Thursday, December 2, 2010

ഒരു ദുരന്തത്തിന്റെ ബാക്കിപത്രം!!!

 ഡിസംബര്‍ മാസത്തിലെ ഒരു തണുത്ത വെളുപ്പാന്‍ കാലം. മൂടിപ്പുതച്ചു കിടന്നുറങ്ങേണ്ട സമയമായിട്ടും എനിക്കെന്തോ ഉറങ്ങാന്‍ കഴിഞ്ഞില്ല. സമയം നോക്കി. മൂന്നര. അലാറം അടിക്കാന്‍ ഇനിയും രണ്ടു മണിക്കൂര്‍ കൂടി ബാക്കി. ഇന്നത്തെ ദിവസം വളരെ നിര്‍ണായകമാണ്. എന്റെ കാര്യത്തില്‍ ഒരു തീരുമാനം അറിയുന്ന ദിവസം. എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. ഒരൊറ്റ ദിവസം, ശാപം പിടിച്ച ആ ഒരൊറ്റ ദിവസത്തിന്റെ വില ഞാന്‍ ഇന്നും ഒടുക്കി കൊണ്ടിരിക്കുന്നു. ഇതിനൊരവസാനമില്ലേ ഈശ്വരാ!!! ഒരായിരം തവണ മനസ്സിലിട്ടു കൂട്ടിക്കിഴിക്കലുകള്‍ നടത്തിയിട്ടും ഉത്തരം കണ്ടെത്താനാകാതെ പോയ ചോദ്യം. ഒരിക്കല്‍ കൂടി ഞാന്‍ ആ ഓര്‍മകളിലേക്ക് ഊളിയിട്ടിറങ്ങി. നേരം വെളുപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നും എന്റെ മുന്നിലില്ലായിരുന്നു.

2007 ഡിസംബറിലാണ് എല്ലാത്തിന്റെയും തുടക്കം. സംഭവ പശ്ചാത്തലം കുവൈറ്റ്‌ എന്ന അറബിനാടാണ്. മരം കോച്ചുന്ന തണുപ്പടിച്ച് കഴിയുമ്പോള്‍ ഇവിടുത്തെ മലയാളി എന്ജിനിയര്‍മാര്‍ക്ക് ഒരസുഖം തുടങ്ങും. കുട്ടിയും കോലും ഒക്കെ എടുത്തു കൊണ്ട് ഒരു തരം കളി. ക്രിക്കറ്റ്‌ എന്നോ മറ്റോ ആണ് പേര്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഗ്രൗണ്ടില്‍ പിള്ളേര് കളിക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളുടെ തറവാട്ടു സ്വത്തായ മെക്കിനു  സ്വന്തമായി ഒരു കിടിലന്‍ ടീം ഉണ്ടായിരുന്നത് കൊണ്ടും, റോയല്‍ മെക്ക് സ്പിരിറ്റ്‌ തിളച്ചു മറിഞ്ഞു നടന്നത് കൊണ്ടും ഗ്യാലറിയില്‍  ഇരുന്നു നമ്മുടെ ടീമിനെ ചിയര്‍ ചെയ്തിട്ടുണ്ട് ആ കാലങ്ങളില്‍ . ക്രിക്കെറ്റും ഞാനും തമ്മില്‍ ആകെയുള്ള ബന്ധം. കോളേജും കഴിഞ്ഞു നാടും വിട്ടു ഈ അറബിനാട്ടില്‍ എത്തിയപ്പോ ദെ  കിടക്കുന്നു ഇവിടെയും ക്രിക്കറ്റ്‌. ശ്ശെടാ, ഇതിവിടെയുമുണ്ടോ?? പല പല കോളേജുകള്‍ തമ്മില്‍ എല്ലാ വര്‍ഷവും ടൂര്‍ണമെന്റ് ഉണ്ടാകാറുണ്ടത്രേ.  ആ എന്തായാലും പണ്ടത്തെ  പോലെ  ചിയരിംഗ് തുടരാമല്ലോ എന്നോര്‍ത്ത് മനസ്സ് സന്തോഷിച്ചു. ഇടയ്ക്ക് ഒരു ദിവസം നമ്മുടെ സ്വന്തം കോളേജിന്റെ പ്രാക്ടീസ് കാണാന്‍ ഞാനും എന്റെ സുഹൃത്ത്‌ ടെസ്പനും പോയി. ടെസ്പനാണെങ്കില്‍ ടീമില്‍ കയറണം എന്ന് അതിയായ ആഗ്രഹം ആണ്. അവനു കോളേജില്‍ വെച്ചു ബാറ്റ് പിടിച്ചു പരിചയം ഉണ്ടെന്ന് തോന്നുന്നു. പക്ഷേ ഇവിടെ ആരും മൈന്‍ഡ് പോലും ചെയ്യുന്നില്ല. അങ്ങനെ ഞങ്ങള്‍ രണ്ടും ഓരോന്ന് പറഞ്ഞു നില്‍ക്കുമ്പോഴാണ് ദൈവദൂതനെ പോലെ  ഒരാള്‍ വന്നു ചോദിക്കുന്നത് "ക്രിക്കറ്റ്‌ കളിക്കാറില്ലേ" എന്ന്. അതിനുത്തരം നല്‍കിയത് ഞാനാണ്. ടെസ്പനെ ചൂണ്ടി ഞാന്‍ പറഞ്ഞു "ഇവന്‍ ജാതി കളിയാണ്. കോളേജ് ടീമില്‍ വരെ ഉണ്ടായിരുന്നു." സംഗതിയുടെ കിടപ്പ് ഏതാണ്ടൊക്കെ ടെസ്പനും പിടി കിട്ടി. അവനും മോശമാക്കിയില്ല. എന്നെയും പുകഴ്ത്തി വിട്ടു. അടിച്ചു ലോട്ടറി. വായും നോക്കി നിന്ന ഞങ്ങള്‍ രണ്ടു പേരും ടീമില്‍ !!!

പിന്നീട് പ്രാക്ടീസ് സെഷനുകളില്‍ മാരക പെര്‍ഫോമന്‍സ് ആയിരുന്നു ഞങ്ങള്‍ രണ്ടു പേരും. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം എന്റെ ഓവറില്‍ ടെസ്പന്‍ സിക്സ് അടിക്കുന്നു. രണ്ടു ബോളുകള്‍ക്ക്‌ ശേഷം ബൌള്‍ഡ് ആകുന്നു. തിരിച്ചും അത് പോലെ തന്നെ. അങ്ങനെ ഒന്ന് രണ്ടു ദിവസം ഈ നാടകം അരങ്ങേറി. പക്ഷേ ടീമില്‍ ഒരു വക്ര ബുദ്ധിക്കാരനുണ്ട്. ഒരു ഗിരി. ലവന് ഞങ്ങടെ ഈ അട്ജസ്റ്മെന്റില്‍ എന്തോ സംശയം തോന്നി. അത് കൊണ്ട് ഒരു ദിവസം ഞാന്‍ ഓവര്‍ ചെയ്യാന്‍ തുടങ്ങിയപ്പോ ടെസ്പനു പകരം അവന്‍ ബാറ്റ് ചെയ്യാനെത്തി. തമ്പുരാനേ. പണി പാളി. ഏതായാലും മനോ ധൈര്യം കൈവെടിയാതെ ഞാന്‍ ബോള്‍ ചെയ്ത്. കാര്യമായി ഒന്നും തന്നെ സംഭവിച്ചില്ല. ആ ഓവറില്‍ ആകെ വീണത്‌ അഞ്ചു ഫോറുകള്‍ . അതോടെ ഞാന്‍ ടീമില്‍ നിന്നു പുറത്തായി എന്നെനിക്കു ഏതാണ്ട്  ഉറപ്പായി. ടെസ്പനാണെങ്കില്‍ അവന്റെ തനികൊണം കാണിച്ചു. അവന്‍ മറുകണ്ടം ചാടി. എന്നെ ടീമില്‍ എടുത്തത്‌ കൊണ്ട് വലിയ പ്രയോജനം ഇല്ല എന്നും വേറെ കൊള്ളാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ കളിപ്പിക്കുന്നതാണ് നല്ലതെന്നും അവന്‍ വെച്ചു കാച്ചി. "നിന്നെ കാവിലെ പാട്ട് മത്സരത്തിനു കണ്ടോളാടാ ടെസ്പാ." ഞാന്‍ മനസ്സില്‍ മന്ത്രിച്ചു. ദൈവാധീനം കൊണ്ടോ അതോ ആള് തികയാത്തത് കൊണ്ടോ എന്തോ ടൂര്‍ണമെന്റ് തുടങ്ങിയപ്പോ ഫൈനല്‍ ടീമില്‍ ഞാനും ഉണ്ടായിരുന്നു. തല്കാലത്തേക്ക് വാശിയും വിദ്വേഷവും ഒക്കെ മാറ്റി വെച്ചു ഞങ്ങള്‍ പോരാടി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി TEC (Thrissur Engg College ) ഫൈനലില്‍ എത്തി. പക്ഷേ ഫൈനലില്‍ അനിവാര്യമായത് സംഭവിച്ചു. TKM  കോളേജ് ഞങ്ങളെ പാടെ നിലംപരിശാക്കി. ടെസ്പനും ഞാനും വമ്പന്‍ പ്രകടനം ആയിരുന്നു കാഴ്ച വെച്ചത്. അവന്‍ ടക്ക്. ഞാന്‍ ഒരു റണ്‍ . അവനെക്കാള്‍ ഒരു റണ്‍ കൂടുതല്‍ എടുത്തല്ലോ എന്ന്  കരുതി ഞാന്‍ സന്തോഷിച്ചു. ഫൈനലില്‍ തോറ്റെങ്കിലും ടൂര്‍ണമെന്റിലെ  പൊതുവേ തരക്കേടില്ലാത്ത പ്രകടനം കൊണ്ട് ഞാനും ടെസ്പനും ടീമില്‍ സ്ഥാനം നില നിര്‍ത്തി.

