Sunday, April 19, 2020

പാപ്പനും പിള്ളേരും

2018 ൻ്റെ അവസാനമാണോ അതോ 2019 ൻ്റെ തുടക്കമാണോ? കാലഘട്ടം ശെരിക്കങ്ങട് ഉറപ്പിക്കാൻ പറ്റണില്ല.. ഘട്ടം ഏതായാലും Fit എന്നതിന് ഒരൊറ്റ അർത്ഥം മാത്രമുള്ള ഒരു കാലമായിരുന്നു അത്. അങ്ങനെ കൃത്യമായി fit ആയി നടന്ന ഒരു കൂട്ടം മധ്യവയസ്കർക്കും ടച്ചിങ്സിൽ ആണ് fitness ഒളിഞ്ഞിരിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്ന മധ്യത്തോട് അടുക്കുന്ന മറ്റൊരു കൂട്ടർക്കും അങ്ങനെയിരിക്കെ ഒരു ഉൾവിളിയുണ്ടാവുകയാണ്.
മ്മക്കീ fit മാത്രം മതിയോ? മറ്റേ ശരീരം നന്നാക്കുന്ന fit കൂടി വേണ്ടേ? എന്നാലല്ലേ ഇനീം അങ്ങോട്ട് fit ആവാൻ പറ്റൂ. വെരി വാലിഡ് പോയ്ന്റ്.

അപ്പൊ?

ജിം?

രാവിലെ എൻ്റെ പട്ടി എണീക്കും..

നടത്തം?

വെരി ബോറിങ്. മാത്രമല്ല മഴ വന്നാൽ ഫിറ്റ്നസ് മുടങ്ങും.. നോട്ട് ദ പോയിന്റ്.

ഓട്ടം?

ചേ ചേ.. മ്ലേച്ഛകരം. നമ്മടെ സ്റ്റാറ്റസിന് ചേർന്ന ഐറ്റം അല്ല.. മാത്രമല്ല വല്ല ശുനകന്മാരും ഓടിച്ചിട്ട് കടിച്ചാൽ ഉണ്ടാവുന്ന നാണക്കേടും. next  idea  please...

എന്നാ പിന്നെ പന്തുമായി ഓടിയാലോ? ഫുടബോൾ?

അത് കൊള്ളാം. അതാവുമ്പോ നമുക്ക് പന്ത് കളിയ്ക്കാൻ അറിയാമെന്നു നാട്ടുകാര് വിചാരിക്കേം ചെയ്യാം. Marvellous.

കൊച്ചിയിലാണെങ്കിൽ ഓരോ കിലോമീറ്റർ ചുറ്റളവിൽ ഒരു പതിനഞ്ചു ടർഫുകളെങ്കിലും കാണും. ഐഡിയ തത്വത്തിൽ അംഗീകരിക്കപ്പെട്ടു. എല്ലാർക്കും എത്തിച്ചേരാൻ എളുപ്പമുള്ള 1-2 ടർഫുകൾ തിരഞ്ഞെടുത്തു. Whatsapp ൽ ഒരു ഗ്രൂപ്പും ഉണ്ടാക്കി (അതില്ലാതെ ഇപ്പൊ ഒരു ഇടപാടുമില്ലല്ലോ). അങ്ങനെ close  friends ചേർന്ന് ഫുട്ബോൾ കളി  ആരംഭിച്ചു.
പക്ഷെ ഈ ആരംഭ ശൂരത്വം എന്ന് പറയുന്നത് ഒരു മിനക്കെടുത്തുന്ന പരിപാടി തന്നെയാണ്. ആദ്യത്തെ 1-2 ആഴ്ചകൾ ഉത്സാഹിച്ചു കളിച്ച പല ചേട്ടന്മാരും പതുക്കെ അരങ്ങൊഴിയാൻ തുടങ്ങി. ശേഷിച്ചവരാട്ടെ, ഫുടബോളിനോടുള്ള പ്രണയവും ആരോഗ്യ പരിപാലനവും കണക്കിലെടുത്ത് പന്തുതട്ടൽ തുടർന്നു. പക്ഷെ ടർഫ് ഉടമകൾക്ക് ഫുടബോളിനേക്കാൾ പ്രണയം ബിസിനസ്സിനോടാണ്. ആള് കുറഞ്ഞാലും കൂടിയാലും അവർക്ക് സ്ലോട്ടിൻറെ പൈസ കൃത്യമായി കിട്ടണം. അതൊരു പ്രതിസന്ധിയായി. കളിക്കാൻ വരുന്ന ചുരുക്കം ചിലർ കയ്യിൽ നിന്ന് കൂടുതൽ കാശിടേണ്ട അവസ്ഥയായി. പ്രതിസന്ധി മറികടക്കാനായി തങ്ങളുടെ close circle ഒന്ന് വിപുലീകരിച്ചു മറ്റു പരിചയക്കാരെ കൂടെ ചേർക്കാം എന്ന് ധാരണയായി. അങ്ങനെ എല്ലാരും ഫുട്ബോൾ കളിക്കാൻ താല്പര്യമുള്ളവർക്കായി അന്വേഷണം ആരംഭിച്ചു. ദോഷം പറയരുതല്ലോ, അത്യാവശ്യം നല്ല response കിട്ടി. അങ്ങനെ വന്ന്  ചേർന്ന ഒരു വ്യക്തിയാണ് ഇനി ഈ കഥാഗതി മുന്നോട്ട് കൊണ്ടുപോകുന്നത്. നമ്മുടെ കഥാനായകൻ.

