Tuesday, February 15, 2011

വാലന്റൈന്‍സ് ഡേ!!!

   കയ്യിലുള്ള ജോലിയും കളഞ്ഞു വീട്ടില്‍ വന്നു കുത്തി ഇരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു മാസമായി. വീട്ടുകാരെയും നാട്ടുകാരെയും അത്യാവശ്യം വെറുപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു ബോധോദയം ഉണ്ടായി. ബംഗ്ലൂര്‍ക്ക് വണ്ടി കേറാമെന്ന്. അവിടെ ചെന്നു ആത്മ മിത്രത്തിന്റെ ഫ്ലാറ്റിലേക്ക് വലിഞ്ഞു കേറി. എത്ര നാള്‍ നിക്കേണ്ടി വരുമെന്നോ എന്ത് ചെയ്യുമെന്നോ എന്നതിനെ കുറിച്ചൊന്നും യാതൊരു ധാരണയുമില്ല. പോകുന്നിടത്തോളം പോട്ടെ എന്ന് കരുതി. അങ്ങനെ പ്രത്യേകിച്ച് സംഭവവികാസങ്ങള്‍  ഒന്നും ഉണ്ടാകാതെ കുറച്ചു ദിവസങ്ങള്‍ നീങ്ങി. അപ്പോഴാണ്‌ ലോകമെമ്പാടുമുള്ള കമിതാക്കള്‍ക്ക് വേണ്ടിയുള്ള ആ ദിനം വന്നെത്തുന്നത്. ഫെബ്രുവരി 14 . വാലന്റൈന്‍സ് ഡേ. പുച്ഛമാണ് അത് കേള്‍ക്കുമ്പോള്‍ തന്നെ(അല്ലാതെ പ്രണയിക്കുന്നവരോടുള്ള അസൂയ അല്ല!!). ഒരു കമിതാക്കളുടെ ദിനം. ആരാണാവോ ഇതൊക്കെ കണ്ടു പിടിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ്  രണ്ടു മൂന്നു പ്രണയങ്ങള്‍ വരി വരിയായി പൊട്ടിയതില്‍ പിന്നെ ഈ വക ഏര്‍പാട്കളോടൊന്നും വലിയ താല്പര്യമില്ല. ആ എന്തായാലും എനിക്കെന്താ. എന്നത്തേയും പോലെ ഒരു സാധാരണ ദിനം, അത്ര തന്നെ.

കാര്യം ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും, ഏതെങ്കിലുമൊരു പെണ്‍കുട്ടിയുടെ കൂടെ അല്‍പ സമയം ചിലവഴിച്ചാല്‍ കൊള്ളാമെന്നൊക്കെ അടിയനും ഉണ്ടായിരുന്നു. പക്ഷേ പരിചയമുള്ള ആരെയും ഓര്‍മ വരുന്നില്ല. പണ്ട് കൂടെ പഠിച്ച കുറെ കുട്ടികളുടെ മുഖം ഒന്ന് rewind ചെയ്ത് നോക്കി. അതില്‍ ഒരു മുഖം എവിടെയോ ഒന്നുടക്കി. പക്ഷേ ഒരു സംശയം. കുറെ നാള്‍ ആയി വലിയ contact ഒന്നും ഇല്ലാതിരുന്നിട്ട് ഇപ്പൊ പെട്ടെന്ന് വിളിച്ചു മീറ്റ്‌ ചെയ്യണം എന്നൊക്കെ പറഞ്ഞാല്‍ അവള്‍ സമ്മതിക്കുമോ?? എന്തായാലും ട്രൈ ചെയ്ത് നോക്കാം. കിട്ടിയാല്‍ ഊട്ടി, ഇല്ലെങ്കില്‍ ചട്ടി. ഉടനെ തന്നെ ഫോണ്‍ വിളിച്ചു. പരിചയം പുതുക്കലും മുഖവുരയുമൊക്കെ കഴിഞ്ഞു കാര്യം പറഞ്ഞു. പ്രതീക്ഷയ്ക്ക് വിപരീതമായി അവള്‍ ok പറഞ്ഞു. ഫെബ്രുവരി 13th നു മീറ്റ്‌ ചെയ്യാം എന്ന് ധാരണയായി. ഫെബ് 14 തിങ്കളാഴ്ച ആയിരുന്നു. പ്രവര്‍ത്തി ദിവസം. എല്ലാരും എന്നെ പോലെ വേലയും കൂലിയും ഇല്ലാതെ ഇരിക്കുകയല്ലല്ലോ. അങ്ങനെ ഒരു പ്രീ വാലന്റൈന്‍ ഡേ കൂടി കാഴ്ചയ്ക്ക് അരങ്ങൊരുങ്ങി. മനസ്സില്‍ ഒരു ലഡ്ഡു പൊട്ടുകയും ചെയതു .