2008 ഡിസംബര്‍ . വീണ്ടും ടൂര്‍ണമെന്റ്. ഇത്തവണ കപ്പ്‌ അടിച്ചേ അടങ്ങൂ എന്ന വാശിയില്‍ ആണ് TEC . പുതുതായി ടിന്റുമോനും എത്തിയിട്ടുണ്ട്. അവന്‍ ശെരിക്കും കോളേജ് ടീമില്‍ കളിച്ചിട്ടുണ്ട്. മാത്രവുമല്ല ക്യാപ്ടനും ആയിരുന്നു. ടിന്റുമോന്‍ എത്തി എന്നറിഞ്ഞപ്പോഴേ ടെസ്പന്‍ ചെന്നു കാലില്‍ വീണു. കോളേജ് ടീമില്‍ കളിച്ചിട്ടുണ്ട് എന്ന് പറഞ്ഞാണ് താന്‍ ടീമില്‍ കേറിയതെന്നും ഇനി അത് മാറ്റി പറഞ്ഞാല്‍ തന്നെ ടീമില്‍ നിന്നു പുറത്താക്കുമെന്നും അത് കൊണ്ട് തന്നെ സഹായിക്കണം എന്നും കരഞ്ഞപേക്ഷിച്ചു. ടിന്റുമോന്റെ ഹൃദയം ഒരു പളുങ്ക് പാത്രമായത് കൊണ്ട്  അവന്‍ ടെസ്പനിട്ടു പണി കൊടുത്തില്ല. അങ്ങനെ ടൂര്‍ണമെന്റ് തുടങ്ങി. തകര്‍പ്പന്‍ പ്രകടനവുമായി TEC കുതിപ്പ് തുടര്‍ന്നു. അപ്പോഴാണ്‌ നേരത്തെ പറഞ്ഞ ആ ശാപം പിടിച്ച ദിവസം വരുന്നത്. സെമി ഫൈനല്‍ ദിനം. RMC  ടൂര്‍ണമെന്റ് അടക്കി വാണിരുന്ന KEA ആണ് എതിരാളികള്‍ . പ്രഷര്‍ മാച്ച്. ആദ്യം ബാറ്റ് ചെയ്ത KEA സാമാന്യം തരക്കേടില്ലാത്ത ഒരു score അടിച്ചു. ഫീല്ടിങ്ങിനിടെ ഞങ്ങളുടെ ഓപണിംഗ് ബാറ്സ്മന്‍ ആയ ഗിരിക്ക് പരിക്ക് പറ്റി. ബാറ്റിങ്ങിന് ഇറങ്ങുന്നതിനു മുന്‍പുള്ള ടീം മീറ്റിംഗില്‍ ക്യാപ്ടന്‍ സുരേഷ് എന്നേ നോക്കി പറഞ്ഞു : "തടിയാ ( എന്റെ ഓമനപേര്).. ഗിരിക്ക് പകരം നീയാണ് ബാറ്റിംഗ്." ഈശ്വരാ!! സന്തോഷം കൊണ്ട് മനസ്സ് തുള്ളിച്ചാടി. ടെസ്പനെ ഞാന്‍ ഒന്ന് അഹങ്കാരത്തോടെ നോക്കി. അവന്റെ കണ്ണുകളില്‍ ഒരു നിസ്സഹായാവസ്ഥ ഞാന്‍ കണ്ടു. അങ്ങനെ അഭിമാനത്തോടു കൂടി ക്യാപ്ടന്റെ കൂടെ ബാറ്റ് ചെയ്യാനിറങ്ങി. ആദ്യത്തെ ബോള്‍ സോളിഡ് ടിഫെന്‍സ്. വാട്ട് എ ക്ലാസ്സ്‌ പ്ലെയര്‍ !! സെക്കന്റ്‌ ബോള്‍ വരുന്നു. എന്റെ തലേലെഴുത്ത്  മാറ്റി എഴുതിയ  പന്ത്. "എന്നെ അതിര്‍ത്തി കടത്തൂ, എന്നെ അതിര്‍ത്തി കടത്തൂ" എന്ന് പറഞ്ഞു കൊണ്ട് വളരെ പതുക്കെ ലെഗ് സൈടിലേക്കു വന്ന ആ പന്ത് ഞാന്‍ അതിലും പതുക്കെ ഒന്ന് ഫ്ലിക്ക് ചെയ്യാന്‍ നോക്കി.  പന്ത് ബാറ്റിന്റെ അരികില്‍ തട്ടി ബോളര്‍ക്ക് നേരെ. അദ്ദേഹം അത് സന്തോഷപൂര്‍വ്വം സ്വീകരിച്ചു. RMC ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഡിസ്മിസ്സല്‍ . ഫീല്‍ഡില്‍ പൊട്ടിച്ചിരികള്‍ . വിക്കെറ്റ് കിട്ടിയതിന്റെ സന്തോഷമാണോ അതോ എന്നെ കളിയാക്കിയതാണോ?? ക്യാപ്ടന് നേരെ നോക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായില്ല. ഗ്യാലരിയിലേക്ക്  ഒളി കണ്ണിട്ടു നോക്കിയപ്പോ അവിടെ ടെസ്പന്‍ തുള്ളിചാടുന്നുണ്ടോ എന്ന് സംശയം തോന്നി. പിച്ചില്‍ നിന്നും ഗ്യാലറി  വരെയുള്ള ആ നടപ്പ്. ജീവിതത്തിലെ ഏറ്റവും ദൈര്‍ഖ്യമേറിയ നിമിഷങ്ങള്‍ . എന്നാല്‍ എന്നെ അത്ഭുതപെടുത്തി കൊണ്ട് പരിക്ക് പറ്റിയ ഗിരിയാണ് അടുത്തതായി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്‌. അപ്പോഴാണ്‌ കൊടും ചതിയുടെ ആ കഥ ഞാന്‍ അറിയുന്നത്. KEA ക്കെതിരെ  കളിക്കുമ്പോള്‍ എപ്പോഴും ഫസ്റ്റ് ഓവറില്‍ TEC ന്റെ  ഓപണിംഗ് ബാറ്സ്മന്‍ ഔട്ട്‌ ആകുമത്രേ. പണ്ടേതോ മന്ത്രവാദി നല്‍കിയ ശാപമാണ്. ആ ശാപത്തിന്റെ ഇരയാവുകയായിരുന്നു ഞാന്‍. "എടാ ഗിരി..   ഈ കൊലച്ചതി എന്നോട് വേണ്ടായിരുന്നു. ക്യാപ്ടനും ഇതിന് കൂട്ട് നിന്നല്ലോ." എന്റെ മനസ്സ്  പ്രക്ഷുബ്ധമായി. കൂനിന്മേല്‍ കുരു എന്ന് പറയുന്ന പോലെ അന്ന് ടെസ്പന്‍ തുടരെ തുടരെ മൂന്നു സിക്സുകള്‍ അടിക്കുകയും ചെയ്ത്. നശിച്ച ദിവസം. പക്ഷേ പെട്ടെന്ന് KEA കളിയില്‍ പിടി മുറുക്കി. TEC വീണ്ടും തോല്‍വിയിലേക്ക്. അപ്പോഴാണ്‌ ക്യാപ്ടന്‍ ആ പ്രഖ്യാപനം നടത്തിയത്. TEC ഇത്തവണ കപ്പ്‌ അടിച്ചാല്‍ ടെസേര്ട്ട് ക്യാമ്പില്‍ വെച്ചു വമ്പന്‍ വെള്ളമടി പാര്‍ട്ടി!!! അടുത്തതായി ബാറ്റ് ചെയ്യാന്‍ തയ്യാറായി നിന്നിരുന്ന ക്ലിഫ്  ന്റെ രക്തം ഇത് കേട്ടതോടെ തിളച്ചു. കയ്യില്‍ നിന്നു വഴുതി പോയ മാച്ച് നാല് സിക്സുകളും രണ്ടു ഫോറുകളും അടിച്ചു ക്ലിഫ് തിരിച്ചു പിടിച്ചു. അതാണ്‌ മദ്യത്തിന്റെ ഒരു ഗുണം. അപ്രാപ്യമായത് എന്തും നമുക്ക് നേടിത്തരും. ഇത്തവണയും ഫൈനല്‍ TKM ആയിട്ടായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ഒരു പ്രകടനത്തിലൂടെ TEC TKM  ഇനെ തറ പറ്റിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി TEC  RMC ടൂര്‍ണമെന്റ് ജയിച്ചു. ക്യാപ്ടന്‍ പറഞ്ഞത് പോലെ പാര്‍ടിയും നടന്നു.

എന്നാലും ആ നശിച്ച ദിവസം എന്നെ വിട്ടു പോയില്ല. പിന്നീടുള്ള പ്രാക്ടീസ് സെഷനുകളില്‍ എനിക്ക് ബാറ്റിംഗ് പോലും തരാതെയായി. ടെസ്പന്‍ കുവൈറ്റ്‌ വിട്ടു ഖത്തറില്‍ പോയത് കാരണം എനിക്ക് ടീമില്‍  ഇടം നേടാനായി. കാര്യമായ  കേടുപാടുകളൊന്നും കൂടതെ 2009 RMC ടൂര്‍ണമെന്റും TEC തന്നെ ജയിച്ചു. പക്ഷേ ഇപ്പോഴത്തെ പ്രശ്നം അതൊന്നുമല്ല. ഈ വര്‍ഷം ഞാന്‍ ടീമില്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്ന് ക്യാപ്ടന്‍ ഇടയ്ക്കിടെ സൂചിപ്പിക്കുന്നുണ്ട്. തമാശയ്ക്ക് പറഞ്ഞതായിരിക്കും എന്ന് കരുതി സമാധാനിചിരിക്കുംബോഴാണ് ഔസേപ്പ് മാപ്പിളയുടെ വരവ്. ലവന്‍ പണ്ട് കോളേജില്‍ ഏതോ മദ്യക്കുപ്പിയുടെ പേരിട്ടു കൊണ്ട് ഒരു ടീമിന് വേണ്ടി ഊളത്തരം   കാണിക്കാന്‍ ഇറങ്ങിയതായി അറിയാം. അന്ന് പോലും നേരെ ചൊവ്വേ കളിക്കാത്തവന്‍ ഇപ്പൊ പ്രാക്ടിസിനു അതി ഗംഭീര പ്രകടനം. ഔസേപ്പിന്റെ പ്രകടനം ടീമിന് നന്നേ ബോധിക്കുകയും ചെയ്തു. എന്റെ കാര്യം അവതാളത്തില്‍ . "മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആകുമോ??" ഓരോ കാലന്മാര്‍ കെട്ടി എടുത്തോളും മനുഷ്യന്റെ ഉറക്കം കളയാന്‍. ഉറക്കത്തിന്റെ കാര്യം ചിന്തിച്ചതും അലാറം അടിച്ചു. മണി അഞ്ചര. രാവിലെ ഏഴു മണിക്കാണ് മാച്ച്. ക്യാപ്ടനോട് ചെന്നു അപേക്ഷിക്കാം "പുരുഷു എന്നെ അനുഗ്രഹിക്കണം" എന്ന്. ഏതായാലും ഇന്ന് അഗ്നി പരീക്ഷയാണ്. എന്താകുമെന്നു കണ്ടു തന്നെ അറിയണം. ഗ്രൌണ്ടിലേക്ക് പുറപ്പെടുമ്പോഴും എന്റെ മനസ്സില്‍ ആ ചോദ്യം പെരുമ്പറ മുഴക്കി കൊണ്ടിരുന്നു: "ഞാന്‍ ടീമില്‍ ഉണ്ടാകുമോ?? "


                                                        ശുഭം 

Thursday, October 7, 2010

ഉണ്ടക്കണ്ണി!!!