നേരത്തെ സൂചിപ്പിച്ച മധ്യവയസ്‌കരിൽ ഒരാളുടെ അയൽവക്കത്തെ വീട്ടിലെ ചേട്ടന്റെ കൂടെ ജിമ്മിൽ വരുന്ന വേറൊരു ചേട്ടന്റെ ഫ്രണ്ടിൻറെ ഫ്രണ്ടാണ് നമ്മുടെ നായകൻ. വളരെ അടുത്ത പരിചയം. അങ്ങനെയാണ് ഇദ്ദേഹം ഈ ഫുടബോൾ കൂട്ടായ്മയെ കുറിച്ചറിയുന്നത്. ഫുടബോൾ എന്ന് കേട്ടതും ഇദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കാരണം ഇദ്ദേഹം ഒരു കട്ട ഫുടബോൾ ഫാൻ ആണ്. Chelsea ആണ് favorite ക്ലബ്. Favorite എന്ന് പറഞ്ഞാൽ, ചെൽസിക്ക് വേണ്ടി മരിക്കാൻ വരെ തയ്യാർ. അങ്ങനെ ഇദ്ദേഹം നമ്മുടെ Whatsapp ഗ്രൂപ്പിലേക്ക് add ചെയ്യപ്പെട്ടു. ഒരു ശനിയാഴ്ച രാവിലെ കളിക്കാൻ എത്താമെന്ന് അറിയിക്കുകയും ചെയ്തു. Turf ലൊക്കേഷനെ കുറിച്ച് വല്യ ധാരണയില്ലാത്തതിനാൽ ഗ്രൂപ്പിലെ ഒരു തലമൂത്ത മെമ്പർ ഇദ്ദേഹത്തെ pick ചെയ്യാമെന്നേറ്റു. ശനിയാഴ്ച വെളുപ്പിന് 5:45 ന്  Ernakulam Medical Centre ന് മുന്നിൽ കാത്തു നിൽക്കാനും നിർദ്ദേശം നൽകി. ആദ്യത്തെ ദിവസമല്ലേ, First Impression മോശമാവരുതല്ലോ. ഒട്ടും കുറയ്ക്കാൻ പാടില്ല. Chelsea full kit അണിഞ്ഞു കൊണ്ട് കൃത്യം  5:45 ന് ഇദ്ദേഹം EMC ക്ക്‌ മുന്നിലെത്തി കാത്തിരിപ്പ് തുടങ്ങി. 6 മണിയായി.. 6:15 ആയി.. Pick ചെയ്യാമെന്നേറ്റ വ്യക്തിയുടെ പൊടി പോലുമില്ല. ഫോൺ വിളിച്ചു.. മറുപടിയില്ല. റോഡിൽ ആളുകൾ വന്നു തുടങ്ങി. നീല ജേഴ്സിയും നീല ഷോർട്സും ബൂട്സും ഒക്കെയിട്ട് കാലത്ത് തന്നെ EMC ക്ക് മുമ്പിൽ നിൽക്കുന്ന കോലത്തെ കണ്ട് ആളുകൾ അതുമിതും പറഞ്ഞു തുടങ്ങി. അദ്ദേഹം ആകെ ധർമ്മസങ്കടത്തിലായി. നിക്കണോ അതോ പോണോ? വീണ്ടും ഫോൺ വിളിച്ചു നോക്കി. രക്ഷയില്ല. ഒടുവിൽ മനസ്സില്ലാമനസ്സോടെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. Pick ചെയ്യാമെന്നേറ്റ കക്ഷി തലേന്ന് രാത്രി അടിച് ഓഫ് ആയി കിടന്നുറങ്ങി പോയതാണ്. കാലത്ത് ബോധം വന്ന് ഫോൺ നോക്കിയപ്പോഴാണ് അബദ്ധം മനസിലായത്. ഉടനെ തന്നെ നമ്മുടെ നായകനെ വിളിച്ചു ക്ഷമാപണം നടത്തി. ദേഷ്യവും സങ്കടവും ഒരുപാടുണ്ടായിരുന്നെങ്കിലും അദ്ദേഹം ആ ക്ഷമാപണം സ്വീകരിച്ചു. തങ്കപ്പെട്ട മനസ്സാണ്. അടുത്ത തവണ മുതൽ Google Map നോക്കി വന്നോളാം എന്നറിയിക്കുകയും ചെയ്തു.
അങ്ങനെ വേറെ തടസ്സങ്ങളൊന്നും ഇല്ലാതെ അടുത്ത തവണ അദ്ദേഹം കളിക്കാനെത്തിച്ചേർന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അദ്ദേഹം ഒരു സ്ഥിരം സാന്നിധ്യം ആയിമാറി.  കുടവയറും കൊളെസ്റ്ററോളും കുറയ്ക്കാൻ വേണ്ടി പന്ത് തട്ടിയിരുന്നവരെ തൻ്റെ Professional Footballing Knowledge കൊണ്ട് അദ്ദേഹം അമ്പരപ്പിച്ചു. അദ്ദേഹത്തിൻ്റെ ദീനയും അനുകമ്പയുമാണ് ഏവരെയും ആകർഷിച്ച മറ്റു ഘടകങ്ങൾ. എന്നും കളി  കഴിഞ്ഞു പോവുന്നതിന് മുൻപ് ഇദ്ദേഹം എല്ലാവര്ക്കും ഷാർജ ഷേക്ക്, ഉപ്പുസോഡ, ചായ, കടി മുതലായവ സ്വന്തം ചിലവിൽ വാങ്ങി നൽകാൻ തുടങ്ങി. Free Refreshment കൂടി കൊടുക്കാൻ തുടങ്ങിയതോടെ അദ്ദേഹത്തിന് ഒരു hero status വന്നു ചേർന്നു. Hero എന്ന് പറഞ്ഞാൽ വെറും Hero അല്ല, ഒരു Cult Hero. പോരാത്തതിന് ഇദ്ദേഹത്തിന്റെ പേരിന് അടുത്തിടെ ഇറങ്ങിയ ഒരു പ്രമുഖ ചിത്രത്തിലെ നായക കഥാപാത്രത്തിൻ്റെ പേരിനോട് സാമ്യമുള്ളത് കൊണ്ട് എല്ലാരും ചേർന്ന് ഇദ്ദേഹത്തിന് സ്നേഹപൂർവ്വം ഒരു വിളിപ്പേരും നൽകി.. " പാപ്പൻ". ഇനിയങ്ങോട്ട് ഇദ്ദേഹം ഇദ്ദേഹമല്ല. പാപ്പനാണ് പാപ്പൻ. കൂടെ നിൽക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത പാപ്പൻ.

