഹനം!!!

 വിവാഹത്തോടനുബന്ധിച്ചു ബാച്ചിലേഴ്സ് പാര്‍ട്ടി കൊടുക്കുക എന്നത് സര്‍വ സാധാരണം ആണല്ലോ. എന്നാല്‍ ഈയിടെ ഇറങ്ങിയ ചില ഹോളിവുഡ് - ബോളിവുഡ് പടങ്ങളില്‍ ബാച്ചിലേഴ്സ് പാര്‍ട്ടി എന്നുള്ളത് ബാച്ചിലേഴ്സ് ട്രിപ്പുകള്‍ക്ക് വഴി മാറി കൊടുക്കുന്ന പ്രവണതയാണ് നമ്മള്‍ കണ്ടു വരുന്നത്. വിവാഹത്തിന് മുന്‍പ് സുഹൃത്തുക്കളുമായി ഒരു യാത്ര.. യാത്ര എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര യാത്ര. അങ്ങനെ ഒരു യാത്രയ്ക്ക് നമുക്കും പോകണം എന്ന് സ്നേഹസമ്പന്നനായ ഒരു വ്യക്തി ഞങ്ങള്‍ രണ്ടു മൂന്നു സുഹൃത്തുക്കളോട് ആവശ്യപെട്ടപ്പോള്‍ അത് നിരാകരിക്കാന്‍ ഞങ്ങള്‍ക്കായില്ല.ആ വ്യക്തിയുടെ വിവാഹം ഉടനെ തന്നെ നടക്കും/നടന്നേക്കാം/നടന്നു, ഇതില്‍ ഏതു വേണമെങ്കിലും അനുമാനിക്കാം. കയ്യില്‍ നയാ പൈസ ഇല്ലെന്ന സത്യം അറിയിച്ചപ്പോള്‍ ഈ ട്രിപ്പ്‌ അവന്‍ സ്പോണ്സര്‍ ചെയ്യുന്നതാണെന്നും അത് കൊണ്ട് കാശിന്റെ കാര്യം ഓര്‍ത്തു വേവലാതിപ്പെടേണ്ട എന്നും നല്ലവനായ ആ വ്യക്തി ഞങ്ങളെ അറിയിച്ചു. അങ്ങനെ ട്രിപ്പ്‌ പോകാനുള്ളവരുടെ അന്തിമ പട്ടികയായി. ആര്‍മാദത്തിനായി ഒരു സ്ഥലവും കണ്ടു പിടിച്ചു.. ശ്രീലങ്ക!! ഇന്ത്യയിലെ ആര്‍മാദം ഒന്നും ഒരു ആര്‍മാദം അല്ല. അതിനു ശ്രീലങ്കയില്‍ തന്നെ പോണം. ശ്രീലങ്കയെങ്കില്‍ ശ്രീലങ്ക. പോയികളയാം!! ഒന്നില്ലെങ്കിലും വല്ല പുലികളുടെ തോക്കിന്റെ ഇരയാവുകയെങ്കിലും ചെയ്യാം. അങ്ങനെ ഔതയും കോരയും മത്തായിയും പിന്നെ അടിയനും കൂടി യാത്രയായി. ലങ്കാ ദഹനത്തിനായി...  