"ഉണ്ടക്കണ്ണികള്‍ ചതിക്കുമെടാ.." മീശ മുളച്ചു തുടങ്ങിയ പ്രായത്തില്‍ ക്ലാസ്സിലെ ഒരു ഉണ്ടക്കണ്ണിയോട് തോന്നിയ പ്രണയം സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍  അതില്‍ ഒരുത്തന്‍ എനിക്ക് നല്‍കിയ ഉപദേശം ആയിരുന്നു അത്. കഷ്ടം, ബുദ്ധി ഇല്ലാത്തവന്‍ ഇപ്പോഴും ഈ മാതിരി അന്ധ വിശ്വാസവും പേറി നടക്കുകയാണ്. ഉണ്ടക്കണ്ണികള്‍ ചതിക്കുമത്രേ.. ഉണ്ടക്കണ്ണും  ചതിയും തമ്മില്‍ എന്ത് ബന്ധം??  ഉണ്ടക്കണ്ണ്  ഉള്ളവര്‍ മാത്രമാണോ ചതിക്കുന്നത്??   ഉണ്ടക്കണ്ണ് ഇല്ലാത്തവര്‍ ചതിക്കുന്നില്ലേ?? എന്തായാലും എന്റെ ഉണ്ടക്കണ്ണി എന്നെ ചതിക്കില്ല.. അതെനിക്ക് ഉറപ്പാ. ഹാ.. എന്താ ആ കണ്ണുകള്‍ . സൌന്ദര്യം വിളങ്ങി നില്‍ക്കുന്ന ആ മുഖവും കാന്തം തോറ്റു പോകുന്ന ആകര്‍ഷണ ശക്തിയുള്ള ആ കണ്ണുകളും ഓര്‍ക്കുമ്പോള്‍ തന്നെ എവിടെ നിന്നില്ലാതെ അനേകം പ്രണയ ഗാനങ്ങള്‍ ഒഴുകിയെത്തും. അത് കേട്ട് മതി മറന്നങ്ങനെ നില്‍ക്കുമ്പോള്‍ ആ ഉണ്ടക്കണ്ണുകളോടും അതിന്റെ ഉടമസ്ഥയോടും ഉള്ള പ്രണയം പതിന്മടങ്ങ്‌ വര്‍ദ്ധിക്കും. അതൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാത്ത പമ്പര വിഡ്ഢികള്‍ ഇങ്ങനെ ഓരോ പോഴത്തരം വിളിച്ചു പറഞ്ഞു നടക്കും. ഉണ്ടക്കണ്ണികള്‍ ചതിക്കും പോലും.. കപട പ്രണയ വിരോധികള്‍ !!!

ഉണ്ടക്കണ്ണിയോടുള്ള പ്രണയം അതീവ രഹസ്യമായാണ് കൊണ്ട് നടന്നിരുന്നത് (എനിക്കും പിന്നെ ഒരു  പത്തു പന്ത്രണ്ടു സുഹൃത്തുക്കള്‍ക്കും അല്ലാതെ വേറെ ആര്‍ക്കും അറിയില്ല, അത്രയ്ക്കും രഹസ്യം!!!). നാളുകള്‍ കഴിയുന്തോറും ആ ഉണ്ടക്കണ്ണുകളില്‍ നിന്നു ഇടയ്ക്കിടെ ഒളിയമ്പുകള്‍ എന്റെ നേര്‍ക്ക്‌ പായുന്നുണ്ടോ എന്നൊരു സംശയം. എന്റെ കണ്ണുകളില്‍ നിന്നു തൊടുക്കപ്പെട്ട അസ്ത്രങ്ങളുടെ തീക്ഷ്ണതയ്ക്കുള്ള താക്കീതാണോ അതോ  മന്മഥ ശരങ്ങളായിരുന്നോ ആ ഒളിയമ്പുകള്‍ ?? ഒരു പിടിയും കിട്ടിയില്ല. എന്ത് തന്നെ ആയാലും അമ്പൊടുങ്ങാ ആവനാഴിയില്‍ നിന്നും എന്റെ കണ്ണുകള്‍ കൃത്യമായ ഇടവേളകളില്‍  അവള്‍ക്കു നേരെ അസ്ത്രങ്ങള്‍ തൊടുത്തു കൊണ്ടിരുന്നു. നേര്‍ക്ക്‌ നേരെ വരുമ്പോള്‍ ആ ഉണ്ടക്കണ്ണുകള്‍ എന്റെ ആരാധന മൂത്ത കണ്ണുകളെ ഒന്ന് ഗൌനിക്കുക പോലും ചെയ്തില്ല. എങ്കിലും ആ ഉണ്ടക്കണ്ണുകളെ കുറിച്ചുള്ള ഓര്‍മകളെയും ഒഴുകിയെത്തുന്ന  പ്രണയ ഗാനങ്ങളേയും താലോലിച്ചു ഞാന്‍ ജീവിതം തള്ളി നീക്കി.

ദിനംപ്രതി വളര്‍ന്നു വരുന്ന ഉണ്ടക്കണ്ണിയുടെ അവഗണന എന്നെ മറ്റു മിഴികള്‍  തേടി പോകാന്‍ പ്രേരിപ്പിച്ചു. ഏതായാലും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഒരു മാന്‍ മിഴിയാളെ ഉടനെ തന്നെ കണ്ടു കിട്ടി.  എന്റെ നോട്ടമാകുന്ന അസ്ത്രങ്ങളെ ആ മാന്‍ മിഴികള്‍ സസന്തോഷം സ്വീകരിച്ചു. എന്തേ ഇത്ര നാളും എന്നെ നോക്കിയില്ല എന്നാ മിഴികള്‍ പരിഭവം പറയും പോലെ എനിക്ക് തോന്നി. ഹും.. ഉണ്ടക്കണ്ണി പോകുന്നെങ്കില്‍ പോട്ടെ.. മാന്‍ മിഴിയാണ് നല്ലത്. ഞാന്‍ കരുതി. പിന്നീടങ്ങോട്ടുള്ള നാളുകളില്‍ മാന്‍ മിഴികളും എന്റെ കണ്ണുകളും പരസ്പരം  അനേകം കവിതകള്‍  രചിച്ചു. ക്ലാസ്സില്‍ ഉറക്കം എന്റെ കണ്‍ പീലികളെ തഴുകുമ്പോഴെല്ലാം ആ മാന്മിഴികള്‍ എനിക്ക് നേരെ നോക്കി ഒന്ന് ചിമ്മും (ആ ഒരു  ചിമ്മല്‍ കിട്ടാന്‍ വേണ്ടിയാണോ എന്തോ, എന്റെ കണ്ണുകള്‍ നിത്യവും നിദ്രയെ പ്രാപിച്ചിരുന്നു.) കാല ക്രമേണ എനിക്ക് നോക്കാനും എന്നെ നോക്കാനും മാത്രമുള്ളതായി മാറി ആ മാന്മിഴികള്‍ .

വഴി മാറി പോകുന്ന അസ്ത്രങ്ങള്‍ ഉണ്ടക്കണ്ണുകളെ ദുഖത്തിലാഴ്ത്തി എന്ന വസ്തുത ഞാന്‍ അറിഞ്ഞിരുന്നില്ല.  ഒരിക്കലും പിടിതരാതിരുന്ന ആ ഉണ്ടക്കണ്ണുകള്‍ പൊടുന്നനെ ഒരു നാള്‍ എന്റെ കണ്ണുകളുമായി ഉടക്കി. ആദ്യമായി ഉണ്ടക്കണ്ണുകളെ അഭിമുഘീകരിക്കേണ്ടി  വന്നത് കൊണ്ടാകാം, എന്റെ കണ്ണുകള്‍ നിസ്സംഗത പാലിച്ചു. എന്നാല്‍ ആ ഉണ്ടക്കണ്ണുകളില്‍ ഒരായിരം ഭാവങ്ങള്‍ മിന്നി മറഞ്ഞു. അവയില്‍ ക്രോധം ഉണ്ടായിരുന്നു, വ്യസനം ഉണ്ടായിരുന്നു, സഹനം ഉണ്ടായിരുന്നു... എല്ലാത്തിലും ഉപരിയായി  പ്രണയവും... മാന്‍ മിഴികളോടുള്ള എന്റെ ആരാധനയ്ക്ക്  അപ്പോള്‍ അവിടെ വെച്ചു അറുതിയായി  . ആ ഉണ്ടക്കണ്ണുകളുടെ ആകര്‍ഷണ ശക്തിയില്‍ ഞാന്‍ അടിയറവു  പറഞ്ഞു. ശിലയെ പോലും അലിയിക്കാന്‍ കഴിവുള്ള സ്ത്രീശക്തി!!! പിന്നീടങ്ങോട്ട് എന്റെ ദ്രിഷ്ടിയുടെ  ദിശയും സഞ്ചാരവും എല്ലാം ആ ഉണ്ടക്കണ്ണുകളെ ചുറ്റി പറ്റിയായിരുന്നു . മാന്‍ മിഴികള്‍ക്ക് നേരെ ഞാന്‍ തൊടുക്കാന്‍ ശ്രമിച്ച  അസ്ത്രങ്ങളാകട്ടെ പാതി വഴിയില്‍ വെച്ചു ഉണ്ടക്കണ്ണി പിടിച്ചെടുക്കുകയും ചെയതു.  മാന്‍ മിഴിയുമായുള്ള കവിതകള്‍ നഷ്ടപെട്ടതില്‍ ദുഃഖം തോന്നിയെങ്കിലും, ഉണ്ടക്കണ്ണുകള്‍  എന്റേത് മാത്രമായതില്‍ ഞാന്‍ മതിമറന്ന് ആഹ്ലാദിച്ചു.

ക്ലാസുകള്‍ അവസാനിച്ചു. എല്ലാവരും പല വഴിക്ക് പിരിഞ്ഞു. വളരെ അകലെ ആയിരുന്നിട്ടു പോലും ഉണ്ടക്കണ്ണുകളും എന്റെ കണ്ണുകളും എന്നും പരസ്പരം കണ്ടു കൊണ്ടിരുന്നു. ദിവ്യമായ ഒരു അനുഭൂതി. കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു. അനിവാര്യമായത് സംഭവിച്ചു. എന്റെ കണ്ണുകള്‍ക്ക്‌ കാഴ്ച ശക്തി കുറഞ്ഞു കൊണ്ടേയിരുന്നു. ഉണ്ടക്കണ്ണുകള്‍ ആകട്ടെ വര്‍ണ ശബളാബമായ കാഴ്ചകളുടെ പുതിയ ലോകത്തേക്ക് പോകാന്‍ കൊതിച്ചു.  ആ ലോകത്തേക്ക് നയിക്കാന്‍ പോന്ന മനോഹര മിഴികളെ ഏറെ വൈകാതെ തന്നെ ഉണ്ടക്കണ്ണുകള്‍ തേടി പിടിച്ചു. അപ്പോഴേക്കും എന്റെ അന്ധതയും പൂര്‍ണമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം, എന്നെ ആദ്യം ഉപദേശിച്ച സുഹൃത്തിനെ ഞാന്‍ വീണ്ടും കാണാനിടയായി.  സൌഹൃദ സംഭാഷണങ്ങള്‍ക്കൊടുവില്‍  അവന്‍ എന്നോട് ചോദിച്ചു..