ഗ്രൂപ്പ് സജീവമായി. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പന്ത് തട്ടാൻ വന്നിരുന്നവരൊക്കെ ഇപ്പൊ നാലും അഞ്ചും ദിവസം മുടങ്ങാതെ വരാൻ തുടങ്ങി. തങ്ങളുടെ Fitness ലെവലും സ്റ്റാമിനയുമൊക്കെ ഇമ്പ്രൂവ് ആവുന്നതിൽ എല്ലാർക്കും അഭിമാനം തോന്നി. പക്ഷെ പാപ്പൻറെ ലക്‌ഷ്യം ഫിറ്റ്നസ്സും സ്റ്റാമിനയും ഒന്നുമായിരുന്നില്ല. ആ, അത് വഴിയേ പറയാം. ബാക്കിയുള്ളവർ ചിന്തിച്ചു തീരുന്നിടത്തു നിന്ന് ചിന്തിച്ചു തുടങ്ങുന്നവനാണ് പാപ്പൻ. ഓരോ ദിവസവും മാച്ച് നടക്കുമ്പോ പാപ്പൻ  ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചു തുടങ്ങി. അവരുടെ footballing  knowledge അളക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാനും പാപ്പൻ  മറന്നില്ല. മാച്ചിൻറെ ഇടയിൽ പാപ്പൻ  തൻ്റെ Teammates നോട് "High Press" ചെയ്യെടാ "Low Block" കളിയെടാ എന്നൊക്കെ വെച്ചലക്കും.കേട്ടവർ പകച്ചു പണ്ടാരമടങ്ങി പോയി. അതെന്തു തേങ്ങയാണെന്നു അവരിൽ പലർക്കും ഇന്നും മനസിലായിട്ടില്ല. എന്നിരുന്നാലും പാപ്പൻ പ്രതീക്ഷ കൈവിട്ടില്ല. ഏതു ടീമിനും മുതൽകൂട്ടാവാൻ പറ്റിയ ചില പ്ലെയേഴ്‌സ് തൻ്റെ കൂടെയുണ്ട് എന്ന് പാപ്പന് ബോധ്യപ്പെട്ടു.
അടി ഏതു വഴി വന്നാലും തൻ്റെ ദേഹത്ത് ഒരു തരത്തിലും കൊള്ളാതെ  അതിവിദഗ്ധമായി ഒഴിഞ്ഞു മാറാൻ കഴിവുള്ള ഗോളി "David de Praveen". ഡിഫെൻസിൽ പാറ പോലെ ഉറച്ചു നിൽക്കുന്ന "നരൻ", "Tobs", "Ibra". പാറ പോലെ എന്ന് പറഞ്ഞാൽ പാറ പോലെ.. ഒരിഞ്ചു അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ല. Left Wing Back ആയി "Tireless" റണ്ണറും മാഞ്ചസ്റ്റർ സിറ്റിയുടെ ഇന്ത്യയിലെ ഏക ഫാനുമായ "Versatile" തുളസി. Right Wing Back ആണ് പക്ഷെ ഹൈലൈറ്. ഇദ്ദേഹം ഇദ്ദേഹത്തെ തന്നെ "Pirlo" എന്നാണ് വിളിക്കുന്നത്. അതെന്തിനാണെന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. മറ്റേ ബുദ്ധനും ശങ്കരനുമൊക്കെ തേടിയ അതെ ചോദ്യം. പിർലോയുടെ specialty എന്ന് പറഞ്ഞാൽ Fouling ആണ് . പന്ത് എവിടെയാണ് എന്നത് പിർലോയ്ക്ക് ഒരു വിഷയമേ അല്ല. Opposition Player  അടുത്തൂടെ എങ്ങാൻ പോയാൽ പിർലോ ഫൗൾ ചെയ്തിരിക്കും. പക്ഷെ പിർലോയെ വ്യത്യസ്തനാക്കുന്നു ഘടകം അതല്ല. എതിരാളിയെ ചവിട്ടി വീഴ്ത്തുന്നതിനൊപ്പം സ്വയം ഫൗൾ ചെയ്ത് ഒരു വീഴ്ചയുണ്ട്. പിന്നെ ഗ്രൗണ്ടിൽ കിടന്ന് ഒരു ഡെമോയും. ഒടുക്കം ആര് ആരെയാണ് ഫൗൾ ചെയ്തത് എന്ന് മുടിഞ്ഞ കൺഫ്യൂഷനാവും. Opposition Player പിർലോയോട് സോറി പറഞ്ഞു കൈ കൊടുത്തു എണീറ്റ് പോവും. Very Cunning Player Pirlo. പിർലോയുടെ ഈ കഴിവ് പാപ്പനെ വല്ലാതെ ആകർഷിച്ചു.
ഇനി Midfield ആണ്. എതിരാളികളെ വട്ടം കറക്കി പാസ് കൊടുക്കുകയും ഗോൾ അടിക്കുകയും ചെയ്യാൻ കെൽപ്പുള്ള ബാഴ്‍സയുടെയും മെസ്സിയുടെയും ആരാധകൻ "വിഷ്ണു". പന്തെവിടെ കിട്ടിയാലും ഗോൾ പോസ്റ്റിനു നേരെ വെടിയുണ്ട കണക്കെ ഷോട്ടുതിർക്കുന്ന "പരത്തി അടി വീരൻ" സതീശേട്ടൻ. പിന്നെ നമ്മുടെ "Midfield Maestro". Dimitar Berbatov നു ശേഷം "Lazy Elegance" ഇത്ര മനോഹരമായി ആവിഷ്കരിക്കുന്നത് ഇദ്ദേഹമായിരിക്കും. ആയിരിക്കും എന്നല്ല... ആണ്. മിഡ്‌ഫീൽഡിൽ നിന്ന് കൊണ്ട് കവിത രചിക്കും. കവിത എഴുതിക്കഴിഞ്ഞു ബാക്കി വരുന്ന സമയത്ത് പാസും കൊടുക്കും. അതാണൊരു രീതി. ഒരു കളിയുടെ ഗതി ഒറ്റയ്ക്ക് നിയന്ത്രിക്കാൻ കഴിവുള്ള "അലസൻ അഭി". അലസത മാറ്റി ഒന്ന് പാളീഷ് ചെയ്തെടുത്താൽ അഭി ഒരു "Gem" ആയിത്തീരും എന്ന് പാപ്പനുറപ്പായിരുന്നു.
സ്ട്രൈക്കേഴ്സിലേക്ക് കടക്കാം. ടീം എത്ര ഗോളടിച്ചു എന്നതിനേക്കാൾ താൻ എത്ര ഗോളടിച്ചു എന്നോർത്തു ടെൻഷൻ അടിച്ചു ഗ്രൗണ്ടിൽ ഓടി നടക്കുന്ന സൈക്കോ "തളത്തിൽ ദിനേശൻ". അടുത്തത്  "Fox in the Box" ലിയോ. എതിർ ടീമിന്റെ ബോക്സിൽ പെട്ടിക്കട തുറന്നു അവിടെ ഒരൊറ്റ നിൽപ്പാണ്. ഓടാനൊന്നും വയ്യ. ആരെങ്കിലും കഷ്ടപ്പെട്ടു പാസ് കൊണ്ട് കൊടുത്താൽ അത് ഫിനിഷ് ചെയ്യുന്നതിൽ അതിവൈദഗ്ധ്യം. പിന്നെയുള്ളത് ഒരു All rounder ആണ്. ഏത് പൊസിഷനായാലും കുഴപ്പമില്ല. കളം നിറഞ്ഞു കളിക്കും. കൊച്ചിക്കായലിലെ ഉപ്പുകാറ്റേറ്റു വളർന്നതാണ്. ആ ഒരു Toughness ഉണ്ട്. പക്ഷെ കളി തോറ്റാൽ പിണങ്ങും. പിള്ളേരുടെ മനസ്സാണ്. ഫോർട്ടുകൊച്ചിയുടെ സ്വന്തം "ഇക്ക". ഇക്ക അറിയാതെ കൊച്ചിയിൽ ഒരു ഇല അനങ്ങില്ല. പണ്ട് ബിലാൽ ടോണി സായിപ്പിനിട്ട് പണി കൊടുത്തത് ഇക്കയുടെ സഹായത്തോടെയാണ്. അതാണ് ഇക്കയുടെ ലെവൽ.