ചെന്നൈയില്‍ നിന്നായിരുന്നു ലങ്കയിലേക്കുള്ള പുഷ്പകവിമാനം. അതും അതിരാവിലെ. അതു കൊണ്ട് തലേന്ന് രാത്രി തന്നെ എയര്‍പോര്‍ട്ടില്‍ പോയി അട്ടിയിട്ടു. വൈകി ഓടലിനും ട്രിപ്പു മുടക്കലിനും പേര് കേട്ട ഒരു വിമാന കമ്പനിയെയാണ് ഞങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. പക്ഷെ പ്രതീക്ഷയ്ക്ക് വിപരീതമായി കൃത്യ സമയത്ത് തന്നെ പേടകം ടേക്ക് ഓഫ് ചെയ്തു. അല്‍പ സമയത്തിന് ശേഷം ഭക്ഷണം വന്നു. അതൊക്കെ കഴിച്ചു ഞങ്ങള്‍ എല്ലാവരും കാപ്പി/ചായ കുടിക്കാനായി കാത്തിരിക്കുകയാണ്. വിമാനത്തില്‍ അല്പം പ്രായമായ ഒരു സ്ത്രീയും ഒരു യുവതിയും പിന്നെ ഒരു യുവാവും ആണ് യാത്രികരുടെ സേവനത്തിനായി ഉണ്ടായിരുന്നത്. അതില്‍ പ്രായമായ സ്ത്രീ ചായയും യുവതി കാപ്പിയും ആണ് സെര്‍വ് ചെയ്തിരുന്നത്. ന്യായമായും ഞങ്ങള്‍ കാപ്പി തന്നെ കുടിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ കാപ്പിയുമായി യുവതി ഞങ്ങളുടെ നേരെ പതുക്കെ നടന്നെത്തി.  എനിക്കും ഔതക്കും മത്തായിക്കും കാപ്പി കിട്ടി. കോരയുടെ കപ്പിലേക്ക് പകരാന്‍ നോക്കിയപ്പോള്‍ കാപ്പി തീര്‍ന്നിരിക്കുന്നു. "I will get your coffee right now, sir!" എന്ന് പറഞ്ഞു യുവതി നടന്നു നീങ്ങി. കോര യുവതിയുടെ വരവും കാത്തു ഇരിക്കാന്‍ തുടങ്ങി. എന്നാല്‍ കാപ്പി കൊണ്ട് വന്നതാകട്ടെ യുവാവാണ്. കാത്തിരുപ്പിന്റെ വേദനയും യുവതിയുടെ അവഗണനയും നമ്മുടെ കോരയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. "എനിക്ക് വേണ്ടെടോ ഉവ്വേ തന്റെ കാപ്പി" എന്നാക്രോശിച്ചു കൊണ്ട് കോര ആ യുവാവിനെ മടക്കി അയച്ചു. കോരയുടെ ഈ ദയനീയാവസ്ഥയെ പരിഹസിച്ചു കൊണ്ട് ഞങ്ങള്‍ കിട്ടിയ കാപ്പി മോന്താന്‍ ആരംഭിച്ചു. പഞ്ചസാരയും പാല്‍പ്പൊടിയും കപ്പിലേക്ക് നമ്മള്‍ തന്നെ കൊട്ടി ഇടണമല്ലോ. പാല്‍പൊടിയുടെ പാക്കറ്റ് അടിയന്‍ പൊട്ടിക്കാന്‍ നോക്കിയിട്ട് നടക്കുന്നില്ല. ഒടുക്കത്തെ മല്ല്!! എന്റെ മസിലുപിടിത്തം കണ്ടു കോര അത് കടിച്ചു പൊട്ടിക്കാന്‍ ഉപദേശിച്ചു. "എടെ എടെ വിട്ടു പോടെ.. നമ്മള്‍ ഇതൊക്കെ കുറെ കണ്ടതാ.." ഞാന്‍ അവനെ പുച്ച്ചിച്ചു.  വീണ്ടും മല്‍പ്പിടുത്തം തുടര്‍ന്നു. ഒടുവില്‍ ആ പാക്കെറ്റ് നെടുകെ പിളര്‍ന്നു. പാല്‍പൊടി മുഴുവന്‍ മുമ്പിലത്തെ സീറ്റില്‍ ഇരുന്ന അമ്മച്ചിയുടെ തലയിലും ചായക്കപ്പിലും. തലയില്‍ വീണത്‌ അവര്‍ അറിഞ്ഞില്ല എന്ന് തോന്നുന്നു. എന്നാലും ചായക്കപ്പിലേക്ക് പാല്‍പൊടി എവിടെ നിന്ന് വന്നു എന്നായി അവര്‍ . അവര്‍ തിരിഞ്ഞു ഞങ്ങളെ നോക്കി. ഞങ്ങള്‍ ഒന്നും അറിയാത്ത പോലിരുന്നു. വിമാനത്തിലൊക്കെ ഇപ്പൊ ആവശ്യാനുസരണം പാല്‍പൊടി മുകളില്‍ നിന്ന് വിതറുകയാണോ  എന്നവര്‍ക്ക് തോന്നി കാണും. അവര്‍ ഒരു മാന്യയായ സ്ത്രീ ആയതു കൊണ്ട് അധികം പ്രശ്നത്തിനൊന്നും  നിന്നില്ല. പിന്നീടുള്ള യാത്രയില്‍ ഞാന്‍ വെറും ജീവച്ചവം ആയി അവന്മാരുടെ കളിയാക്കലുകള്‍  കേട്ടു കൊണ്ടിരുന്നു. 