"ടാ.. നിന്റെ ഉണ്ടക്കണ്ണി എന്ത് പറയുന്നു??"

"ഉണ്ടക്കണ്ണികള്‍ ചതിക്കുമെടാ.." അതല്ലാതെ മറ്റൊരു ഉത്തരം പറയാന്‍ എനിക്കറിയില്ലായിരുന്നു.


                                                       ശുഭം 

Thursday, September 2, 2010

ഒരു ബര്‍ത്ത്ഡേ പാര്‍ട്ടി!!!

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് എന്ന അഗര്‍ബത്തി പരസ്യ വാചകം പോലെ കള്ളു കുടിക്കാന്‍ എന്തെങ്കിലും കാരണം കിട്ടണേ എന്ന പ്രാര്തനയോടെയാണ്  ഓരോ ദിവസവും തുടങ്ങുന്നത്. (കള്ളു കുടിക്കാന്‍ അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും തന്നെ വേണ്ടെങ്കിലും, എന്തെങ്കിലും പാര്‍ടിയോ  മറ്റോ ഉണ്ടെങ്കില്‍ അതിന്റെ പേരിലാണ് അടിച്ചതെന്ന് സ്വയം ബോധിപ്പിക്കാമല്ലോ!!!). മാസാവസാനം അങ്ങനെ പ്രത്യേകിച്ച് പാര്‍ടികള്‍ ഒന്നും തന്നെ തടയാറില്ല. മാത്രവുമല്ല, ഈയിടെയായി ആരും അങ്ങനെ പാര്‍ട്ടി നടത്താനോട്ടു  തയ്യാറാകുന്നുമില്ല. ഒരുപാട് തവണ ചൂണ്ട കൊളുത്തുകള്‍ എറിഞ്ഞു നോക്കിയെങ്കിലും ആരും കൊത്തുന്നില്ല. ഓസിനു കള്ളടിച്ചു ശീലിച്ചതിന്റെ ഓരോരോ പ്രയാസങ്ങളെ!!! അങ്ങനെ മഴ കാത്തു കഴിയുന്ന വേഴാമ്പലിനെ പോലെ ഒരു പാര്‍ട്ടി വരുന്നതും കാത്തു കഴിയുമ്പോഴാണ്, കാതുകള്‍ക്ക് ഇമ്ബമാര്‍ന്നതും മനസ്സിന് കുളിര്മയെകുന്നതുമായ ആ സന്തോഷ വാര്‍ത്ത അറിഞ്ഞത്. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടി!!! അടുത്തിടെ വിവാഹിതനായ ഒരു സുഹൃത്തിന്റെ വകയാണ് പാര്‍ട്ടി!! വിവാഹാനന്തരം  അദ്ദേഹത്തിന്റെ പത്നിയുടെ ആദ്യ പിറന്നാള്‍. അടിച്ചു ലോട്ടറി. ഹോ.. എല്ലാവരും ഇത് പോലെ പിറന്നാള്‍ ആഘോഷിച്ചിരുന്നെങ്കില്‍. എല്ലാവര്‍ക്കും ഈ വേളയില്‍ അടിയന്‍ ദീര്ഖായുസ്സു നേരുന്നു..


പാര്‍ട്ടി ഒന്ന് കൊഴുപ്പിച്ചെടുക്കാനുള്ള ഉത്തരവാദിത്വം നല്ലവനായ ആ സുഹൃത്ത്‌ ചോരത്തിളപ്പുള്ള  ഞങ്ങള്‍ മൂന്നു നാല് പേരെയാണ് ഏല്‍പ്പിച്ചത്. ആ ഭാരിച്ച ഉത്തരവാദിത്വം ഞങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. വൈകീട്ട് ഏഴരയ്ക്ക് സാമാന്യം നല്ല ഒരു ഹോട്ടലില്‍ വെച്ചാണ് പാര്‍ട്ടി തീരുമാനിച്ചിരുന്നത്.  പക്ഷേ ഒരു അഞ്ചു മണിയോടെ തന്നെ ഞങ്ങള്‍ അവിടെ എത്തി. ഉത്തരവാദിത്വമുള്ള ജോലികള്‍ ഏറ്റെടുക്കുമ്പോഴും പൂര്തീകരിക്കുമ്പോഴും നമ്മള്‍ എപ്പോഴും റിലാക്സ്ഡ്  ആയിരിക്കണം. അത് കൊണ്ടാണ് ഞങ്ങള്‍ നേരത്തെ എത്തിയതും നേരത്തെ തന്നെ റിലാക്സ്ഡ് ആകാന്‍ തുടങ്ങിയതും. ഇടക്കെപ്പോഴോ ഒരു ഗ്ലാസ്‌ നിലത്തു വീണു പൊട്ടിയത് കണ്ടു ഹോട്ടല്‍ ഉടമയുടെ മുഖം കടന്നല്‍ കുത്തിയത് പോലെ ആയി. അത് കൊണ്ടാണോ എന്നറിയില്ല , തൊട്ടു കൂട്ടാന്‍ എന്തെങ്കിലും ഐറ്റംസ് ഉണ്ടോ എന്ന് ചോദിച്ചു ചെന്ന ഞങ്ങളെ അദ്ദേഹം വെറും കയ്യോടെ മടക്കി അയച്ചത്. എന്തായാലും അത്യാവശ്യം റിലാക്സ്ഡ് ആയി കഴിഞ്ഞതിനു ശേഷം ഞങ്ങള്‍ ബലൂണ്‍ വീര്‍പ്പിക്കല്‍, തോരണം കെട്ടല്‍ മുതലായ ചടങ്ങുകളിലേക്ക് കടന്നു.  ദൈവാധീനം കൊണ്ട് സമയത്തിന് മുന്‍പ് തന്നെ ഒരുക്കങ്ങളൊക്കെ ചെയ്ത് തീര്‍ക്കാന്‍ സാധിച്ചു. 


നേരത്തെ പറഞ്ഞത് പോലെ റിലാക്സ്ഡ് ആകാന്‍ താല്പര്യമുണ്ടയിരുന്നവര്‍ പാര്‍ട്ടി തുടങ്ങുന്നതിനു വളരെ മുന്‍പ് തന്നെ എത്തിയിരുന്നു. പാര്‍ട്ടിയുടെ ഔപചാരികതക്ക് മുന്‍പ് ഒരു ഓളത്തിന് വേണ്ടി. അതിഥികള്‍ ഓരോരുത്തരായി എത്തി കൊണ്ടിരുന്നു. അവരെ എല്ലാരേയും ഞങ്ങള്‍ തന്നെ സ്വീകരിച്ചിരുത്തി. പാര്‍ട്ടി നടത്തുന്ന സുഹൃത്തും അദ്ദേഹത്തിന്റെ ഭാര്യയും എത്തിയപ്പോള്‍ ഏതോ ഒരുത്തന്‍ അവരെ സ്വീകരിച്ചു കൊണ്ട് ഹാളിന്റെ  ഒരു മൂലയ്ക്ക് കൊണ്ടിരുത്തി. സ്വീകരിച്ചിരുത്തിയവനുണ്ടോ  അറിയുന്നു ഇവരുടെ വകയാണ് പാര്‍ട്ടി എന്ന്. അവനോടു ആരോ പറഞ്ഞു ഒരു പാര്‍ട്ടി  ഉണ്ട് എന്ന്, കേട്ട പാതി അവന്‍ ഇറങ്ങി പുറപ്പെട്ടു, ആരുടെ പാര്‍ട്ടി ആയാലെന്താ, നമുക്കാഘോഷിക്കണം, അത്രെയേ ഉള്ളൂ. തങ്ങളെ ഒരു മൂലയ്ക്ക് കൊണ്ടിരുത്തിയത്തില്‍ സ്ഥബ്ധനായെങ്കിലും സമചിത്തത കൈവെടിയാതെ നല്ലവനായ ആ സുഹൃത്ത്‌ പെരുമാറി. ആളുകള്‍ വീണ്ടും എത്തി കൊണ്ടിരുന്നു. ഒരു എട്ടു എട്ടര മണിയോടെ പാര്‍ട്ടി ഫുള്‍ സ്വിങ്ങില്‍ ആയി, ഫുള്‍ സ്വിംഗ് എന്ന് പറഞ്ഞാല്‍ ഫുള്‍ സ്വിംഗ്. നടക്കുന്നവരൊക്കെ ചെറുതായി ആടാന്‍ തുടങ്ങി. കുടുംബസമേതം എത്തിയവരാകട്ടെ ഭാര്യമാര്‍ അറിയാതെ ഒരെണ്ണം അകത്താക്കുന്നു, പിന്നെ ഭാര്യയുടെ സമ്മതത്തോടെ വേറെയും.. ബുദ്ധിരാക്ഷസന്മാര്‍!!! 


ഇനിയാണ് കേക്ക് മുറിക്കല്‍ ചടങ്ങ്. പക്ഷേ ആ ഭാഗത്തേക്ക് ഒരാള് പോലും മൈന്‍ഡ് ചെയ്യുന്നില്ല.  കുറെ വൃത്തി കെട്ടവന്മാരും പിന്നെ കുറച്ചു മാന്യന്മാരും അവിടെ മദ്യം വിളമ്പുന്ന മേശയ്ക്കു ചുറ്റുമാണ്. ആരുമാരും എങ്ങോട്ടും പോകുന്നില്ല. ഒരു ഗ്യാപ് കിട്ടിയാല്‍ ചാടി കേറാന്‍ കാത്തു കുറച്ചു പേര്‍ അപ്പുറത്ത് മാറി നില്‍പ്പുണ്ട്. മറ്റു ചിലരാകട്ടെ വന്നത് മുതല്‍ കൊണ്ട് പിടിച്ച ഒഫീഷ്യല്‍  ഡിസ്കഷനില്‍ ആണ്. അന്ന് ആ പാര്‍ട്ടിയുടെ ഇടയില്‍ വെച്ചു ഡിസ്കസ് ചെയ്തില്ലെങ്കില്‍ അവരുടെയൊക്കെ ജോലി തെറിക്കും എന്ന മട്ടിലുള്ള ഭീകരമായ ചര്‍ച്ച. സ്ത്രീജനങ്ങളുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ, അവര്‍ക്ക് സംസാരിക്കാന്‍ വിഷയത്തിനാണോ ക്ഷാമം!!! നല്ലവനായ ആ സുഹൃത്തിന്റെ വിഷമാവസ്ഥ കണ്ടു ഞങ്ങള്‍ മദ്യം വിളമ്പല്‍ അല്‍പ നേരത്തേക്ക് മരവിപ്പിച്ചു. ആ നീക്കത്തിനെതിരെ ചില എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും, ഞങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു. അങ്ങനെ നിവര്‍ത്തിയില്ലാതെ എല്ലാവരും കേക്ക് മുറിക്കല്‍ ചടങ്ങിലേക്ക്  ശ്രദ്ധ തിരിച്ചു. കേയ്ക്കിന്റെ  ആദ്യത്തെ കഷണം മുറിച്ചു തീരുന്നതിനു മുന്‍പ് തന്നെ ചില വിദ്വാന്മാര്‍ മദ്യ മേഖലയിലേക്ക് ഓടി. "ചങ്കരന്‍ വീണ്ടും തെങ്ങിന്റെ മുകളില്‍ തന്നെ." കേക്ക് മുറിക്കല്‍ കഴിഞ്ഞതോടെ ഭക്ഷണം സെര്‍വ് ചെയ്യല്‍ ആരംഭിച്ചു. മദ്യം വേണ്ടാത്തവര്‍ക്കും  മദ്യം കിട്ടാത്തവര്‍ക്കും വേണമല്ലോ  എന്തെങ്കിലുമൊക്കെ എന്റെര്ടയ്ന്മേന്റ്റ്. 