ഈ highly  skilled പ്ലെയേഴ്സിന്റെ Talents അങ്ങനെ വെറുതെ പന്ത് തട്ടി കളയേണ്ട ഒന്നല്ല എന്ന് പാപ്പനുറപ്പിച്ചു. പാപ്പൻ തൻ്റെ ആത്യന്തികമായ ലക്ഷ്യത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചു. ഒരു ദിവസം കളിയൊക്കെ കഴിഞ്ഞു Refreshment ടൈമിൽ എല്ലാരും പാപ്പൻ വാങ്ങി കൊടുത്ത ജ്യൂസും ചായേൻ്റെ വെള്ളോം കേറ്റി കൊണ്ടിരിക്കുന്നതിനിടയിൽ പാപ്പൻ ചോദിച്ചു:  "നമുക്കൊരു ക്ലബ് തുടങ്ങിയാലോ?"
"നല്ല idea ആണ്. അതാവുമ്പോ daily വീട്ടിൽ കേറാതെ രാത്രി രണ്ടെണ്ണം അടിച്ചു ഉറങ്ങാനൊരു സ്ഥലമാവും." David de Praveen പറഞ്ഞു. പിർലോ അതിനോട് യോജിച്ചു.
"അതല്ലെടാ, നമുക്കൊരു football club തുടങ്ങിയാലോ?" പാപ്പൻ ഒന്നൂടെ ഒന്ന് ക്ലിയർ ആക്കി.
എല്ലാരും മുഖത്തോടു മുഖം നോക്കി. പാപ്പനിതെന്താണ് പറയുന്നത്. എന്തിനാണിപ്പോ ഒരു ക്ലബ്?
"Why do we need a club പാപ്പാ? നമ്മൾ എല്ലാരും വരുന്നു.. കളിക്കുന്നു.. ജ്യൂസ് കുടിക്കുന്നു.. പാപ്പൻ കാശ് കൊടുക്കുന്നു.. പിരിയുന്നു. അതിനിപ്പോ പ്രത്യേകം ക്ലബ് ഒക്കെ തുടങ്ങണോ?" Ibra അസ്കഡ്.
ഒരു ഫുടബോൾ ക്ലബ്ബ് തുടങ്ങുന്നത് ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണെന്നും മാത്രമല്ല നാലാളറിയുന്ന ഒരു ക്ലബ്ബിൻറെ പ്ലെയർ ആയി അറിയപ്പെടുന്നത് ഒരു അന്തസ്സാണെന്നും പാപ്പൻ വിശദീകരിച്ചു. ധാരാളം ടൂർണമെന്റുകൾ കൊച്ചിയിൽ നടക്കുന്നുണ്ടെന്നും കപ്പടിച്ചാൽ നല്ല price money കിട്ടും എന്നും പാപ്പൻ കൂട്ടിച്ചേർത്തു. പിന്നെയും ഒരു ക്ലബ്ബ് തുടങ്ങിയാലുള്ള അനവധി നിരവധി ഗുണഗണങ്ങൾ പാപ്പൻ നിരത്തി. പക്ഷെ എന്നിട്ടും ആർക്കും ആ ആശയത്തോട് അത്രക്കങ് യോജിക്കാൻ സാധിച്ചില്ല. ഒടുവിൽ പാപ്പൻ അവസാനത്തെ അടവെടുത്തു.
" എടാ നിൻ്റെയൊക്കെ skills ഇങ്ങനെ നമ്മൾ മാത്രം കണ്ടാ മതിയോ? എനിക്കുറപ്പാ നമ്മൾ ഒരു ടീമായിട്ടിറങ്ങിയാ ഇന്ന് കൊച്ചിയിലുള്ള ഏത് ക്ലബ്ബിനെയും നമ്മൾ പൊട്ടിക്കും. You guys are that talented." പാപ്പൻ വച്ച് കാച്ചി. അതേറ്റു.
"ശരിയാണ്.. എത്ര നാൾ നമ്മൾ നമ്മടെ കഴിവുകളിങ്ങനെ മൂടി വെക്കും. നമ്മക്ക് പൊളിക്കാം പാപ്പാ.. ഫുൾ സപ്പോർട്ട്." ലിയോ പറഞ്ഞു. ആ അഭിപ്രായം പൊതു അഭിപ്രായമായി മാറി. അങ്ങനെ ഒരു ക്ലബ്ബ് ഫോം ചെയ്യുക എന്ന പാപ്പൻറെ സ്വപ്നം പൂവണിയുകയായി. ഒരു ക്ലബ് ഒക്കെയാവുമ്പോ കുറേക്കൂടി അംഗബലം വേണമെന്നുള്ളത് കൊണ്ട് സാമാന്യം പന്ത് തട്ടാനറിയാവുന്ന കുറച്ചു പ്ലെയേഴ്‌സിനെ കൂടെ add ചെയ്തു. Club Manager ആരാണ് എന്നതിൽ തർക്കം ഇല്ലായിരുന്നു. High Press എന്നൊക്കെ അക്ഷരം തെറ്റാതെ പറയാൻ അറിയാവുന്ന ഏക വ്യക്തിയായ പാപ്പൻ തന്നെയാണ് അതിന് യോഗ്യൻ.
പിന്നീടുള്ള ദിവസങ്ങളിൽ തിരക്കിട്ട ചർച്ചകളായിരുന്നു. ക്ലബിൻറെ പേര്, ജേഴ്‌സി design, കളർ അങ്ങനെ നാനാവിധ വിഷയങ്ങൾ. പല പേരുകളും ഉയർന്നു വന്നെങ്കിലും കൊച്ചിയുടെ സംസ്കാരത്തിന് ഏറ്റവും അനുയോജ്യമായതും ആർക്കും എളുപ്പത്തിൽ identify ചെയ്യാൻ പറ്റുന്നതുമായ ഒരു പേര് തന്നെ ക്ലബിന് ചാർത്തികൊടുത്തു "Hermanos FC". അല്ലെങ്കിലും കൊച്ചിക്കാര് വെരി സിമ്പിളാണ്.