ഒടുവില്‍ ഞങ്ങള്‍ കൊളംബോ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്തു. ട്രാവല്‍ എയ്ജെന്റിന്റെ വക ഹൃദ്യമായ സ്വീകരണം. യാത്രയ്ക്ക് നല്ല വണ്ടി. തമിഴും ഇംഗ്ലീഷും സംസാരിക്കുന്ന ഒരു ഗൈഡും. ആദ്യ പടിയായി ഞങ്ങള്‍ കാന്‍ഡി എന്ന സ്ഥലത്തേക്ക് യാത്രയായി. യാത്രാമധ്യേ സേവയ്ക്കുള്ള ഉപാധികള്‍ വാങ്ങി സ്റ്റോക്ക്‌ ചെയ്തു. അങ്ങനെ അടിച്ചടിച്ചും തമാശകള്‍ പറഞ്ഞും ഇടയ്ക്കു കുറെ സ്ഥലങ്ങളില്‍ ഫോട്ടോ സെഷന്‍ നടത്തിയും ഞങള്‍ കാന്‍ഡി വരെയെത്തി. അവിടെ ചെന്ന് ഹോട്ടലില്‍ ചെക്ക്‌ ഇന്‍ ചെയ്തു. അല്പം വിശ്രമത്തിന് ശേഷം സ്ഥലം കാണാനിറങ്ങി. ശ്രീലങ്കയുടെ  സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന സ്പെഷ്യല്‍ "കാന്‍ഡിയന്‍ ഡാന്‍സ്" ഉണ്ടെന്നും അത് മിസ്സ്‌ ആക്കരുതെന്നും ഗൈഡ് ഞങ്ങളോട് പറഞ്ഞു. കാന്‍ഡിയില്‍ വന്നിട്ട് കാന്‍ഡിയന്‍ ഡാന്‍സ് കണ്ടില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടെന്തു കാര്യം.ഒന്നും ആലോചിച്ചില്ല, ടിക്കറ്റ്‌ എടുത്തു കേറി.  അകത്തു കുറെ വെളുത്ത സായിപ്പന്മാരും പിന്നെ ഞങ്ങളെ പോലെ കുറച്ചു നാടന്‍ സായിപ്പന്മാരും. ഡാന്‍സ് തുടങ്ങി ഏറെ കഴിയുന്നതിനു മുന്‍പേ തന്നെ മനസ്സിലായി ഗൈഡ് നമുക്കിട്ടു പണി തന്നതാണെന്ന്. കുറെ ചേട്ടന്മാരും ചേച്ചിമാരും കൂടി എന്തൊക്കെയോ പാടി എന്തൊക്കെയോ ചുവടുകള്‍ വെക്കുന്നു. ( യഥാര്‍ത്ഥ സാംസ്കാരിക സ്നേഹികള്‍ ക്ഷമിക്കണം.. ഇത് ഞങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ല എന്നെ ഉദ്ദേശിച്ചുള്ളൂ !!). കാശ് കൊടുത്തതല്ലേ എന്ന് കരുതി ഒരു പത്തു പതിനഞ്ചു മിനിറ്റ് ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു. ക്ഷമ കെട്ടപ്പോള്‍ കോര പറഞ്ഞു പോകാം എന്ന്. നോക്കുമ്പോഴുണ്ട് മത്തായി അവിടിരുന്നു പൂക്കുറ്റി ഉറക്കം. ഞങ്ങള്‍ കുറച്ചു നേരം അവനെ നോക്കി ഇരുന്നു. സ്റ്റെയ്ജിലെ പാട്ടിന്റെ താളത്തിനൊപ്പം അദ്ദേഹത്തിന്റെ തലയും ഇരുന്നു ആടുന്നുണ്ട്. ഒടുവില്‍ കോര അവനെ വിളിച്ചു.. "വാടാ പോവാം.." ഞെട്ടി എണീറ്റ്‌ മത്തായി മറുപടി പറഞ്ഞു.. "ഏയ്‌ പോടാ അവിടുന്ന്.. തീര്‍ന്നിട്ട് പോവാം". "ഉറക്കം തീര്‍ന്നിട്ട് പോവാം എന്നാണോ അളിയാ.." ഔതയുടെ മറുചോദ്യം. അതിനു മത്തായിക്ക് മറുപടി ഉണ്ടായില്ല. അങ്ങനെ ഞങ്ങള്‍ നാല് പേരും അവിടുന്ന് ഇറങ്ങി. ആരെങ്കിലും ആദ്യം ഇറങ്ങാന്‍ കാത്തിരുന്നെന്നോണം ഞങ്ങള്‍ടെ പിറകെ വേറെ കുറച്ചു പേരും ഇറങ്ങി. വീണ്ടും കാന്‍ഡിയില്‍ കാഴ്ച കാണല്‍ തുടര്‍ന്നു. ഒടുക്കം തെങ്ങില്‍ നിന്ന് ചെത്തി എടുക്കപെട്ടു എന്ന് അവകാശപ്പെടുന്ന ഒരു പ്രത്യേക പാനീയവും മേടിച്ചു കൊണ്ട് ഞങ്ങള്‍ റൂമിലേക്ക്‌ പോയി. ആ രാത്രി അതുമായി കഴിഞ്ഞു കൂടി. 