ഇതിനിടയില്‍ നമ്മുടെ കടന്നല് കുത്തിയ ഹോട്ടല്‍ ഉടമ ഒരു വലിയ ഗ്ലാസ്സുമായി ഞങ്ങളെ സമീപ്പിച്ചു. കിച്ചെനിലേക്ക് അല്പം സാധനം കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്നറിയിച്ചു. കുറച്ചു ബോധം ഉണ്ടായിരുന്നെങ്കില്‍ നേരത്തെ ടച്ചിങ്ങ്സ് തരാതിരുന്നതിന് പകരം വീട്ടാമായിരുന്നു. പക്ഷേ മദ്യം കുറച്ചധികം അകത്തു ചെന്നു കഴിഞ്ഞാല്‍ പിന്നെ ദേഷ്യവും പകയും ഒന്നുമില്ല. എല്ലാര്‍ക്കും എല്ലാരോടും സ്നേഹമാണ്. പണ്ട് മാവേലി നാട് ഭരിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്നത് പോലെ.  ഒട്ടും തന്നെ താമസിച്ചില്ല, അദ്ദേഹം കൊണ്ട് വന്ന ഗ്ലാസ്സിലേക്ക്‌  ഞങ്ങള്‍ മദ്യം പകര്‍ന്നു. സാധാരണ അളവായപ്പോ ഒഴിപ്പ് നിര്‍ത്തി.  അപ്പൊ അദ്ദേഹം പറഞ്ഞു.. "കുറച്ചു.. കുറച്ചു.. കുറച്ചും കൂടി മതി.. കുറച്ചും കൂടി മതിയല്ലോ.." ഇന്നസെന്റിനെ ആണ് അപ്പോള്‍ ഓര്‍മ വന്നത്. ഈ പ്രക്രിയ ഒരു മൂന്നു നാല് തവണ തുടര്‍ന്നു. കിച്ചെനിലേക്ക് കിച്ചെനിലേക്ക് എന്ന് പറഞ്ഞു കൊണ്ട് പോകുന്ന സാധനം കിച്ചെന്‍ വരെ എത്തുന്നില്ല എന്ന് അദ്ദേഹത്തിന്റെ മട്ടും ഭാവവും കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി.  മാത്രവുമല്ല, നേരത്തെ ടച്ചിങ്ങ്സ് തരാത്തതിന്റെ മനസ്താപം കൊണ്ടാണോ എന്നറിയില്ല, അദ്ദേഹം പ്ലേറ്റ് കണക്കിന് ചിക്കെന്‍ ലോലിപോപ്പ്,  ഫിഷ്‌ ഫിന്ഘെഴ്സ്, സമോസ മുതലായ ഐറ്റംസ് കൊണ്ട് നിരത്താനും തുടങ്ങി. പാവം, എന്ത് നല്ല മനുഷ്യന്‍. ഞങ്ങള്‍ വെറുതെ അദ്ധേഹത്തെ തെറ്റിദ്ധരിച്ചു. 


ഭക്ഷണവും സേവയുമൊക്കെ കഴിഞ്ഞു എല്ലാവരും പതുക്കെ വിട പറഞ്ഞു ഇറങ്ങാനൊരുങ്ങി. "ആരും പോകല്ലേ.. ആരും പോകല്ലേ.." ഒരു നിലവിളി. ഈയടുത്തിടെ വിവാഹിതനായ കൊച്ചിക്കാരന്‍ സുഹൃത്തിന്റെ വകയായിരുന്നു അത്.  എല്ലാരും ഒന്ന് പകച്ചു. എല്ലാരുടെയും ശ്രദ്ധ തന്നിലേക്കാണ് എന്നുറപ്പ് വരുത്തിയ ശേഷം അദ്ദേഹം ഇപ്രകാരം അരുളി ചെയ്തു: "വരുന്ന ബുധനാഴ്ച എന്റെ ഭാര്യയുടെ പിറന്നാള്‍ ആണ്. എന്റെ വക പാര്‍ട്ടി ഉണ്ടായിരിക്കും. ഇതേ ഹോട്ടല്‍.. ഇതേ സമയം.. എല്ലാവരും വരണം.." ആ വിളംബരത്തെ ഒരു വന്‍ കരഘോഷത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ ഇത് കെട്ട് ഞെട്ടി.  കാരണം മറ്റൊന്നുമല്ല, ആ ഭവതിയുടെ ഈ വര്‍ഷത്തെ പിറന്നാള്‍ ഇതിനോടകം തന്നെ കഴിഞ്ഞിരുന്നു.  അടുത്ത പെഗ് അടിക്കാന്‍ വന്നപ്പോഴാണ് കൊച്ചിക്കാരന്‍ സുഹൃത്ത്‌ ആ പ്രഖ്യാപനത്തിന്റെ പിന്നിലുള്ള ചേതോ വികാരം ഞങ്ങളോട് വെളിപ്പെടുത്തിയത്.  അതായത് അന്നത്തെ പാര്‍ട്ടി നടത്തിയ സുഹൃത്തിനു കിട്ടിയ സമ്മാനപൊതികളുടെ  എണ്ണവും വലിപ്പവും കണ്ടു അദ്ദേഹത്തിന്റെ കണ്ണ് മഞ്ഞളിച്ചത്രേ.  പിന്നെ തന്റെ കൂര്‍മ ബുദ്ധി ഉപയോഗിച്ച് ചില കൂട്ടി കിഴിക്കലുകള്‍ നടത്തിയപ്പോള്‍, ഇദ്ദേഹത്തിനു തോന്നി പാര്‍ട്ടി നടത്തുന്നതിന്റെ ചിലവിനെകാള്‍ കൂടുതല്‍ അസെറ്റ്സ് ഗിഫ്റ്റുകള്‍ വഴി കിട്ടുമെന്ന്. അത് ബുദ്ധിയാണോ ബുദ്ധി ശൂന്യതയാണോ എന്ന് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് അപ്പൊ സാധിച്ചില്ല. 


ഏതായാലും അരങ്ങൊഴിഞ്ഞു തുടങ്ങി. ഫൈനല്‍ റൌണ്ട് അടിച്ചു കഴിഞ്ഞു എല്ലാവരും വിട പറച്ചിലാണ്. ഇതിന് മുന്‍പ് ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാത്തവര്‍ തമ്മില്‍ കെട്ടി പിടിക്കുന്നു, എണ്ണി പറക്കുന്നു, വിതുമ്പുന്നു.  എന്തൊരു സ്നേഹം.. എന്തൊരു സാഹോദര്യം. മദ്യത്തിനു മാത്രം സാധിക്കുന്ന ഒരു കാര്യം. ആളുകളെ തമ്മില്‍ അടുപ്പിക്കാന്‍ മദ്യത്തിനോളം കഴിവ് ഈ ലോകത്ത് വേറൊന്നിനുമില്ല. കുറെ വര്‍ഷങ്ങള്‍ ഒരുമിച്ചു പഠിച്ചു അവസാനം കോളേജില്‍ നിന്നു പിരിയുമ്പോള്‍ ഉണ്ടാകുന്ന ഒരു അവസ്ഥയായിരുന്നു അവിടെ.  എന്തായാലും അടുത്ത പാര്‍ട്ടി ഉടന്‍ തന്നെ ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍ എല്ലാരും പിരിഞ്ഞു.  എല്ലാരേയും പറഞ്ഞു വിട്ടു, നല്ലവനായ ആ സുഹൃത്തിനും ഭാര്യക്കും നന്ദി പറഞ്ഞു, അടുത്ത ബുധനാഴ്ച കാണാം എന്ന് ഹോട്ടല്‍ ഉടമയോട് പറഞ്ഞു, ഞങ്ങളും ഇറങ്ങി.  "വരണം... വരാതിരിക്കരുത്.." മഹാനായ ആ ഹോട്ടല്‍ ഉടമ ഇടറുന്ന സ്വരത്തില്‍ ഞങ്ങളോട് പറഞ്ഞു.  എന്തായാലും വരുമെന്ന ഉറപ്പിന്മേല്‍ ഞങ്ങള്‍ ഇറങ്ങുമ്പോള്‍ അടുത്ത ബുധനാഴ്ച വരാന്‍ പോകുന്ന പാര്‍ട്ടിയെ കുറിച്ചായിരുന്നു എലാരുടെയും ചിന്ത. 




                                                   ശുഭം

Saturday, August 14, 2010

മേരെ യാര്‍ കി ശാദി !!!

നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനികരം !!! ഹും.. ഓരോരോ നിയമങ്ങളേ!!!


രണ്ടായിരത്തി  പത്തു ഫെബ്രുവരി മാസം മുതല്‍ തുടങ്ങിയതാണ്‌ ജൂണ്‍ ഇരുപത്തി ആറിനു വേണ്ടിയുള്ള കാത്തിരിപ്പ്‌. അന്ന് ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ കല്യാണം ആണ്. "ഞങ്ങള്‍" എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ നാലഞ്ചു ചങ്ങാതിമാര്‍. ദില്‍ ചാഹ്താ ഹേ, മലര്‍വാടി ആര്‍ട്സ് ക്ലബ്‌ മുതലായ സിനിമകളിലെ സൌഹൃദത്തിന്റെ അത്ര വരില്ലെങ്കിലും, അത്യാവശ്യം കൊണ്ടു പിടിച്ച സൌഹൃദം തന്നെ. അതില്‍ ഒരുത്തന്റെ കല്യാണം ആണ് ഇരുപത്തി ആറിന്. ഞങ്ങളുടെ ഈ ചങ്ങാതിക്കൂട്ടത്തിലെ ആദ്യത്തെ കല്യാണം എന്ന പ്രത്യേകതയും ഉണ്ട് ഇതിന്. അത് കൊണ്ട് തന്നെ കല്യാണം ഗംഭീരമായി ആഘോഷിക്കാനുള്ള പ്ലാനിങ്ങും തകൃതിയായി നടന്നു. പല സ്ഥലങ്ങളിലായി ചിന്നി ചിതറി കിടന്നിരുന്ന ഞങ്ങള്‍ എല്ലാരും കല്യാണത്തിനായി നേരത്തെ തന്നെ ലാന്‍ഡ്‌ ചെയ്യുകയും ചെയ്തു.


