Thursday, October 7, 2010

ഉണ്ടക്കണ്ണി!!!

"ഉണ്ടക്കണ്ണികള്‍ ചതിക്കുമെടാ.." മീശ മുളച്ചു തുടങ്ങിയ പ്രായത്തില്‍ ക്ലാസ്സിലെ ഒരു ഉണ്ടക്കണ്ണിയോട് തോന്നിയ പ്രണയം സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍  അതില്‍ ഒരുത്തന്‍ എനിക്ക് നല്‍കിയ ഉപദേശം ആയിരുന്നു അത്. കഷ്ടം, ബുദ്ധി ഇല്ലാത്തവന്‍ ഇപ്പോഴും ഈ മാതിരി അന്ധ വിശ്വാസവും പേറി നടക്കുകയാണ്. ഉണ്ടക്കണ്ണികള്‍ ചതിക്കുമത്രേ.. ഉണ്ടക്കണ്ണും  ചതിയും തമ്മില്‍ എന്ത് ബന്ധം??  ഉണ്ടക്കണ്ണ്  ഉള്ളവര്‍ മാത്രമാണോ ചതിക്കുന്നത്??   ഉണ്ടക്കണ്ണ് ഇല്ലാത്തവര്‍ ചതിക്കുന്നില്ലേ?? എന്തായാലും എന്റെ ഉണ്ടക്കണ്ണി എന്നെ ചതിക്കില്ല.. അതെനിക്ക് ഉറപ്പാ. ഹാ.. എന്താ ആ കണ്ണുകള്‍ . സൌന്ദര്യം വിളങ്ങി നില്‍ക്കുന്ന ആ മുഖവും കാന്തം തോറ്റു പോകുന്ന ആകര്‍ഷണ ശക്തിയുള്ള ആ കണ്ണുകളും ഓര്‍ക്കുമ്പോള്‍ തന്നെ എവിടെ നിന്നില്ലാതെ അനേകം പ്രണയ ഗാനങ്ങള്‍ ഒഴുകിയെത്തും. അത് കേട്ട് മതി മറന്നങ്ങനെ നില്‍ക്കുമ്പോള്‍ ആ ഉണ്ടക്കണ്ണുകളോടും അതിന്റെ ഉടമസ്ഥയോടും ഉള്ള പ്രണയം പതിന്മടങ്ങ്‌ വര്‍ദ്ധിക്കും. അതൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാത്ത പമ്പര വിഡ്ഢികള്‍ ഇങ്ങനെ ഓരോ പോഴത്തരം വിളിച്ചു പറഞ്ഞു നടക്കും. ഉണ്ടക്കണ്ണികള്‍ ചതിക്കും പോലും.. കപട പ്രണയ വിരോധികള്‍ !!!

ഉണ്ടക്കണ്ണിയോടുള്ള പ്രണയം അതീവ രഹസ്യമായാണ് കൊണ്ട് നടന്നിരുന്നത് (എനിക്കും പിന്നെ ഒരു  പത്തു പന്ത്രണ്ടു സുഹൃത്തുക്കള്‍ക്കും അല്ലാതെ വേറെ ആര്‍ക്കും അറിയില്ല, അത്രയ്ക്കും രഹസ്യം!!!). നാളുകള്‍ കഴിയുന്തോറും ആ ഉണ്ടക്കണ്ണുകളില്‍ നിന്നു ഇടയ്ക്കിടെ ഒളിയമ്പുകള്‍ എന്റെ നേര്‍ക്ക്‌ പായുന്നുണ്ടോ എന്നൊരു സംശയം. എന്റെ കണ്ണുകളില്‍ നിന്നു തൊടുക്കപ്പെട്ട അസ്ത്രങ്ങളുടെ തീക്ഷ്ണതയ്ക്കുള്ള താക്കീതാണോ അതോ  മന്മഥ ശരങ്ങളായിരുന്നോ ആ ഒളിയമ്പുകള്‍ ?? ഒരു പിടിയും കിട്ടിയില്ല. എന്ത് തന്നെ ആയാലും അമ്പൊടുങ്ങാ ആവനാഴിയില്‍ നിന്നും എന്റെ കണ്ണുകള്‍ കൃത്യമായ ഇടവേളകളില്‍  അവള്‍ക്കു നേരെ അസ്ത്രങ്ങള്‍ തൊടുത്തു കൊണ്ടിരുന്നു. നേര്‍ക്ക്‌ നേരെ വരുമ്പോള്‍ ആ ഉണ്ടക്കണ്ണുകള്‍ എന്റെ ആരാധന മൂത്ത കണ്ണുകളെ ഒന്ന് ഗൌനിക്കുക പോലും ചെയ്തില്ല. എങ്കിലും ആ ഉണ്ടക്കണ്ണുകളെ കുറിച്ചുള്ള ഓര്‍മകളെയും ഒഴുകിയെത്തുന്ന  പ്രണയ ഗാനങ്ങളേയും താലോലിച്ചു ഞാന്‍ ജീവിതം തള്ളി നീക്കി.