ഞാറാഴ്ച രാവിലെ നേരത്തെ എണീറ്റു പോകാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. നമ്മുടെ ആത്മമിത്രം രാവിലെ തന്നെ ഫുട്ബോള്‍ കളിക്കാനെന്നും പറഞ്ഞു ഭാണ്ടക്കെട്ടും എടുത്തു കൊണ്ടിറങ്ങി. ദൈവാധീനം. ഒരു ശല്യം ഒഴിഞ്ഞു. ഒട്ടും സമയം കളയാതെ ഈയുള്ളവന്‍ റെഡി ആയി. നഗരത്തിലെ വിശ്വ വിഖ്യാതമായ ഒരു shopping mall ആയിരുന്നു മീറ്റിംഗ് പ്ലേസ്. കാണാമെന്നു പറഞ്ഞ സമയത്തിന് അര മണിക്കൂര്‍ മുന്നേ തന്നെ അടിയന്‍ ഹാജരായി. ഇനി ഞാന്‍ വൈകിയത് കൊണ്ട് ഒരു കുറവ് വേണ്ട. മാത്രമല്ല അവള്‍ വരുന്നത് വരെ വിശാലമായി വായ നോക്കുകയും ചെയ്യാം. അങ്ങനെ മോഹന കാഴ്ചകളൊക്കെ കണ്ടു നടക്കുംബോഴുണ്ട് അവള്‍ വരുന്നു.  "ഓ മൈ ഗോഡ്.. Stunning !!!" ഒരു നിമിഷത്തേക്ക് ഞാന്‍ വെറും പൂവാലന്‍ ആയി പോയേക്കുമോ എന്നെനിക്കു സംശയം തോന്നി. പക്ഷേ ഉടനെ തന്നെ ഞാന്‍ സമനില വീണ്ടെടുത്തു . ഔപചാരികമായി ഞങ്ങള്‍ സംസാരിച്ചു. "നീ ആളാകെ മാറി പോയല്ലോ.." "നിനക്കും കുറെ മാറ്റം വന്നു.." കുറെ നാള്‍ കൂടി കാണുന്നവര്‍ തമ്മിലുള്ള സ്ഥിരം പല്ലവികള്‍ അവിടെയും ആവര്‍ത്തിക്കപ്പെട്ടു .