കേരളത്തിലെ ഏക മെട്രോ നഗരമായ പാലായില്‍ വെച്ചായിരുന്നു കല്യാണം. കല്യാണം എന്ന് പറയുമ്പോ തന്നെ തലേന്നത്തെ "ചടങ്ങുകളെ" കുറിച്ച് എല്ലാവര്‍ക്കും ഒരു ഏകദേശ ധാരണ കാണുമല്ലോ. അതും ഏറ്റവും അടുത്ത സുഹൃത്തിന്റെ കല്യാണം ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ആഘോഷങ്ങള്‍ക്ക് ഒരു ലൈസെന്‍സും കാണില്ല!! കല്യാണ ചെക്കന് ഞങ്ങള്‍ മൂന്നു നാല് പേരെ കൂടാതെ മറ്റൊരു വിശാലമായ സൌഹൃദ വലയവും കൂടി ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എല്ലാവരെയും സത്കരിക്കാനായി നഗരത്തിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലിലെ രണ്ടു മൂന്നു നിലകള്‍ അങ്ങ് ബുക്ക്‌ ചെയ്തു. ഒന്നിനും ഒരു കുറവ് വരരുതല്ലോ. സത്കാരത്തിന് വേണ്ട "സാധന സാമഗ്രികള്‍ " എത്തിക്കേണ്ട ചുമതല ഞങ്ങള്‍ക്കായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് എല്ലാം കൃത്യമായി തന്നെ എത്തിക്കാന്‍ സാധിച്ചു. കൊണ്ട് വന്ന സാധനങ്ങളുടെ "അളവ്" അല്പം കുറവായിരുന്നോ എന്ന് ചെക്കന് സംശയം തോന്നി. പക്ഷേ ഞങ്ങള്‍ക്ക് തീരെ സംശയം ഇല്ലായിരുന്നു. പിന്നെ ഒരു നല്ല കാര്യത്തിനു വേണ്ടി ആയതു കൊണ്ട് അവന്‍ ഞങ്ങളോട് ചോദിക്കാനൊന്നും നിന്നില്ല. അതായിരുന്നു ഞങ്ങളുടെ പ്രതീക്ഷയും. അങ്ങനെ പാലാ വരെ വണ്ടി ഓടിച്ചു വന്നതിന്റെ ക്ഷീണം മാറ്റാന്‍ വേണ്ടി ഞങ്ങള്‍ ചെറുതായി രണ്ടെണ്ണം "ചാര്‍ജ്" ചെയ്തു. കല്യാണ ചെക്കനും ഓഫര്‍ ചെയ്തു ഒരു ചെറുത്‌. ഫോര്മാലിടിക്കു വേണ്ടി  അവന്‍ വേണ്ട എന്നൊക്കെ പറഞ്ഞു. വേണ്ടെങ്കില്‍ വേണ്ട, ഞങ്ങള്‍ അടിചോളാം എന്ന് പറഞ്ഞപ്പോ അവനു മനസിലായി, പണി പാളിയെന്ന്. അങ്ങനെ ആരും അറിയില്ല എന്ന ഉറപ്പിന്മേല്‍ രഹസ്യമായി കക്ഷി രണ്ടെണ്ണം ചാര്‍ജ് ചെയ്തു.


ചെറിയ രീതിയില്‍ ചാര്‍ജിങ്ങും പിന്നെ ഗതകാല സ്മരണകള്‍ അയവിറക്കിയും അങ്ങനെ ഇരിക്കുമ്പോഴാണ് ചെക്കന്റെ വിശാല വലയത്തില്‍ പെട്ട സുഹൃത്തുക്കള്‍ എത്തുന്നത്‌. സ്വാഭാവികമായും ചെക്കന്‍ അവരെ സ്വീകരിക്കാന്‍ ചെന്നു. എന്നാല്‍ ചെക്കനെ ഒന്ന് കണ്ടു എന്ന് വരുത്തി എല്ലാരും റൂമിലേക്ക്‌ ഓടി വരികയായിരുന്നു. എന്തിനാ?? ചാര്‍ജ് ചെയ്യാന്‍!!
 "ഈശ്വരാ!! സാധനം തികയാതെ വരുമോ??" ഞങ്ങടെ നെഞ്ച് ഒന്ന് കാളി. ഒരു ലഹള ഒഴിവാക്കാനായി സാധനം കൃത്യമായി പങ്കു വെക്കാന്‍ ഇരു മുന്നണികളും തമ്മില്‍ ധാരണയായി.  ചെക്കന്റെ മധ്യസ്ഥതയില്‍ സാധനം കൃത്യമായി പങ്കു  വെച്ചു. ഭരണ പക്ഷവും പ്രതിപക്ഷവും ഒരു പോലെ ഹാപ്പി.  അങ്ങനെ ആദ്യ റൌണ്ട് ചാര്‍ജിംഗ് കഴിഞ്ഞ് എല്ലാരും കൂടി ചെക്കന്റെ വീട്ടിലേക്കു യാത്രയായി. വീട്ടില്‍ എത്തിയപ്പോഴേക്കും ചെക്കന്റെ മട്ടു മാറി. കല്യാണം പ്രമാണിച്ച് വാങ്ങിയ പുതിയ കട്ടില്‍, മേശ, കസേര, അലമാര തുടങ്ങിയ സാധനങ്ങളൊക്കെ ഒരു വല്ലാത്ത വ്യഗ്രതയോടെ അവന്‍ എല്ലാരേയും കാണിച്ചു. നാഗവല്ലിയുടെ ആഭരണങ്ങള്‍ ആവേശത്തോടെ ലാലേട്ടനെ കാണിക്കുന്ന ശോഭനയെ പോലെ. ന്യൂറോസിസില്‍ തുടങ്ങി സൈകൊസിസില്‍ എത്തിയേക്കുമെന്ന അവസ്ഥ ആയപ്പോള്‍ ഒരു ചങ്ങാതി ചെക്കനെ ഉറക്കെ പേരെടുത്തു വിളിച്ചു.  അതോടെ സ്ഥിതി ശാന്തം. ചെക്കന്റെ വീട്ടുകാരുമായി കുശലാന്വേഷണം ഒക്കെ കഴിഞ്ഞു എല്ലാരും ചേര്‍ന്ന് പറമ്പ് കാണാനിറങ്ങി. പറമ്പില്‍ കൂടി ഒരു നീര്‍ച്ചാല്‍ ഒഴുകുന്നുണ്ട്. അത് മീനച്ചിലാറിന്റെ ഒരു ശാഖയാണ്‌ എന്നും തന്റെ പറമ്പിനു വേണ്ടി പ്രത്യേകം തിരിച്ചു വിട്ടതാണ് എന്നും  ചെക്കന്‍ വിശാല സഖ്യത്തില്‍ പെട്ട സുഹൃത്തുക്കളെ പറഞ്ഞു ധരിപ്പിച്ചു. അത് കേട്ട് എല്ലാവരും അത്ഭുതം കൊണ്ട് വാ പൊളിച്ചു.


ഇത്തരം "എക്സ്ക്ലുസിവ്" ആയ വിവരങ്ങള്‍ കൈമാറി കൊണ്ടിരിക്കുമ്പോഴാണ് വെള്ളിടി വെട്ടു പോലെ ആ വാര്‍ത്ത വന്നത്... പിറ്റേന്ന്, അതായത് കല്യാണ ദിവസം, ഹര്‍ത്താല്‍!!! "ദൈവമേ.. ചതിച്ചോ!!!" ചെക്കന്‍ നെഞ്ചത്ത് കൈ വെച്ചു. കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചതിനു വിപ്ലവകാരികള്‍ നടത്തുന്ന പ്രതിഷേധം. "ഇവന്മാര്‍കൊക്കെ നാളെ തന്നെയേ കിട്ടിയുള്ലോ പ്രതിഷേധിക്കാന്‍.." ന്യായമായും എല്ലാരുടെയും മനസ്സിലുയര്‍ന്ന ഒരു ചോദ്യം. പക്ഷേ പ്രതിഷേധിക്കുന്നവര്‍ക്ക് അറിയില്ലല്ലോ നാളെ ആരുടെയൊക്കെ കല്യാണം ഉണ്ടെന്ന്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ആളുകള്‍ ഹര്‍ത്താലിനെ മൈന്‍ഡ് പോലും ചെയ്യില്ല എന്ന് വിശാല സഖ്യത്തില്‍ പെട്ട രോഷാകുലരായ ചില സുഹൃത്തുക്കള്‍ അറിയിച്ചു. ഒരു "പബ്ലിക്‌ ഹോളിഡെ" കല്യാണം മൂലം നഷ്ടപെട്ടതിന്റെ നിരാശയിലായിരുന്നു മറ്റു ചിലര്‍. എന്തായാലും വല്യ ചെയ്ത്തായി പോയി.  ആ നടുക്കുന്ന വാര്‍ത്തയുടെ ആഘാതത്തില്‍ നിന്നു മുക്തി നേടാന്‍ സാധിക്കാത്തത് കൊണ്ട് ഞങ്ങള്‍ ചങ്ങാതിമാര്‍ ചെക്കനോട് യാത്ര പോലും പറയാതെ തിരികെ റൂമിലേക്ക്‌ പോയി. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിക്കുന്നവരോട് പ്രതിഷേധിച്ചു ഞങ്ങള്‍ വീണ്ടും വീണ്ടും ഇന്ധനം ചാര്‍ജ് ചെയ്തു. 