പാപ്പനും മുതിർന്ന ചില മെമ്പർമാരും ചേർന്ന് ക്ലബ്ബ് launching തിയതി തീരുമാനിച്ചു. Venue  ബുക്ക് ചെയ്തു. അന്ന് തന്നെ ഹെർമാനോസിന്റെ ആദ്യ ഔദ്യോഗിക മത്സരവും പ്രഖ്യാപിച്ചു. ടീമിനെയൊക്കെ പാപ്പൻ തന്നെ അറേഞ്ച് ചെയ്തു. വർണ്ണശബളാഭമായ ചടങ്ങുകൾക്ക് ശേഷം Hermanos വമ്പിച്ച പ്രകടനത്തിലൂടെ എതിർ ടീമിനെ നിലംപരിശാക്കുകയും ചെയ്തു. അതോടെ പാപ്പനെയും  ക്ലബിനെയും പിടിച്ചാ കിട്ടാതെയായി. പാപ്പൻ അറഞ്ചം പുറഞ്ചം മാച്ചസ് schedule ചെയ്തു. ക്ലബ്ബ് മാച്ചസ് കൂടിയതോട് കൂടി പാപ്പൻ തന്റെ സ്റ്റൈലും ഒന്ന് അപ്ഗ്രേഡ് ചെയ്തു. Tactics board കൊണ്ട് വരുന്നു.. flip chart കൊണ്ട് വരുന്നു.. formations ഡിസ്‌കസ് ചെയ്യുന്നു.. 3-2-1, 2-3-1, 2-2-2 അങ്ങനെയങ്ങനെ. എന്തിനേറെ പറയുന്നു, സെവൻസ് ഫുടബോളിന്റെ ചരിത്രത്തിൽ തന്നെ ഇത് വരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത 1-2-3 ഫോർമേഷനെ കുറിച്ച് വരെ പാപ്പൻ വാചാലനായി.
പാപ്പൻ വാസ് ഗോയിങ് ടു ബ്രേക്ക് ഓൾ കൺവെൻഷനൽ കോൺസെപ്റ്സ് ഓഫ് ഫുടബോൾ.
"സൈക്കോസിസിന്റെ തുടക്കമോ മറ്റോ ആണോ.." പിർലോ തൻ്റെ ആശങ്ക മറ്റുള്ളവരുമായി പങ്ക് വെക്കാതിരുന്നില്ല. എന്നാലും പാപ്പനെ എതിർക്കാൻ ആരും ധൈര്യപ്പെട്ടില്ല. പാപ്പൻ പറഞ്ഞ ഫോർമേഷനിൽ ടീം കളത്തിലിറങ്ങി. കളി തുടങ്ങുമ്പോ പന്തിന് പിറകെ ഓടി. എന്തോന്ന് ഫോർമേഷൻ!!
തുരു തുരാ മാച്ചസ് വന്നതോടെ Hermanos പല കളികളും പൊട്ടാൻ തുടങ്ങി. അതിൽ ചിലതൊക്കെ മാരക തോൽവികളായിരുന്നു. പ്ലെയേഴ്‌സ് തളർന്നു തുടങ്ങി. പാപ്പൻ തളർന്നില്ല. പാപ്പൻ പിന്നേം schedule ചെയ്തു. ഒരിക്കൽ ഇല്ലാത്തൊരു ടൂർണമെന്റിന്റെ ഫൈനൽ കളിക്കാൻ Hermanos തിരഞ്ഞെടുക്കപ്പെട്ടു (ആ ടൂർണമെന്റിൽ ഫൈനൽ മാത്രേ ഉണ്ടായിരുന്നുള്ളൂ). എതിരാളികൾ കൊച്ചിയിലെ അറിയപ്പെടുന്ന ഒരു ക്ലബ് ആണ്. പ്ലെയേഴ്‌സ് ഒക്കെ pumped up. മാച്ച് തുടങ്ങി. ഫസ്റ്റ് ഹാഫിൽ ഭേദപ്പെട്ട പ്രകടനം Hermanos കാഴ്ച വെക്കുകയും ചെയ്തു. Half time team talk. പാപ്പൻ പറഞ്ഞു തുടങ്ങി.
"സത്തർ മിനിറ്റ്..  സത്തർ മിനിറ്റ് ഹെ തുമാരെ പാസ്..."
ചക് ദേ ഇന്ത്യ ഞങ്ങളും കണ്ടതാണെന്ന് ആരോ പറഞ്ഞെങ്കിലും കഷ്ടപ്പെട്ട് കാണാപാഠം പഠിച്ചു വന്ന ഡയലോഗ് മുഴുവൻ പറയാതെ പാപ്പൻ നിർത്തിയില്ല. അതിൽ നിന്ന് കിട്ടിയ ആത്മവിശ്വാസത്തിൽ സെക്കൻഡ് ഹാഫ് കളിക്കാനിറങ്ങിയതേ ഓർമയുള്ളൂ. മറ്റവന്മാർ കേറി നിരങ്ങി. എത്രെണ്ണം മേടിച്ചു കൂട്ടി എന്ന് ഇപ്പോഴും കൃത്യമായി അങ്ങോട്ട് തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. മാച്ചിന്റെ അവസാന നിമിഷങ്ങളിൽ സഹതാപം കാരണം ലവന്മാർ ഒന്ന് രണ്ട് ചാൻസസ്  മനഃപൂർവം മിസ് ആക്കിയത് ഇന്നും നീറുന്നൊരോർമയാണ്.
ആ മാച്ച് ഒരു eye opener ആയിരുന്നു. മാച്ചിന് ശേഷം പാപ്പൻ വികാരനിർഭരമായ ഒരു പ്രസംഗം നടത്തി. അന്ന് തോൽവി ഏറ്റു വാങ്ങേണ്ടി വന്ന അതേ പ്ലെയേഴ്‌സിനെ വെച്ച് ക്ലബ്ബ് മുന്നോട്ടു പോകുമെന്നും ഈ തോൽവി വിജയത്തിന്റെ മുന്നോടിയാണെന്നും പാപ്പൻ വ്യക്തമാക്കി. അന്നത്തെ ക്ഷീണം മാറ്റാനായി ക്ലബ്ബിന് മൂന്ന് നാല് ദിവസത്തേക്ക് അവധിയും കൊടുത്തു. പ്ലെയേഴ്‌സ് അവധിക്കു പോയെങ്കിലും പാപ്പന്റെ മനസ് കർമനിരതമായിരുന്നു. Sleepless Mind.