സമയം ഏകദേശം ഉച്ച ആയതു കൊണ്ട് ഭക്ഷണം കഴിക്കാം എന്ന നിര്‍ദേശം ഞാന്‍ മുന്നോട്ടു വെച്ചു. വാലന്റൈന്‍സ് ഡേ അല്ല എന്ത് ഡേ തന്നെ ആയാലും ഭക്ഷണം കളഞ്ഞിട്ടുള്ള യാതൊരു ഇടപാടുമില്ല. ബംഗ്ലൂര്‍ എനിക്ക് വലിയ പരിചയം ഇല്ലാത്തത് കൊണ്ട് ഭക്ഷണം എവിടെ നിന്നു കഴിക്കണം എന്ന തീരുമാനം ഞാന്‍ അവള്‍ക്കു വിട്ടു. അങ്ങനെ സാമാന്യം തരക്കേടില്ലാത്തൊരു ഹോട്ടലില്‍ ചെന്നു മുന്തിയ ഐറ്റംസ് തന്നെ ഓര്‍ഡര്‍ ചെയതു. പണ്ട് ഒരുമിച്ചു പഠിച്ചപ്പോഴുണ്ടായ പല രസകരമായ സംഭവങ്ങളും അവള്‍ വിവരിക്കാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ ഭക്ഷണം മുന്നില്‍ വെച്ചിട്ട് അത് എത്രയും പെട്ടെന്ന് തീര്‍ത്തില്ലെങ്കില്‍ ആകെ ഒരു മനസ്താപം ആണ്.   പക്ഷേ എന്ത് ചെയ്യാനാ, ആര്‍ത്തി control ചെയ്യേണ്ടി വന്നു. ഒന്നും രണ്ടും പറഞ്ഞു ഞങ്ങള്‍ വളരെ പതുക്കെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. അപ്പോഴാണ്‌ അടുത്ത പ്രശ്നം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം പകുതി കഴിച്ചപ്പോഴേക്കും അവള്‍ മതിയാക്കി. എന്തൊരു കഷ്ടമാണ് ദൈവമേ. ഇനി ഞാന്‍ എങ്ങാനും മുഴുവന്‍ കഴിച്ചാല്‍ ഇമേജ് പോകുമോ?? ആകെ അങ്കലാപ്പിലായി. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ഞാനും ഭക്ഷണം പകുതിക്ക് വെച്ചു നിര്‍ത്തി. "നീ കഴിക്കുന്നില്ലേ.. " അവള്‍ ചോദിച്ചു. "ഓ.. ഇപ്പൊ പണ്ടത്തെ പോലെയൊന്നുമല്ല.. ഭക്ഷണം ഒന്നും അധികം കഴിക്കാറില്ല. വളരെ വേദനാപൂര്‍വ്വം ഞാന്‍ മറുപടി നല്‍കി.

ഭക്ഷണമൊക്കെ കഴിഞ്ഞു ഞങ്ങള്‍ വീണ്ടും shopping mall ലേക്ക് പോയി. അവിടെയാണെങ്കില്‍ ജനസാഗരം ആണ്. തൃശൂര്‍ പൂരത്തിന് പോലും ഞാന്‍ ഇത്രയധികം ആളുകളെ കണ്ടിട്ടില്ല. അവിടെ വരാന്തയിലും തിണ്ണയിലും നിലത്തുമൊക്കെയായി ആളുകള്‍ ഇങ്ങനെ വെറുതെ ഇരിക്കുകയാണ്. കഷ്ടം തന്നെ. സൂചി കുത്താന്‍ ഇടമില്ലാത്ത അവിടെ നിന്നും എങ്ങോട്ട് പോകും എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് അവള്‍ പറഞ്ഞത് നമുക്ക് ccd (cafe coffee day ) യില്‍ പോകാം എന്ന്. കൊള്ളാം, നല്ല ഐഡിയ. "a lot can happen over a coffee " എന്നാണല്ലോ അവരുടെ caption . ഇന്നെന്തെന്കിലുമൊക്കെ നടക്കും. മനസ്സില്‍ വീണ്ടും ഒരു ലഡ്ഡു പൊട്ടി. അവിടെ ചെന്നു വായില്‍ കൊള്ളാത്ത പേരുള്ള എന്തോ ഒരു സാധനം ഓര്‍ഡര്‍ ചെയതു. നല്ല തണുത്ത കാപ്പിയില്‍ വീണ്ടും ഒരു നാലഞ്ചു ice cubes ഇട്ടു കൊണ്ട് വന്നു തന്നു. സംത്രിപ്തിയായി. അതും കുടിച്ചോണ്ട് കുറെ മണിക്കൂറുകള്‍ അവിടെ ഇരുന്നു. കുറെയേറെ കഴിഞപ്പോള്‍ , സാധാരണ ഗതിയില്‍ customers നോട്  സീറ്റ്‌ ഒഴിയണം എന്ന് പറയാത്ത ccd സ്റ്റാഫ്‌, "പോകാറായില്ലേ" എന്ന അര്‍ത്ഥത്തില്‍ നോക്കാന്‍ തുടങ്ങി. സംഗതി അലമ്ബാകുന്നതിനു മുന്‍പേ ഞങ്ങള്‍ അവിടെ നിന്നിറങ്ങി. വീണ്ടും shopping mall ലേക്ക്. ബംഗ്ലൂരില്‍ വേറെ സ്ഥലങ്ങള്‍ ഒന്നും തന്നെ ഇല്ലേ എന്ന് ന്യായമായും എനിക്ക് സംശയം തോന്നി. പക്ഷേ ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. കുറെ നേരം ഇരുന്നു സംസാരിച്ചത് കൊണ്ടും, shopping mall ലേക്ക് രണ്ടു മൂന്നു തവണ ഷട്ടില്‍ സര്‍വീസ് അടിച്ചത് കൊണ്ടും ഞങ്ങള്‍ അവിടെ തന്നെ നിന്നു സംസാരിച്ചു.