ഹര്‍ത്താല്‍  വാര്‍ത്ത പരന്നതോടെ ബന്ധുമിത്രാദികളില്‍  പലരും തലേന്ന് തന്നെ പാലായ്ക്കു തിരിച്ചു. അക്കൂട്ടത്തില്‍ ഞങ്ങടെ ഒരു ചങ്ങാതിയും പെടും. പാവം, രാത്രിക്ക് രാത്രി ബസ്സില്‍  അള്ളി പിടിച്ചും തൂങ്ങി നിന്നും ഒരു കണക്കിനാണ് പാല വരെ എത്തിയത്. അദ്ദേഹം എത്തിയപ്പോഴേക്കും റൂമില്‍ "പ്രതിഷേധം" ശക്തമായി കഴിഞ്ഞിരുന്നു. ജന്മനാ പ്രതിഷേധം ഇഷ്ടമല്ലാത്തത്‌ കൊണ്ട് അദ്ദേഹം നിസ്സഹായനും നിശ്ശബ്ദനുമായി അവിടെ തന്നെയിരുന്നു. വില വര്‍ധിപ്പിക്കാനായി ഒരു തുള്ളി ഇന്ധനം പോലും ബാക്കി ഇല്ല എന്ന് ഉറപ്പു വരുത്തിയത് കൊണ്ടും, പിറ്റേന്ന് ഒരു ചടങ്ങില്‍ പങ്കെടുക്കണം എന്ന ചിന്ത ഉപബോധ മനസ്സില്‍ എവിടെയോ കിടന്നത് കൊണ്ടും, ഞങ്ങള്‍ ഉറങ്ങാന്‍ തീരുമാനിച്ചു. പക്ഷേ ഉറങ്ങാന്‍ കിടന്നപ്പോഴും ഒരു ചങ്ങാതി പ്രതിഷേധം കൈവിട്ടില്ല. രാത്രി ദൂരയാത്ര കഴിഞ്ഞു ക്ഷീണിച്ചു അവശനായി വന്ന പ്രതിഷേധിക്കാത്ത ചങ്ങാതിയുടെ ദേഹത്തേക്ക് അദ്ദേഹം അതി ശക്തമായ ഒരു "കൊടുവാള്‍ പ്രതിഷേധം" തന്നെ അങ്ങ് നടത്തി. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. വാള്‍ ഏറ്റു വാങ്ങിയ ചങ്ങാതിയുടെ അവസ്ഥ കണ്ടപ്പോള്‍ ആ പല്ലവി അന്വര്തമായി എന്ന് തോന്നി.  സംഭവം അറിഞ്ഞു ഉറക്കമുണര്‍ന്ന മറ്റൊരു  ചങ്ങാതി വാളുകാരനോട് ചോദിച്ചു : "നീയെന്തു പണിയാടാ ഈ കാണിച്ചേ? " അത് കേട്ടിട്ടാണെന്ന് തോന്നുന്നു അദ്ദേഹം ഒരെണ്ണം കൂടി സമര്‍പ്പിച്ചു, എന്നിട്ട് പറഞ്ഞു- "ദിസ്‌ ടൈം ഫോര്‍ ആഫ്രിക്കാ". ആ രാത്രി ഒരു കാള രാത്രി  ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.


ഒരു കണക്കിന് നേരം വെളുപ്പിച്ചു. ഹര്‍ത്താല്‍ ചൂട് പിടിക്കുന്നതിനു മുന്‍പേ കുളിച്ചൊരുങ്ങി പള്ളിയിലേക്ക് വെച്ചു പിടിച്ചു. വെറുതെ എന്തിനാ തടി കേടാക്കുന്നെ. അല്‍പ സമയം കഴിഞ്ഞപ്പോള്‍ "വിവാഹ" പോസ്റ്റര്‍ പതിപ്പിച്ചു കൊണ്ട് ഏതാനും വാഹനങ്ങളും എത്തി. ചെക്കനും പെണ്ണും ബന്ധുമിത്രാദികളും എല്ലാം സുരക്ഷിതര്‍. ദൈവം കാത്തു!! വിവാഹ ചടങ്ങുകളെല്ലാം ഭംഗിയായി നടന്നു. തലേന്ന് ശക്തമായ വാള്‍ പ്രതിഷേധം നടത്തിയ ചങ്ങാതി ആകട്ടെ ഒന്നിനും വയ്യാതെ നനഞ്ഞ കോഴിയെ പോലെ ഒരു മൂലയ്ക്കിരുന്നു. പ്രതീക്ഷിച്ചത്ര ആളുകള്‍ക്ക് എത്തി ചേരാന്‍ കഴിയാതെ പോയത് കൊണ്ട് തയ്യാറാക്കി വെച്ചിരുന്ന ഭക്ഷണം അധികമാകും എന്നുറപ്പായി.  ഇടക്കെപ്പോഴോ ഞങ്ങളെ കണ്ടപ്പോള്‍ ചെക്കന്റെ അച്ഛന്‍ നിസ്സഹായനായി പറഞ്ഞു: " രണ്ടു മൂന്നു തവണയെങ്കിലും ഭക്ഷണം കഴിച്ചിട്ടേ പോകാവൂ.."  അതിനു മറുപടി പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.. "അത് പിന്നെ പ്രത്യേകിച്ച് പറയാനുണ്ടോ.. അക്കാര്യം ഞങ്ങള്‍ ഏറ്റു.."    അദ്ദേഹവും ഹാപ്പി, ഞങ്ങളും ഹാപ്പി. രണ്ടാമത് ഫുഡ്‌ അടിക്കാന്‍ കേറിയപ്പോള്‍ ഞങ്ങളുടെ മുഖത്ത് ഒരു ചമ്മല്‍ ഉണ്ടായിരുന്നു. ആ ചമ്മല്‍ പക്ഷേ അവിടെ ഉണ്ടായിരുന്ന പലരുടെയും മുഖത്ത് പ്രതിഫലിച്ചു കണ്ടപ്പോള്‍ ആശ്വാസമായി. 


അങ്ങനെ ഞങ്ങളാല്‍ കഴിയുന്ന സഹായമൊക്കെ ചെയ്ത്, ചെക്കന്റെയും പെണ്ണിന്റെയും കൂടെ നിന്നു ഫോട്ടോ ഒക്കെ എടുത്തു ഞങ്ങള്‍ യാത്ര പറഞ്ഞു റൂമിലേക്ക്‌ തിരിച്ചു. ഹര്‍ത്താല്‍ കെട്ടടങ്ങി എന്നുറപ്പ് വരുത്തിയതിനു ശേഷം മടക്ക യാത്ര ആരംഭിച്ചു. അടുത്തത് ആരുടെ കല്യാണം ആയിരിക്കും എന്ന ചൂട് പിടിച്ച ചര്‍ച്ച ആ യാത്രയ്ക്ക് കൊഴുപ്പേകി.  "ആരുടെ കല്യാണം ആയാലും വേണ്ടില്ല..  ഏതു ഹര്‍ത്താല്‍ ആയാലും വേണ്ടില്ല... ഇനി കല്യാണത്തിന്റെ തലേ ദിവസം പോകുന്ന ഏര്‍പ്പാടില്ല.." തലേന്ന് രാത്രി പ്രതിഷേധ വാള്‍ ഏറ്റു വാങ്ങിയ ചങ്ങാതിയുടെ വകയായിരുന്നു ആ ഘോര പ്രഖ്യാപനം. അത് കേട്ടിട്ടും ഒരു തരിമ്പു പോലും പ്രതിഷേധിക്കാനകാതെ വാള് വെച്ച ചങ്ങാതിയും പിന്നെ ഞങ്ങളും ആ യാത്ര തുടര്‍ന്നു..


                                                     ശുഭം 

Monday, August 2, 2010

സവാരി ഗിരി ഗിരി!!!

തലവാചകം കാണുമ്പോള്‍ അടിയന്‍ ഒരു മോഹന്‍ലാല്‍ ആരാധകന്‍ ആണെന്ന് തോന്നിയേക്കാം. ഒട്ടും തന്നെ സംശയം വേണ്ട, അടിയന്‍ ഒരു കടുത്ത ലാലേട്ടന്‍ ഫാന്‍ തന്നെ. പക്ഷേ ഈ സവാരി ഗിരി ഗിരി ലാലേട്ടനെ കുറിച്ചുള്ളതല്ല, മറിച്ച്, അടിയന്‍റെ സുഹൃത്ത്‌ ഗിരിയെ കുറിച്ചാണ്. തൃശ്ശൂരിന്റെ മരതക മാണിക്യമായ ഗിരി. ഇഷ്ടന്‍ ഈയിടെയായി ത്രിശങ്കു സ്വര്‍ഗത്തിലാണ്, കാരണം മറ്റൊന്നുമല്ല, ഇദ്ദേഹത്തിന്റെ വിവാഹദിനം ഇങ്ങടുത്തു. ജനിച്ച നാള്‍ തൊട്ടു ഈയൊരു ദിവസത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്. പരമമായ ലക്‌ഷ്യം സാക്ഷാത്കരിക്കാന്‍ പോകുന്നതിന്റെ ഒരു ത്രില്‍!! 


ഒരു നാല് മാസം മുന്‍പ് വരെ ക്രിക്കറ്റ്‌ കളി, സിനിമ കാണല്‍, പിന്നെ പലപ്പോഴും, ക്ഷമിക്കണം, വല്ലപ്പോഴുമുള്ള മദ്യപാനം, ഇതൊക്കെയായിരുന്നു ജീവിതം. ഒപ്പം പഠിച്ചവന്മാരുടെയും കൂടെ ജോലി ചെയ്യുന്നവരുടെയുമൊക്കെ പഞ്ചാരയടിയും കല്യാണവും കണ്ടു  നടന്നപ്പോള്‍ ഇഷ്ടന്റെ ഹൃദയം ഒരുപാട് തവണ  തുടിച്ചിട്ടുണ്ട്‌, ഓര്‍ക്കുട്ടിലും ഫേസ് ബുകിലുമൊക്കെ  തന്റെ സ്റ്റാറ്റസ് ഒന്ന് "committed " അല്ലെങ്കില്‍ "married " ആക്കാന്‍ പറ്റിയിരുന്നെങ്കിലെന്നു.  ജോലി ചെയ്യുന്നത് അറബിനാട്ടിലായത് കൊണ്ട് ആ ത്വരയ്ക്ക് ആക്കം കൂടുകയും ചെയ്തു. ഒരിക്കല്‍ ഏതോ  സഭയില്‍(കള്ളുകുടിയല്ല!!) കല്യാണം സംസാരവിഷയമായപ്പോള്‍, ഒരു മാരീഡ്  വ്യക്തി അഹങ്കാരികളായ ബാചിലര്സിനോട്  ഇപ്രകാരം അരുളി ചെയ്തു- "കല്യാണം കഴിച്ചാല്‍ നല്ല സുഖാടാ.." ഇത് കൂടി കേട്ട് കഴിഞ്ഞപ്പോള്‍ ഗിരിക്ക് പിന്നെ ഇരിക്കപൊറുതി  ഇല്ലാതായി.  അദ്ദേഹം ഒരു ഉറച്ച പ്രതിഞ്ജയെടുത്തു, കെട്ടിയിട്ടു തന്നെ കാര്യം എന്ന്. പിന്നെ ഒട്ടും താമസിച്ചില്ല, കമ്പനിയില്‍  ഒരു എമര്‍ജന്‍സി ലീവിന് അപ്ലൈ ചെയ്തു ഇഷ്ടന്‍ നാട്ടിലേക്ക് വീമാനം കേറി. 