അവധിയൊക്കെ കഴിഞ്ഞു തിരികെയെത്തിയ പ്ലെയേഴ്‌സ് കണ്ടത് പാപ്പൻ പുതിയ കുറെ പിള്ളേരെ ഇറക്കുമതി ചെയ്തിരിക്കുന്നതാണ്. Trials ന് കൊണ്ട് വന്നതാണ്. പുതിയ പ്ലെയേഴ്‌സ് v/s പഴേ പ്ലെയേഴ്‌സ് ടീം സെറ്റ് ചെയ്ത് പാപ്പൻ പ്രാക്ടീസ് ആരംഭിച്ചു. പാപ്പൻ നൈസ് ആയിട്ട് പുതിയ പിള്ളേരുടെ ടീമിൽ കളിച്ചു. കളി തുടങ്ങി അധികം കഴിയും മുമ്പേ മനസിലായി, പിള്ളേര് പൊളിയാണെന്ന്. അവന്മാരുടെ കൂടെ ഓടിയെത്താൻ പോലും പഴയ പല പടക്കുതിരകളും പാടുപെട്ടു. പാപ്പനും കിട്ടി പണി. പാപ്പനെ വെട്ടിച്ചോടി ഒരു പഴേ പ്ലെയർ ഗോളടിച്ചു. പുതുതായി വന്ന ഒരു പയ്യന് പാപ്പനെ വേണ്ടത്ര പരിചയമില്ലായിരുന്നു. അവൻ പാപ്പനോട് കേറി ചൂടായി. എവിടെ നോക്കിയാണ് നിക്കുന്നതെന്നും ആളെ മര്യാദക്ക് മാർക്ക് ചെയ്യാനും അവൻ പാപ്പനോട് പറഞ്ഞു.
"എടാ.. ഞാൻ മറ്റേ ഹെർമാനോസിന്റെ മാനേജർ.." പാപ്പൻ  പറഞ്ഞൊപ്പിക്കാൻ നോക്കിയെങ്കിലും പയ്യൻ കേട്ട ഭാവം നടിച്ചില്ല. പാപ്പന് അത് ക്ഷീണമായി. പ്രാക്ടീസ് ഒക്കെ കഴിഞ്ഞപ്പോ പാപ്പൻ അവനെ മാറ്റി നിർത്തി കണക്കിന് ശകാരിച്ചു. തന്നെ നാറ്റിക്കരുതെന്നും, കുറച്ചു ബഹുമാനത്തോടെ പെരുമാറുകയാണെങ്കിൽ എല്ലാ ക്ലബ്ബ് മാച്ചുകളിലും start ചെയ്യിക്കാമെന്നും ശക്തമായ താക്കീത് പാപ്പൻ നൽകി. പയ്യൻസിനും ആകെ വിഷമമായി. അവൻ നിരുപാധികം മാപ്പു പറഞ്ഞു. തൻ്റെ കളഞ്ഞുപോയ ഇമേജ് തിരിച്ചു പിടിക്കാൻ വേണ്ടി പാപ്പൻ എല്ലാരുടെയും മുന്നിൽ വെച്ച് പയ്യൻസിന് ഒരു സ്റ്റഡി ക്ലാസ് കൊടുത്തു. അച്ചടക്കമില്ലായ്മ ക്ലബ്ബ് വെച്ചു പൊറുപ്പിക്കില്ലെന്നും അറിയിച്ചു.
അങ്ങനെ successful ട്രയൽസിനു ശേഷം പിള്ളേരെ ക്ലബ്ബ് മെമ്പേഴ്‌സ് ആയി പ്രഖ്യാപിച്ചു. പ്രാക്ടീസ് തുടർന്നു. പുതിയവരും പഴയവരും ഒക്കെ അങ്ങ് gel ആയി. ടീം ഏകദേശം സെറ്റ് ആയി എന്ന് തോന്നിത്തുടങ്ങിയപ്പോ പാപ്പൻ വീണ്ടും മാച്ചസ് schedule ചെയ്തു തുടങ്ങി. പ്രതീക്ഷ തെറ്റിയില്ല. Hermanos വീണ്ടും ജയിച്ചു തുടങ്ങി. കുറച്ചു കളികൾ ജയിച്ചു തുടങ്ങിയപ്പോഴേക്കും പണ്ട് നാണം കെടുത്തിയ ടീമുമായി വീണ്ടുമൊരു മാച്ച് വെയ്ക്കാൻ ക്ലബ്ബിൽ നിന്നും മുറവിളികളുയർന്നെങ്കിലും പാപ്പൻ അത് നിഷ്കരുണം തള്ളിയകറ്റി. ഉടനെ തന്നെ മറ്റൊരു നാണക്കേട് താങ്ങാനുള്ള കെല്പ് തത്കാലം ക്ലബ്ബിനായിട്ടില്ല എന്ന് പാപ്പനറിയാമായിരുന്നു.