ദിനംപ്രതി വളര്‍ന്നു വരുന്ന ഉണ്ടക്കണ്ണിയുടെ അവഗണന എന്നെ മറ്റു മിഴികള്‍  തേടി പോകാന്‍ പ്രേരിപ്പിച്ചു. ഏതായാലും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒരു മാന്‍ മിഴിയാളെ ഉടനെ തന്നെ കണ്ടു കിട്ടി.  എന്റെ നോട്ടമാകുന്ന അസ്ത്രങ്ങളെ ആ മാന്‍ മിഴികള്‍ സസന്തോഷം സ്വീകരിച്ചു. എന്തേ ഇത്ര നാളും എന്നെ നോക്കിയില്ല എന്നാ മിഴികള്‍ പരിഭവം പറയും പോലെ എനിക്ക് തോന്നി. ഹും.. ഉണ്ടക്കണ്ണി പോകുന്നെങ്കില്‍ പോട്ടെ.. മാന്‍ മിഴിയാണ് നല്ലത്. ഞാന്‍ കരുതി. പിന്നീടങ്ങോട്ടുള്ള നാളുകളില്‍ മാന്‍ മിഴികളും എന്റെ കണ്ണുകളും പരസ്പരം  അനേകം കവിതകള്‍  രചിച്ചു. ക്ലാസ്സില്‍ ഉറക്കം എന്റെ കണ്‍ പീലികളെ തഴുകുമ്പോഴെല്ലാം ആ മാന്മിഴികള്‍ എനിക്ക് നേരെ നോക്കി ഒന്ന് ചിമ്മും (ആ ഒരു  ചിമ്മല്‍ കിട്ടാന്‍ വേണ്ടിയാണോ എന്തോ, എന്റെ കണ്ണുകള്‍ നിത്യവും നിദ്രയെ പ്രാപിച്ചിരുന്നു.) കാല ക്രമേണ എനിക്ക് നോക്കാനും എന്നെ നോക്കാനും മാത്രമുള്ളതായി മാറി ആ മാന്മിഴികള്‍ .

വഴി മാറി പോകുന്ന അസ്ത്രങ്ങള്‍ ഉണ്ടക്കണ്ണുകളെ ദുഖത്തിലാഴ്ത്തി എന്ന വസ്തുത ഞാന്‍ അറിഞ്ഞിരുന്നില്ല.  ഒരിക്കലും പിടിതരാതിരുന്ന ആ ഉണ്ടക്കണ്ണുകള്‍ പൊടുന്നനെ ഒരു നാള്‍ എന്റെ കണ്ണുകളുമായി ഉടക്കി. ആദ്യമായി ഉണ്ടക്കണ്ണുകളെ അഭിമുഘീകരിക്കേണ്ടി  വന്നത് കൊണ്ടാകാം, എന്റെ കണ്ണുകള്‍ നിസ്സംഗത പാലിച്ചു. എന്നാല്‍ ആ ഉണ്ടക്കണ്ണുകളില്‍ ഒരായിരം ഭാവങ്ങള്‍ മിന്നി മറഞ്ഞു. അവയില്‍ ക്രോധം ഉണ്ടായിരുന്നു, വ്യസനം ഉണ്ടായിരുന്നു, സഹനം ഉണ്ടായിരുന്നു... എല്ലാത്തിലും ഉപരിയായി  പ്രണയവും... മാന്‍ മിഴികളോടുള്ള എന്റെ ആരാധനയ്ക്ക്  അപ്പോള്‍ അവിടെ വെച്ചു അറുതിയായി  . ആ ഉണ്ടക്കണ്ണുകളുടെ ആകര്‍ഷണ ശക്തിയില്‍ ഞാന്‍ അടിയറവു  പറഞ്ഞു. ശിലയെ പോലും അലിയിക്കാന്‍ കഴിവുള്ള സ്ത്രീശക്തി!!! പിന്നീടങ്ങോട്ട് എന്റെ ദ്രിഷ്ടിയുടെ  ദിശയും സഞ്ചാരവും എല്ലാം ആ ഉണ്ടക്കണ്ണുകളെ ചുറ്റി പറ്റിയായിരുന്നു . മാന്‍ മിഴികള്‍ക്ക് നേരെ ഞാന്‍ തൊടുക്കാന്‍ ശ്രമിച്ച  അസ്ത്രങ്ങളാകട്ടെ പാതി വഴിയില്‍ വെച്ചു ഉണ്ടക്കണ്ണി പിടിച്ചെടുക്കുകയും ചെയതു.  മാന്‍ മിഴിയുമായുള്ള കവിതകള്‍ നഷ്ടപെട്ടതില്‍ ദുഃഖം തോന്നിയെങ്കിലും, ഉണ്ടക്കണ്ണുകള്‍  എന്റേത് മാത്രമായതില്‍ ഞാന്‍ മതിമറന്ന് ആഹ്ലാദിച്ചു.

ക്ലാസുകള്‍ അവസാനിച്ചു. എല്ലാവരും പല വഴിക്ക് പിരിഞ്ഞു. വളരെ അകലെ ആയിരുന്നിട്ടു പോലും ഉണ്ടക്കണ്ണുകളും എന്റെ കണ്ണുകളും എന്നും പരസ്പരം കണ്ടു കൊണ്ടിരുന്നു. ദിവ്യമായ ഒരു അനുഭൂതി. കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു. അനിവാര്യമായത് സംഭവിച്ചു. എന്റെ കണ്ണുകള്‍ക്ക്‌ കാഴ്ച ശക്തി കുറഞ്ഞു കൊണ്ടേയിരുന്നു. ഉണ്ടക്കണ്ണുകള്‍ ആകട്ടെ വര്‍ണ ശബളാബമായ കാഴ്ചകളുടെ പുതിയ ലോകത്തേക്ക് പോകാന്‍ കൊതിച്ചു.  ആ ലോകത്തേക്ക് നയിക്കാന്‍ പോന്ന മനോഹര മിഴികളെ ഏറെ വൈകാതെ തന്നെ ഉണ്ടക്കണ്ണുകള്‍ തേടി പിടിച്ചു. അപ്പോഴേക്കും എന്റെ അന്ധതയും പൂര്‍ണമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം, എന്നെ ആദ്യം ഉപദേശിച്ച സുഹൃത്തിനെ ഞാന്‍ വീണ്ടും കാണാനിടയായി.  സൌഹൃദ സംഭാഷണങ്ങള്‍ക്കൊടുവില്‍  അവന്‍ എന്നോട് ചോദിച്ചു..

"ടാ.. നിന്റെ ഉണ്ടക്കണ്ണി എന്ത് പറയുന്നു??"

"ഉണ്ടക്കണ്ണികള്‍ ചതിക്കുമെടാ.." അതല്ലാതെ മറ്റൊരു ഉത്തരം പറയാന്‍ എനിക്കറിയില്ലായിരുന്നു.


                                                       ശുഭം