Bed and Breakfast ആണ് ഞങ്ങളുടെ പാക്കേജ്. അതായത് ഉച്ചയ്ക്കും രാത്രിയും കയ്യീന്ന് കാശ് മുടക്കി കഴിക്കണം എന്നര്‍ത്ഥം. അതിനു കുറച്ചു പുളിക്കും. മലയാളികളുടെ അടുത്താ കളി.. Breakfast timing ഞങ്ങള്‍ ആദ്യമേ തന്നെ അന്വേഷിച്ചു വെച്ച്. ആറു മണി മുതല്‍ പത്തു മണി വരെ ആണ് സമയം. ഒരു ഒമ്പതെ മുക്കാല്‍ ആയപ്പോ ഞങ്ങള്‍ അങ്ങ് കേറി. ആന കരിമ്പിന്‍ തോട്ടത്തില്‍ കേറുന്ന പോലെ. നാല് പേര് ചേര്‍ന്ന് പതിനാലു പേരുടെ ഭക്ഷണം അകത്താക്കി. പാവം ഹോട്ടല്‍ ജീവനക്കാര്‍ . നോക്കി നിക്കുകയല്ലാതെ അവര്‍ക്ക് വേറെ നിവര്‍ത്തി ഇല്ലായിരുന്നു. ഒടുവില്‍ കാന്‍ഡിയിലെ ഹോടെലും മുടിപ്പിച്ചു യാത്രയും പറഞ്ഞു ഞങ്ങള്‍  നേരെ കൊളംബോയിലേക്ക്  വെച്ചു പിടിച്ചു. തലസ്ഥാന നഗരം. നല്ല സ്ഥലം. പഴമയും പുതുമയും ഒരു പോലെ സമന്വയിക്കപ്പെട്ടിരിക്കുന്നു. ചെക്ക്‌ ഇന്‍ ചെയ്യലും സ്ഥലം കാണലും ഒക്കെ കഴിഞ്ഞു വൈകുന്നേരം ആയപ്പോള്‍ എല്ലാവര്‍ക്കും പബ്ബില്‍ പോണം. നമ്മുടെ ഗൈഡ് അവിടുത്തെ മുന്തിയ ഒരു പബ്ബില്‍ തന്നെ കൊണ്ട് ചെന്നാക്കി. രാത്രി ഏതു കോലത്തില്‍ ആയാലും സ്വയം റൂമില്‍ എത്തിയെക്കണം എന്നും പറഞ്ഞു  അദ്ദേഹം സ്കൂട്ട് ആയി. അങ്ങനെ എന്‍ട്രി ഫീയും കൊടുത്തു അകത്തു കേറി. അവിടെ വമ്പന്‍ ഡാന്‍സും പാട്ടുമൊക്കെ നടക്കുന്നുണ്ട്. ഡാന്‍സൊക്കെ കളിക്കണമെങ്കില്‍ ഒരു പെരുപ്പൊക്കെ വേണ്ടേ. അത് കൊണ്ട് ആദ്യം തന്നെ രണ്ടെണ്ണം പിടിപ്പിച്ചു. അപ്പോഴേക്കും മത്തായി ഫിറ്റ്‌ ആയി. ഞങ്ങളാരും ആയില്ല. എന്നാ ഒരെണ്ണം കൂടി അടിക്കാം എന്നായി. പക്ഷെ മത്തായി സമ്മതിക്കുന്നില്ല. " നിനക്കും നിനക്കും നിനക്കും ഞാന്‍ വാങ്ങി തരും കള്ള്.. പക്ഷെ പതിനൊന്നു മണി കഴിയണം.." മത്തായി ഞങ്ങള്‍ മൂന്നു പേരോടുമായി പറഞ്ഞു. "അതെന്താ അളിയാ രാഹു കാലം വല്ലതും ആണോ?" ഔത ചോദിച്ചു. അത് മത്തായിക്കത്ര ഇഷ്ടപെട്ടില്ല. 