Club Morale വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പൻ ഒരു കിടിലൻ ഐഡിയ അവതരിപ്പിച്ചു. ഒരു All Star League. ക്ലബ്ബിലെ മെമ്പേഴ്സിനെ മൂന്നായി തരാം തിരിച്ചു ഒരു ലീഗ് നടത്തുക. അതും auction ഒക്കെ വെച്ച് നല്ല പൊളപ്പനായിട്ട്. പിർലോയെ ഒരു ടീം ക്യാപ്റ്റൻ ആയി പാപ്പൻ തിരഞ്ഞെടുത്തു. പിർലോയ്ക്കാണെങ്കിൽ ഈയിടെയായി ചെറിയൊരു മാറ്റം. മാച്ചസ് കളിയ്ക്കാൻ അത്ര താല്പര്യം ഇല്ല. കൂടുതൽ സമയം മാനേജ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പാപ്പൻ അത് നോട്ട് ചെയ്യുകയും ചെയ്തു. ഏതായാലും ഓക്ഷനിൽ പിർലോ ആണ് ഏറ്റവും വിലയുള്ള മിഡ്‌ഫീൽഡറെ സ്വന്തമാക്കിയത്. എന്നിട്ട് കളി തുടങ്ങിയപ്പോ പുള്ളിയെ ഡിഫെൻസിൽ കളിപ്പിക്കേം ചെയ്തു. ആ നീക്കത്തെ പാപ്പൻ ഉൾപ്പടെ എല്ലാരും അടച്ചാക്ഷേപിച്ചെങ്കിലും അതൊരു Masterstroke ആയിരുന്നു. ഡിഫെൻസിൽ പുള്ളി അതിഗംഭീര പ്രകടനം പുറത്തെടുക്കുകയും പിർലോടെ ടീം ജയിക്കുകേം ചെയ്തു. അതോടെ പിർലോയെ എല്ലാരും ഒരു Tactical Genius ആയി അവരോധിച്ചു. പാപ്പന് ചെറുതായി നെഞ്ചിടിപ്പ് കൂടി. "ഇനി പിർലോ എങ്ങാൻ മാനേജർ ആവാൻ..." ഇല്ല എന്ന് പാപ്പൻ തന്നെ സ്വയം സമാധാനിച്ചു. ഇതിനിടയിൽ മറ്റൊരു സംഭവം കൂടിയുണ്ടായി. ക്ലബ്ബിലെ ഫസ്റ്റ് ചോയ്സ് ഗോളിയായി David de Praveen ന് പകരം ഇപ്പൊ David de ഭുവൻ ആണ്. ഇദ്ദേഹം പിർലോയുടെ അടുത്ത സുഹൃത്തുമാണ്. All Star ലീഗിലെ ഏറ്റവും expensive ഗോളി ആയ ഇദ്ദേഹം വെറും തുച്ഛമായ 13  ഗോളുകളേ വഴങ്ങിയുളളൂ. പിർലോയുടെ വിജയം മൂലം ബാക്‌ഫുട്ടിലായി പോയ പാപ്പൻ പക്ഷെ പിർലോയുടെ ഉറ്റ ചങ്ങാതിയായ ഭുവനെതിരെ കടുത്ത ആരോപണം ഉന്നയിച്ചു.ലീഗിൽ ആകെ 23 ഗോളുകൾ ഭുവി വഴങ്ങി എന്ന് പാപ്പൻ ഡിക്ലയർ ചെയ്തു. വാങ്ങിയ ഗോളുകൾ ഭുവി അക്കമിട്ട് എണ്ണി പറഞ്ഞിട്ടും പാപ്പൻ 23 എന്ന നമ്പറിൽ ഉറച്ചു നിന്നു. പിർലോയെ മാനസികമായി തളർത്തുക എന്ന ഒരൊറ്റ ലക്ഷ്യമേ പാപ്പനുണ്ടായിരുന്നുള്ളൂ. പക്ഷെ കണക്കുകളോട് പണ്ട് മുതലേ വല്യ താല്പര്യമില്ലാതിരുന്ന പിർലോ ഈ വിഷയത്തിൽ ഇടപെട്ടില്ല. പിർലോയ്ക്ക് പതിമൂന്നും ഇരുപത്തിമൂന്നും ഒക്കെ ഒരു പോലെയാണ്. മാത്രമല്ല ഇത്തരം പെറ്റി കേസുകളിൽ ഇടപെട്ട് തൻ്റെ budding managing career തുലയ്ക്കാനും പിർലോയ്ക്കു താല്പര്യം ഇല്ലായിരുന്നു.
എന്തൊക്കെ ആണെങ്കിലും All Star League മാരക ഹിറ്റായി. ഇത്തരത്തിൽ ഒരൈഡിയ നടപ്പിലാക്കിയ പാപ്പനെ എല്ലാരും അഭിനന്ദനങ്ങൾ കൊണ്ട് മൂടി.