മഹാനായ ഗിരി വിവാഹ കമ്പോളത്തില്‍ ഇറങ്ങുന്ന വിവരമറിഞ്ഞ്  നാട്ടിലെ കുമാരികള്‍ കുളിര് കോരി.  ബ്രോക്കര്‍മാര്‍   അദ്ധേഹത്തിന്റെ വീടിനു മുന്നില്‍ ക്യൂ നിന്നു. തലങ്ങും വിലങ്ങും നിന്ന് സുന്ദരികളുടെ ഫോട്ടോകള്‍ വന്നു കുമിഞ്ഞു കൂടി. "ഗ്രഹണി പിടിച്ച പിള്ളേര്‍ ചക്ക കൂട്ടാന്‍ കണ്ട" പോലെയായി ഗിരിയുടെ അവസ്ഥ. പക്ഷേ വീട്ടുകാര്‍ കട്ടായം പറഞ്ഞു, ഒന്നിനെയെ കെട്ടാന്‍ പറ്റൂ എന്ന്. ഒരല്പം നിരാശ തോന്നിയെങ്കിലും ഒന്നിനെയെങ്കിലും കെട്ടാമല്ലോ എന്നോര്‍ത്ത് ഗിരി സമാധാനിച്ചു. പിന്നെ ജ്യോത്സ്യന്മാരുടെ ഊഴമായിരുന്നു. ശുക്രനും ഗുളികനുമൊക്കെ കൂട്ടിയും കുറച്ചും പത്തില്‍ എട്ടു പൊരുത്തം ഉള്ള ഒരു ഭവതിയുമായി ഇഷ്ടന്റെ വിവാഹം അങ്ങ് നിശ്ചയിച്ചു.(ഭവതിക്കു മംഗളാശംസകള്‍!!!)  പിന്നീട് ദിവസങ്ങള്‍ ഉന്തി തള്ളി നീക്കിയുള്ള ഒരു കാത്തിരിപ്പായിരുന്നു. നിമിഷങ്ങള്‍ എണ്ണി എണ്ണി കഴിഞ്ഞ കുറെ നാളുകള്‍. ഇപ്പൊ ഇതാ കാത്തിരിപ്പിന് ഏതാണ്ട് വിരാമമായി. 


ഈ സന്തുഷ്ട വേളയിലാണ് കൂടെയുള്ള ചില പഹയന്മാര്‍ "ബാച്ചിലേര്‍സ് പാര്‍ട്ടി" കൊടുക്കണം എന്ന ഡിമാണ്ട് വെച്ചത്. ഓരോ മാരണങ്ങള്‍!! പക്ഷേ താന്‍ കുറെ അധികം ബാച്ചിലേര്‍സ് പാര്‍ട്ടിക്ക് പോയി മൂക്ക് മുട്ടെ കേറ്റിയത് കാരണം  പാര്‍ട്ടി കൊടുക്കാതിരിക്കാനും കഴിയില്ല.  എന്ത് പണ്ടാരമെങ്കിലും ആകട്ടെ, ഗിരി വിചാരിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച പാര്‍ട്ടി അറേഞ്ച് ചെയ്തു. കള്ളു കുടി ഉള്ളത് കാരണം വിവാഹിതരെല്ലാം ഭാര്യമാരെ കൂട്ടാതെ തനി ബാച്ചിലേര്‍സ് ആയി തന്നെ എത്തി. പിന്നെ പാവം ചില യഥാര്‍ത്ഥ ബാച്ചിലേര്‍സും. ഒരു കല്യാണം നടത്തുന്നതിനേക്കാള്‍ ചിലവാണ്‌ ഈ പഹയന്മാര്‍ക്ക് പാര്‍ട്ടി കൊടുക്കുന്നത്. പക്ഷേ വേറെ നിവര്‍ത്തിയില്ല. അങ്ങനെ പാര്‍ട്ടി ആരംഭിച്ചു. വേസ്റ്റ് ഗ്ലാസ്സുകള്‍ നിറയുന്നു, നിറഞ്ഞ ഗ്ലാസ്സുകള്‍ കാലി ആകുന്നു. സഭ കൊഴുത്തപ്പോള്‍  ഓര്‍ഡര്‍ ചെയ്ത ഫുഡിന്റെ അളവും കൂടി. ഹോം ഡെലിവറി എന്ന പ്രതിഭാസം കണ്ടു പിടിച്ചവര്‍ക്ക്  സ്തുതി!! ഇല്ലായിരുന്നെങ്കില്‍ ചുറ്റി പോയേനെ. ഹോം ഡെലിവറിയോടൊപ്പം വന്ന ബില്‍ കണ്ടു ഗിരിയുടെ കണ്ണ് തള്ളി. എന്നാല്‍ ബാക്കി  പഹയന്മാരുണ്ടോ ഇത് വല്ലതും അറിയുന്നു.   അവിടെ ഗ്ലാസുകള്‍ നിറയുന്നു, കാലി ആകുന്നു.


അതെല്ലാം പോട്ടെ എന്ന് വെക്കാം, കള്ളു മൂത്ത് കഴിഞ്ഞപ്പോള്‍ ചില ചേട്ടന്മാര്‍ കല്യാണം കഴിഞ്ഞാലുണ്ടായെക്കാവുന്ന ചില ഭീകരാന്തരീക്ഷത്തെ പറ്റി മാതൃകാ പ്രഭാഷണം നടത്താന്‍ ആരംഭിച്ചു. അത് കേട്ട് ഗിരിക്ക് ചെറിയ ഒരു ഉള്കിടിലമുണ്ടായി. പോരാത്തതിന് ചില ബാച്ചിലര്‍ നരുന്തുകളുടെ വക കളിയാക്കലും. "ഹും.. എന്റെ മദ്യം.. എന്റെ ഫുഡ്‌.. എന്നിട്ട് ഇവന്മാരുടെ വക ആക്ഷേപവും". ഗിരിയുടെ മനസ്സ് പ്രക്ഷുബ്ധമായി. എന്നിരുന്നാലും ഗിരി സംയമനം പാലിച്ചു. ആകെ ഒരു ആശ്വാസം തോന്നിയത് ടിന്റു മോന്‍ വന്നപ്പോഴാണ്. ടിന്റു മോനും ഗിരിയും ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരാണ്. ടിന്റു മോന്‍ രണ്ടു ആഴ്ച മുന്‍പ് കെട്ടി, ഗിരി രണ്ടു ആഴ്ച കഴിഞ്ഞു കെട്ടാന്‍ പോകുന്നു. പുതു മണവാളന്‍  മദ്യം കഴിക്കില്ലല്ലോ  എന്ന് കരുതി ആപ്പിള്‍ ജ്യൂസ്‌ ഓഫര്‍ ചെയ്ത ബാച്ചിലര്‍ നരുന്തിനെ പച്ച തെറി വിളിച്ചു കൊണ്ട് വന്ന വഴിയെ ടിന്റു മോന്‍ ഒരെണ്ണം അകത്താക്കി.  പൊതുവേ മദ്യം കൈ കൊണ്ട് തൊടാത്ത ടിന്റു മോന്റെ ഈ പ്രവര്‍ത്തി  ഗിരിയെ അസ്വസ്ഥനാക്കി. മാത്രമല്ല, അര മണിക്കൂറിനുള്ളില്‍ ഏഴു ഫോണ്‍ കോളുകള്‍ വന്നത് കൊണ്ട് ടിന്റു മോന്‍ ഉടന്‍ തന്നെ സ്ഥലം കാലിയാക്കുകയും ചെയ്തു. കെട്ട് കഴിഞ്ഞ ചേട്ടന്മാര്‍ക്ക്  ടിന്റു മോന്റെ ഈ പ്രവര്‍ത്തിയില്‍ വലിയ പുതുമയൊന്നും തോന്നിയില്ല. "നമ്മളിതൊക്കെ എത്ര കണ്ടിരിക്കുന്നു" എന്ന ഒരു ലൈന്‍ ആയിരുന്നു അവര്‍ക്ക്. ബാച്ചിലര്‍ നരുന്തുകളാകട്ടെ ഇതൊട്ടു കാര്യമാക്കിയതുമില്ല.  അവിടെ ഗ്ലാസ്സുകള്‍ കാലി ആകുന്നു.. വീണ്ടും നിറയുന്നു...


ഭാര്യമാര്‍ അനുവദിച്ച ഡെഡ് ലൈന്‍ അടുത്തപ്പോഴേക്കും ചേട്ടന്മാര്‍ ഓരോരുത്തര്‍ മെല്ലെ സ്കൂട്ട് ആകാന്‍ തുടങ്ങി.  എല്ലാരും ഇറങ്ങുമ്പോള്‍ ഗിരിക്ക് ഒരു "ഓള്‍ ദി ബെസ്റ്റ്" കൊടുക്കുന്നുണ്ടായിരുന്നു.  ആ ഓള്‍ ദി ബെസ്റ്റില്‍ ഒരു സഹതാപ ധ്വനി ഒളിഞ്ഞിരുന്നോ എന്തോ. ഏതായാലും എല്ലാരും ഹാപ്പി ആയി പിരിഞ്ഞു. ഈയുള്ളവനെ ഡ്രോപ്പ് ചെയ്യേണ്ട ചുമതല ഗിരിക്ക് തന്നെ ആയിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഗിരി പതിവിലും നിശബ്ദനായിരുന്നു. ചിന്തകളില്‍ മുഴുകി ഇരുന്നത് കൊണ്ടാണെന്ന് തോന്നുന്നു  രണ്ടു മൂന്നു തവണ  വഴിയും തെറ്റി. ഒടുക്കം ദൈവകൃപ കൊണ്ട് ഇറങ്ങേണ്ട സ്ഥലം എത്തി. ഇറങ്ങുന്നതിനു മുന്‍പ് ഗിരിയുടെ കണ്ണുകളിലേക്കു ഈയുള്ളവന്‍ ശ്രദ്ധിച്ചു. അതില്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ആനന്ദ തിരകളാണോ  അതോ ബാച്ചിലര്‍ ലൈഫ് അവസാനിക്കാന്‍ പോകുന്നതിന്റെ  ദുഃഖ സാഗരമാണോ?? ഗിരിയും  ഈയുള്ളവനും ഒരേ പോലെ കിക്ക് ആയതിനാല്‍ അടിയന് അത് പൂര്‍ണമായി മനസിലാക്കാന്‍  സാധിച്ചില്ല. അങ്ങനെ ബാച്ചിലര്‍ ഗിരിയോടോപ്പമുള്ള എന്റെ അവസാന സവാരിയും കഴിഞ്ഞു കാറില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ഗിരിയോട് പറഞ്ഞു....     " അളിയാ... സവാരി ഗിരി ഗിരി!!!"


                                                                 ശുഭം