"എടാ.. നീയൊക്കെ ബിസിനെസ്സ് കണ്ടിട്ടുണ്ടോടാ.. ബിസിനെസ്സ്.. ഞാന്‍ കണ്ടിട്ടുണ്ട്... എന്നെ ഒരുത്തനും പഠിപ്പിക്കേണ്ടാ!!" മത്തായി ക്ഷുഭിതനായി. ഈ പബ്ബില്‍ എന്ത് ബിസിനസ് നടത്തുന്ന കാര്യം ആണിവന്‍ പറയുന്നത് എന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഞങ്ങള്‍ അവനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ മത്തായിയുണ്ടോ വഴങ്ങുന്നു. "University of Cleopatra" യില്‍ നിന്നും ബിസിനസ്സില്‍ ബിരുദാനന്തര ബിരുദം നേടിയവനാണ് ഞാനെന്നും പതിനൊന്നു മണി കഴിയാതെ ഒരു തുള്ളി മദ്യം പോലും വാങ്ങില്ല എന്നും അദ്ദേഹം കട്ടായം പറഞ്ഞപ്പോള്‍ അവനെ ഇട്ടിട്ടു ഞങ്ങള്‍ കൌണ്ടെറില്‍ പോയി അടിച്ചു. കുറച്ചു നേരമായിട്ടും അദ്ദേഹത്തെ ഞങ്ങള്‍ മൈന്‍ഡ് ചെയ്യതിരുന്നപ്പോ അദ്ദേഹത്തിനു മനസ്സിലായി പണി പാളിയെന്ന്. പിന്നെ അധികം ജാഡ കാണിക്കാതെ അദ്ദേഹവും ഞങ്ങളോടൊപ്പം കൂടി. എന്നാല്‍ മദ്യപിച്ചു കഴിഞ്ഞപ്പോള്‍ പേക്കൂത്ത് കാണിക്കുന്നതിന് പകരം ഞങ്ങളിലെ പൗരബോധം ഉണരുകയാണ് ഉണ്ടായത്. ഒരു പക്ഷെ ഒരു പബ്ബില്‍ സാമൂഹ്യസേവനം ചെയ്യുന്ന ആദ്യത്തെ സംഘം യുവാക്കള്‍ എന്ന ഖ്യാതി ഞങ്ങള്‍ക്കയിരിക്കും. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചവര്‍ക്ക് വേണ്ടി മത്തായി ഭാവി വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു. ഒന്‍പതാം ക്ലാസിലെ സിലബസ്സിനെ കുറിച്ച് ഒരു ധാരണ കൊടുക്കുകയും ചെയ്തു. അടിയനാകട്ടെ മോതിരം ഇല്ലാത്തവര്‍ക്ക് കല്ലു പതിപ്പിച്ച മോതിരങ്ങള്‍ ദാനം ചെയ്തു. ഔത നിലത്തു വീണ മദ്യം മുഴുവന്‍ ഒരു വൈപര്‍ കണക്കെ തുടച്ചു വൃത്തിയാക്കി. കോരയാകട്ടെ ആദര്‍ശത്തെ കുറിച്ച് അവിടെയുള്ളവര്‍ക്ക് ഒരു ബോധവല്‍ക്കരണ ക്ലാസ് കൊടുക്കുകയും ചെയ്തു. അങ്ങനെ അന്ന് ആ പബ്ബില്‍ വന്ന സകലരെയും നന്മയുടെ പാതയിലേക്ക് കൈ പിടിച്ചു കൊണ്ട് വരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 