അങ്ങനെ കാര്യങ്ങളൊക്കെ നല്ല ജിൽ ജില്ലായിട്ട് പോയ്കൊണ്ടിരുന്നപ്പോഴാണ് മറ്റവൻ എത്തുന്നത്.. കൊറോണ!! സോഷ്യൽ ഡിസ്റ്റൻസിങ്ങും ലോക്‌ഡൗണും ഒക്കേ ആയി ഇപ്പൊ എല്ലാരും ആകെ ശോകത്തിൽ ആണ്. വീട്ടിൽ തന്നെ ഇരിപ്പും. പ്ലെയേഴ്‌സിന്റെ ഫിറ്റ്നസ് നഷ്ടപ്പെടും എന്ന പേടിയുള്ളത് കൊണ്ട് പാപ്പൻ ഡെയ്‌ലി Whatsapp ഗ്രൂപ്പിൽ Workout videos ഇടും. എല്ലാരും അത് പോലെ ചെയ്തു വീഡിയോ അപ്‌ലോഡ് ചെയ്യാനും പറഞ്ഞു.ആദ്യത്തെ ഒന്ന് രണ്ട് ദിവസം ആരൊക്കെയോ ചെയ്തു. പിന്നീട് പാപ്പൻ മാത്രമായി വീഡിയോ അപ്‌ലോഡിങ്. പിന്നെ മടുത്തു പാപ്പനും  നിർത്തി. ഗ്രൂപ്പിൽ ആണെങ്കിൽ പിർലോയുടെ ജനസമ്മതി അനുദിനം വർദ്ധിച്ചു വരുന്നതും പാപ്പൻറെ ഉറക്കം കെടുത്തി. ഇപ്പൊ എല്ലാരും കൊറോണ അവസാനിക്കുന്നതും കാത്തിരിപ്പാണ്. പാപ്പനാണെങ്കിൽ ഒരു നൂറു കൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്. പ്ലെയേഴ്‌സിന്റെ ഫിറ്റ്നസ് വീണ്ടെടുക്കണം.. പ്രാക്ടീസ് പുനരാരംഭിക്കണം.. മാച്ചസ് schedule ചെയ്യണം.. ജയിക്കണം.. അന്ന് നാണം കെടുത്തിയ ടീമിനോട് അവസരം വരുമ്പോ പകരം ചോദിക്കണം.. അങ്ങനെയങ്ങനെ. പക്ഷേ പാപ്പാനേ ഇപ്പോൾ ഏറ്റവും കൂടുതൽ അലട്ടുന്ന ചോദ്യം അതൊന്നുമല്ല..

"ഇനി പിർലോ എങ്ങാനും മാനേജരാവാൻ...."


                                                                               ശുഭം