സംസാരമദ്ധ്യേ ഞാന്‍ വെറുതെ ഒരു formality ക്ക് വേണ്ടി പറഞ്ഞു, "പോകാന്‍ സമയം ആകുമ്പോള്‍ പറയണം.." എന്ന്. അത് കേട്ടതും അവള്‍ പറഞ്ഞു, പോയേക്കാം എന്ന്. ഹോ.. അനവസരത്തില്‍ ഔപചാരികത കാണിക്കാന്‍ തോന്നിയ എന്നെ ഞാന്‍ തന്നെ ശപിച്ചു. പക്ഷേ പറഞ്ഞു പോയില്ലേ, ഇനി ഇപ്പൊ എന്തോന്ന് ചെയ്യാന്‍. mall നു പുറത്തിറങ്ങിയപ്പോള്‍ എന്തോ ജയിലില്‍ നിന്നിറങ്ങിയ പ്രതീതി ആയിരുന്നു അവള്‍ക്കു. ഒട്ടും താമസിയാതെ തന്നെ അവള്‍ യാത്രയും പറഞ്ഞു ഒരു ഓട്ടോയും പിടിച്ചു പോയി. "വൈകുന്നേരം വരെ വെള്ളം കോരിയിട്ടു വൈകീട്ട് കലം ഉടച്ചു" എന്ന അവസ്ഥയിലായി ഞാന്‍. പിന്നെ അവിടെ ചുറ്റി തിരിഞ്ഞു നിന്നിട്ട് വല്യ കാര്യം ഇല്ല എന്ന് മനസിലാക്കിയ ഞാന്‍ റൂമിലേക്ക്‌ തിരിച്ചു പോയി. അന്നൊരു ഞായറാഴ്ച ആയിരുന്നത് കൊണ്ടും പിറ്റേന്ന് വാലന്റൈന്‍സ് ഡേ എന്ന സ്പെഷ്യല്‍ ഒക്കേഷന്‍ ഉള്ളത് കൊണ്ടും അന്ന് മദ്യം ഒഴിവാക്കാന്‍ സാധിക്കില്ലായിരുന്നു. ഞാനും ആത്മ മിത്രവും കൂടി അല്പം സേവ അങ്ങ് നടത്തി. സേവ കഴിഞപ്പോള്‍ ( കുപ്പി കാലി ആയപ്പോള്‍ ) എനിക്ക് രാവിലെ കണ്ടവള്‍ക്ക് ഒരു appli കൊടുക്കണം ( propose ചെയ്യല്‍ ) എന്ന് തോന്നി. മിത്രതോട് ചോദിച്ചു.. "ഞാന്‍ അവള്‍ക്കൊരു appli കൊടുക്കട്ടെ??" "ഒന്ന് പോടാപ്പാ.. അടിച്ചു ഫിറ്റ്‌ ആയെങ്കില്‍ വല്ലയിടത്തും ചുരുണ്ട് കൂടി കിടന്നുറങ്ങാന്‍ നോക്ക്.." ഒരു ദാക്ഷിണ്യവുമില്ലാതെ അവന്‍ മറുപടി പറഞ്ഞു. ഇവനോടൊക്കെ ചോദിക്കാന്‍ പോയ എന്നെ പറഞ്ഞാല്‍ മതിയല്ലോ. ഞാന്‍ ഉടനെ ഫോണ്‍ എടുത്തു മറ്റൊരു സുഹൃത്തിനെ വിളിച്ചു. "ഞാന്‍ അവള്‍ക്കൊരു appli കൊടുക്കുന്നതിനെ കുറിച്ച് നിനക്കെന്താ അഭിപ്രായം??" ഞാന്‍ വളരെ സീരിയസ് ആയി തന്നെ ചോദിച്ചു. " എനിക്ക് തീരെ അഭിപ്രായം ഇല്ല.. നീ അവള്‍ക്കു തീരെ മാച്ച് അല്ല.. കാക്ക കുളിച്ചാല്‍ കൊക്കാകുമോ??" ആ സുഹൃത്ത്‌ വളരെ ശാന്തമായി പ്രതികരിച്ചു. പറഞ്ഞത് ശരി ആയിരുന്നെങ്കിലും ഇങ്ങനെ എടുത്തടിച്ച പോലെ എന്നോട് പറയേണ്ടിയിരുന്നില്ല. ഇതിലും ഭേദം എന്നെ ചെരുപ്പ് ഊരി അടിക്കുന്നതായിരുന്നു. ഞാന്‍ ഫോണ്‍ കട്ട്‌ ചെയതു. മറ്റൊന്നും ആലോചിക്കാതെ, അടിച്ച കെട്ട് ഇറങ്ങുന്നതിനു മുന്‍പ് കിടന്നുറങ്ങാന്‍ തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ എണീറ്റപ്പോള്‍ തലേന്ന് നടന്ന സംഭവങ്ങള്‍ ഓര്‍ത്തു ദേഷ്യം വന്നു, എന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍ അറിയില്ല. അപ്പോഴുണ്ട് എന്റെ ഫോണ്‍ ചിലയ്ക്കുന്നു. പരിചയമില്ലാത്ത നമ്പര്‍ . ഞാന്‍ കോള്‍ എടുത്തു. മറുതലയ്ക്കല്‍ ഒരു കിളി നാദം. " ഈ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുന്നതിനു വിളിക്കൂ..." മൊബൈല്‍ സേവന ദാതാവിന്റെ കോള്‍ ആണ്. പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പേ ഞാന്‍ ഫോണ്‍ കട്ട്‌ ചെയതു. "കോപ്പിലെ ഒരു വാലന്റൈന്‍സ് ഡേ!!!"
"ആരോടാടാ കാലത്തെ ദേഷ്യം??" എന്നാരാഞ്ഞു കൊണ്ട് ആത്മമിത്രം മുറിയിലേക്ക് കേറി വന്നു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ അവന്റെ ഫോണ്‍ ശബ്ദിച്ചു. ഒരു വാലന്റൈന്‍ വിഷ് അവന്‍ കൊടുക്കുന്നത് കേട്ടു . പിന്നെ അടക്കി പിടിച്ചു എന്തൊക്കെയോ സംസാരം. ഫോണ്‍ വെച്ചിട്ട് അവന്‍ എന്നോട് പറഞ്ഞു.. "അളിയാ.. ഞാന്‍ ഇറങ്ങുന്നു.. പിന്നെ നീ ഇന്ന് എന്നെ ഇടയ്ക്കൊന്നും ഫോണ്‍ ചെയ്തെക്കരുത്.. നിന്റെ കാര്യമോ ഗോപി.. ഞാനെങ്കിലും enjoy ചെയ്യട്ടെ.."
അതും പറഞ്ഞു അവന്‍ ഇറങ്ങിയപ്പോള്‍ എന്റെ മനസ്സ് അറിയാതെ മന്ത്രിച്ചു...

" മുതലാളിത്വവും സാമ്രാജ്യത്വവും ഒന്നും തുലഞ്ഞില്ലെങ്കിലും സാരമില്ല, ഈ കമിതാക്കളുടെ ദിനം തുലയട്ടെ!!!"

                                                               ശുഭം