രാത്രി നേരത്തെ വന്നു കിടന്നുറങ്ങിയത് കൊണ്ട് പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കാനേ തോന്നിയില്ല. പക്ഷെ പത്തു മണിക്ക് മുന്‍പ് ഫുഡ് അടിക്കണം എന്ന ചിന്ത എല്ലാരുടെയും ഉപബോധ മനസ്സില്‍ ഉണ്ടായിരുന്നത് കൊണ്ട് മനസ്സില്ല മനസ്സോടെ എല്ലാരും എണീറ്റു. അന്നും രാവിലെ വയറു നിറയെ വെട്ടി വിഴുങ്ങി. അനന്തരം കൊളംബോയില്‍ ഒരു നഗര പ്രദക്ഷിണം. വൈകീട്ട് ഒരു ബീച്ച് സവാരി. ബീച്ചില്‍ നിന്ന് ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ചു ഹോട്ടെലില്‍ എത്തി. റേറ്റ് ചോദിച്ചപ്പോ ഡ്രൈവറുടെ വക മുട്ടന്‍ കോമഡി. 1500 രൂപയത്രേ. (ശ്രീലങ്കന്‍ രൂപയാണെങ്കില്‍ പോലും!!). അത്രയും തരില്ല എന്ന് ഞങ്ങള്‍ . വാങ്ങിയിട്ടേ പോകൂ എന്നയാള്‍ . ഒടുവില്‍ ആള് കൂടി. അവിടെ ഉണ്ടായിരുന്ന ഓട്ടോക്കാര് പോലും പറഞ്ഞു 1500 കടന്ന കയ്യായി പോയി എന്ന്. പക്ഷെ പുള്ളി സമ്മതിക്കില്ല. ഒടുക്കം ഇയാള് എന്താന്നു വെച്ചാ ചെയ് എന്ന ലൈനില്‍ ഞങ്ങള്‍ ഹോടെലിനു അകത്തു കേറി. അങ്ങോട്ട്‌ അയാള്‍ക്ക്‌ പ്രവേശനം നിഷിദ്ധമായിരുന്നു. സിന്‍ഹളീസ് ഭാഷയില്‍ അദ്ദേഹം എന്തൊക്കെയോ മഹദ് വചനങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. "നിന്നെയൊക്കെ കാവിലെ പാട്ട് മത്സരത്തിനു കണ്ടോളാടാ" എന്നായിരിക്കും. അങ്ങനെ ഏതൊരു ട്രിപ്പിലും അനിവാര്യമായിട്ടുള്ള ആ ഒരു വഴക്ക് ഇവിടെയും സംഭവിച്ചു. 

പിറ്റേന്ന് മടക്ക യാത്രയാണ്. അതി രാവിലെ ചെക്ക്‌ ഔട്ട്‌ ചെയ്തു airportil എത്തണം.എന്നാലോട്ടു  ഭക്ഷണം കഴിക്കാതെ പോരാനും തോന്നുന്നില്ല. ഒടുക്കം ഹോട്ടല്‍ ജീവനക്കാരെ വിളിച്ചുണര്‍ത്തി ഭക്ഷണം ഉണ്ടാക്കിച്ചു കഴിച്ചു. അങ്ങനെ അണപൈ പാഴാക്കിയില്ല എന്ന ചാരിതാര്‍ത്യത്തോടെ ഞങ്ങള്‍ പടിയിറങ്ങി. കൊളംബോ എന്നാ നഗരത്തോട് യാത്ര പറഞ്ഞു തിരികെ വിമാനത്തില്‍  ചെന്നൈയിലേക്ക് വരുമ്പോള്‍ പാല്‍പ്പൊടി വിതരാതെ കാപ്പി കുടിക്കാന്‍ അടിയന്‍ പ്രത്യേകം ശ്രദ്ധിച്ചു. ചെന്നൈയില്‍ വച്ച് ഞങ്ങള്‍  പല വഴിക്കായി. ഇനി അടുത്ത ട്രിപ്പ്‌ എന്നാണെന്നോ എവിടെക്കാണ്‌ എന്നോ ഒരു ധാരണയില്‍ എത്താന്‍ കഴിയാതെ ഞങ്ങള്‍ തല്കാലത്തേക്ക് ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു. മനസ്സില്‍ നിറയെ മധുരിക്കുന്ന ഒരുപാട് ലങ്കന്‍ ഓര്‍മകളുമായി.... 


                                                         ശുഭം!!!